തൊടുപുഴ ഡിപ്പോയിൽ ബസുകൾ കുറവ്; എറണാകുളം, വൈക്കം റൂട്ടുകളിൽ യാത്രാദുരിതം
text_fieldsതൊടുപുഴ: നിലവിലുള്ള സർവിസുകൾ കൃത്യമായി ഓടിക്കാൻ ബസുകളില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ നാല് ബസുകൾ സ്പെഷൽ സർവിസിനായി മറ്റു ഡിപ്പോകളിലേക്ക് അയച്ചു. ഇതോടെ എറണാകുളം, വൈക്കം റൂട്ടുകളിലെ യാത്രക്കാർ കൂടുതൽ ദുരിതത്തിലായി.
എറണാകുളം റൂട്ടിൽ നല്ല ലാഭത്തിൽ ഓടിയിരുന്ന ഫാസ്റ്റ് പാസഞ്ചറുകൾ സ്പെഷൽ സർവിസിനായി മാറ്റി ഇപ്പോൾ പകരം നാല് ഓർഡിനറി ബസുകളാണ് ഈ റൂട്ടിൽ ഓടിക്കുന്നത്. അതും കാലപ്പഴക്കംചെന്ന ബസുകൾ. ഇവക്കാകട്ടെ സമയത്ത് ഓടിയെത്താനും കഴിയുന്നില്ലെന്നാണ് പരാതി. നിറയെ യാത്രക്കാരുള്ള എറണാകുളം റൂട്ടിൽ 20 മിനിറ്റ് ഇടവിട്ടാണ് സർവിസുകളുള്ളത്. ഇതിനെല്ലാം നിറയെ യാത്രക്കാരുമുണ്ട്. നല്ല ലാഭത്തിൽ ഓടിയിരുന്ന ഫാസ്റ്റ് ബസുകൾ പിൻവലിച്ച് പകരം ഓർഡിനറി ആക്കിയതോടെ രണ്ട് മണിക്കൂർകൊണ്ട് എത്തിയിരുന്ന ബസ് ഇപ്പോൾ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വൈകിയാണ് എത്തുന്നതെന്നാണ് യാത്രക്കാരുടെ പരാതി. ഈമാസം 16ന് വൈകീട്ട് എറണാകുളത്തുനിന്ന് തൊടുപുഴയിലേക്കുള്ള ബസുകൾ മണിക്കൂറുകളോളം ഇല്ലാതെ വന്നതോടെ ദുരിതത്തിലായ യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചിരുന്നു.
ഒരുകാലത്ത് സ്വകാര്യ ബസുകളുടെ കുത്തകയായിരുന്ന വൈക്കം റൂട്ട് പിടിച്ചെടുത്ത് കെ.എസ്.ആർ.ടിസി മാത്രം ആക്കിയതോടെ യാത്രക്കാരുടെ ദുരിതവും ഇരട്ടിയാകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രണ്ട് ബസുകൾ ഓടാതായത്. വൈക്കം റൂട്ടിലെ യാത്രാദുരിതം സംബന്ധിച്ച പരാതിക്ക് പരിഹാരമില്ലാതെ തുടരുന്നതിനിടെയാണ് ഉള്ള ബസുകൾപോലും ഡിപ്പോക്ക് നഷ്ടമാകുന്ന സ്ഥിതി. ഇതോടെ കെ.എസ്.ആർ.ടി.സി ബസുകളെ മാത്രം ആശ്രയിക്കുന്ന വൈക്കം റൂട്ടിലെ യാത്രക്കാർ പെരുവഴിയിലായി. തൊടുപുഴ ഡിപ്പോയിൽ സർവിസിന് ആവശ്യമായ ബസുകൾ കിട്ടാതായിട്ട് വർഷങ്ങളായി. ആവശ്യത്തിനു ബസുകൾ ഇല്ലാത്തതിനാൽ നേരത്തേ ഇവിടെനിന്ന് ഉണ്ടായിരുന്ന പല ഓർഡിനറി സർവിസുകളും ഓടിക്കാൻ സാധിച്ചിട്ടില്ല.
നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം പുതിയ ബസുകൾ ഒന്നും ഇറക്കാത്തതാണ് കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. മുൻ സർക്കാറുകളുടെ കാലത്ത് ഓരോ വർഷവും മൂന്നുവരെ ബസുകൾ പുതുതായി കിട്ടിയിരുന്നു. പുതുതായി ഇറക്കുന്ന ബസുകൾ ശബരിമല ഉൾപ്പെടെ സ്പെഷൽ സർവിസുകൾക്ക് അയച്ചിട്ട് പിന്നീട് വിവിധ ഡിപ്പോകളിലേക്ക് നൽകുകയായിരുന്നു പതിവ്. എന്നാൽ, ഇപ്പോഴിതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.