തൊടുപുഴ നഗരസഭ ബജറ്റ്: നഗരവികസനത്തിനും ടൂറിസത്തിനും ഊന്നൽ
text_fieldsതൊടുപുഴ: പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടയിലും 2022-23 വര്‍ഷത്തെ തൊടുപുഴ നഗരസഭയുടെ വാര്‍ഷിക ബജറ്റ് വൈസ് ചെയര്‍പേഴ്‌സൻ ജെസി ജോണി അവതരിപ്പിച്ചു. വര്‍ഷാരംഭത്തിലെ മുന്നിരിപ്പ് 1,23,64,000 രൂപയും തന്നാണ്ട് വരവ് 98,14,40,000 രൂപയും ഉള്‍പ്പെടെ 99,38,04,000 രൂപ ആകെ വരവും 98,68,15,200 രൂപ ചെലവും 69,88,800 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
തൊടുപുഴയുടെ ടൂറിസം സാധ്യതകള്‍, ആരോഗ്യരംഗം, വിദ്യാഭ്യാസം, സാംസ്‌കാരികം, ശുചിത്വം, ഭവനരഹിതരില്ലാത്ത നഗരം, അമൃത് പദ്ധതി, ഷെല്‍റ്റര്‍ ഹോം, തൊഴിലുറപ്പ് പദ്ധതി, ഇന്‍സിനറേറ്റര്‍, സ്ത്രീ സൗഹൃദ പദ്ധതി, സട്രീറ്റ് വെന്‍ഡേഴ്‌സ്, വയോവൃദ്ധര്‍, ഭിന്നശേഷിക്കാര്‍ നഗര സൗന്ദര്യവത്കരണം, ഹരിതഭവനം തുടങ്ങിയവക്കാണ് പ്രഥമ പരിഗണനയെന്ന് വൈസ് ചെയര്‍പേഴ്‌സൻ പറഞ്ഞു. ചെയര്‍മാന്‍ സനീഷ് ജോര്‍ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കൃഷിക്കും അനുബന്ധ മേഖലക്കും ഒരു കോടി
കൃഷിയും അനുബന്ധ മേഖലകള്‍ക്കുമായി ഒരുകോടി ബജറ്റിൽ വകയിരുത്തി. മുതലക്കോടം പാടശേഖര സമിതി വക സ്ഥലത്ത് കൃഷി വകുപ്പുമായി സഹകരിച്ച് സംഭരണ, സംസ്‌കരണ, വിതരണകേന്ദ്രം സ്ഥാപിക്കാൻ 10 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചു.
ഉറവപ്പാറ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി
നിര്‍ദിഷ്ട ഉറവപ്പാറ ടൂറിസം പദ്ധതിക്കായി ഒരുകോടി വകയിരുത്തി. ഇടുക്കി ടൂറിസം പാക്കേജുമായി സംയോജിപ്പിച്ചാണ് സമഗ്രമായ പദ്ധതിക്ക് രൂപംനൽകുക. തൊടുപുഴ പാര്‍ക്കില്‍നിന്ന് ഉറവാപ്പറയിലേക്ക് റോപ്പ് വേ, ഉറവപ്പാറയില്‍ നക്ഷത്ര നിരീക്ഷണ കേന്ദ്രം, തൊടുപുഴ-മലങ്കര വരെ ജലയാത്ര സൗകര്യം, സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കണ്‍ഡക്ടഡ് ടൂര്‍, റിവര്‍വ്യൂ റോഡ് സൗന്ദര്യവത്കരണം, വള്ളംകളി ഇവയെല്ലാം ചേരുന്നതാണ് ഉറവപ്പാറ ടൂറിസം പദ്ധതി. തൊടുപുഴയെ ടൂറിസം ഹബ്ബായി മാറ്റും. ഏപ്രിലില്‍ ഇതിന്‍റെ ഡി.പി.ആര്‍ ടൂറിസം വകുപ്പിന് സമര്‍പ്പിക്കും.
ആരോഗ്യരംഗം ശക്തിപ്പെടുത്തും
ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ പാറക്കട് പി.എച്ച്.എസി വികസനത്തിന് സ്ഥലം എടുക്കാന്‍ 50 ലക്ഷം രൂപയും പട്ടയംകവല വലതുകനാല്‍ ഭാഗത്തും വെങ്ങല്ലൂര്‍ ഭാഗത്തും ഹെല്‍ത്ത് സെന്‍റര്‍ സ്ഥാപിക്കാന്‍ രണ്ടുലക്ഷം രൂപയും പഴുക്കാകുളം, പാറക്കടവ്, മലേപ്പറമ്പ് പി.എച്ച്.എസികള്‍ സി.എച്ച്.സികളായി ഉയര്‍ത്താന്‍ 1.25 കോടിയും ബജറ്റില്‍ വകയിരുത്തി.
വിദ്യാഭ്യാസത്തിന് കരുത്തേകും
വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാൻ ജി.വി.എച്ച്.എസ്.എസ് കെട്ടിട നിര്‍മാണത്തിന് കിഫ്ബിയുടെ സഹായത്തോടെ അഞ്ചുകോടി രൂപയും കുട്ടികള്‍ക്ക് അവധിക്കാല നീന്തല്‍ പരിശീലനത്തിനും കളിക്കളം നിര്‍മിക്കാനും നാലുലക്ഷം രൂപയും നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ പ്രീപ്രൈമറി വിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തിന് ഒരുലക്ഷം രൂപയും അംഗന്‍വാടികളുടെ കെട്ടിട നിര്‍മാണത്തിന് കേന്ദ്രസഹായമായി 25 ലക്ഷം രൂപയും സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ് സംവിധാനത്തിന് ഒരുലക്ഷം രൂപയും വകയിരുത്തി.
പ്രധാന വകയിരുത്തലുകൾ
മുനിസിപ്പല്‍ ലൈബ്രറി കെട്ടിട നിര്‍മാണം -അഞ്ചുകോടി
വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കാന്‍ 65 ലക്ഷം
ശാസ്ത്രീയ അറവുശാലകളുടെ നിര്‍മാണത്തിന് ഏഴുകോടി
ഭൂരഹിത -ഭവനരഹിതര്‍ക്ക് ഭവന നിര്‍മാണത്തിനും തുടര്‍നടപടിക്കുമായി 2.60 കോടി
ലൈഫ് പദ്ധതിക്ക് സ്ഥലം കണ്ടെത്താൻ രണ്ടുകോടി
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് 8.61 കോടി
മുനിസിപ്പല്‍ ഓഫിസ് വിപുലമായ സൗകര്യങ്ങളോടെ മാറ്റിസ്ഥാപിക്കാൻ 3.1 കോടി
പാര്‍ക്ക് നവീകരണത്തിന് 30 ലക്ഷം
ഷീ-ലോഡ്ജ് സംവിധാനം നടപ്പാക്കാൻ 20 ലക്ഷം
നഗരസൗന്ദര്യവത്കരണത്തിന് 50 ലക്ഷം
മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്‌സ് പൂര്‍ത്തീകരണം -3.3 കോടി
സ്മിത ഹോസ്പിറ്റലിനു സമീപം പുതിയ ഷോപ്പിങ് കോംപ്ലക്‌സിന് 10 കോടി
കോതായികുന്ന് ബസ് സ്റ്റാൻഡിനുസമീപം ഷോപ്പിങ് കോംപ്ലക്‌സിന് അഞ്ചുകോടി
ഗാന്ധി സ്‌ക്വയര്‍ ഷോപ്പിങ് കോംപ്ലക്‌സിന് 1.1 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.