തൊടുപുഴ നഗരസഭയിൽ ക്വാറം തികഞ്ഞില്ല; ഉപാധ്യക്ഷക്കെതിരായ അവിശ്വാസം തള്ളി
text_fieldsതൊടുപുഴ : യു.ഡി.എഫിൽ കലഹം തീർന്നിട്ടില്ലെന്ന് അടിവരയിട്ട് തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്സണെതിരായ അവിശ്വാസത്തിൽ നിന്ന് മുസ്ലിം ലീഗ് വിട്ടുനിന്നു. എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങളും പങ്കെടുക്കാതിരുന്നതോടെ നഗരസഭ വൈസ് ചെയര്പേഴ്സൻ പ്രഫ. ജെസി ആന്റണിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് ഏഴ് പേർ മാത്രം. അഞ്ച് പേർ കോൺഗ്രസിൽ നിന്നും ഒരു ലീഗ് സ്വതന്ത്രനും ഒരു കേരള കോൺഗ്രസ് പ്രതിനിധിയും മാത്രമാണ് ചർച്ചക്കെത്തിയത്.
ഒരു കോൺഗ്രസ് കൗൺസിലർ വൈകിയെത്തിയതിനാൽ രേഖകളിൽ ഒപ്പുവെക്കാൻ അനുവദിച്ചില്ല. അവിശ്വാസം പാസാകണമെങ്കില്‍ ആകെയുളള 35ല്‍ (ഒരു സീറ്റ് ഒഴിവ്) പകുതിയില്‍ കൂടുതല്‍ പേരുടെ പിന്തുണ വേണം. അതായത് 18 പേർ.
ബി.ജെ.പിയുടെ എട്ട് അംഗങ്ങൾ അവിശ്വാസത്തെ അനുകൂലിച്ചാൽ പോലും ലീഗിന്റെ ആറ് അംഗങ്ങൾ വിട്ടുനിന്നതോടെ അവിശ്വാസം പാസാകില്ലെന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ ദിവസം ചെയർമാനെതിരെ കൊണ്ടുവന്ന അവിശ്വാസത്തെ ബി.ജെ.പി അംഗങ്ങളും ലീഗ് അടക്കം യു.ഡി.എഫും പിന്തുണച്ചിരുന്നു.
ചെയർമാൻ തെരഞ്ഞെടുപ്പിലാകട്ടെ യു.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും എൽ.ഡി.എഫിലെ സബീന ബിഞ്ചുവാണ് വിജയിച്ചത്. സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെ യു.ഡി.എഫ് വിട്ട് ലീഗ് ഒറ്റക്ക് മൽസരിക്കുകയും അവസാന റൗണ്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ ലീഗ് പിന്തുണക്കുകയും ചെയ്തതാണ് ഒമ്പത് പേർ മാത്രം വോട്ടെടുപ്പിൽ ഹാജരായിട്ടും എൽ.ഡി.എഫിന് വിജയം നൽകിയത്. ഒരാൾ മറുകണ്ടം ചാടുകയും മറ്റു രണ്ടുപേർ വിട്ടുനിൽക്കുകയും ചെയ്തതാണ് എൽ.ഡി.എഫിന്റെ അംഗബലം 12ൽ നിന്ന് ഒമ്പതായി കുറച്ചത്. യു.ഡി.എഫ് അന്തച്ഛിദ്രം മൂലം എല്‍.ഡി.എഫിന് നഗരസഭ ചെയര്മാന് പദവി ലഭിച്ചതിന്റെ പേരിലെ ലീഗ്-കോൺഗ്രസ് വാക്പോര് ശമിച്ചെങ്കിലും കോൺഗ്രസുമായി ലീഗ് പഴയനില വീണ്ടെടുക്കാത്തതും ചെയർമാൻ തെരഞ്ഞെടുപ്പിൽ ലീഗിനെ കോൺഗ്രസ് ഒറ്റപ്പെടുത്തിയെന്ന വികാരവുമാണ് വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ ലീഗ് വിട്ടുനിൽക്കുന്നതിൽ കലാശിച്ചത്. കോൺഗ്രസിനൊപ്പം നിൽക്കുമെന്നായിരുന്നു ലീഗ് ജില്ല പ്രസിഡന്റ് കെ.എം.എ ഷുക്കൂർ അറിയിച്ചിരുന്നത്. എന്നാൽ, സ്വന്തം പാർട്ടിയിലെ ഗ്രൂപ്പിസത്തിൽ വലയുന്ന ലീഗിന് ഉറച്ച തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നാണ് സൂചന.
നേരത്തെ ചെയർമാനെ പുറത്താക്കാൻ അവിശ്വാസത്തെ പിന്തുണച്ച ബി.ജെ.പി ഇക്കുറി നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന സൂചനകൾക്കിടയിലാണ് ലീഗിന്റെ പിന്മാറ്റം. ചെയര്മാന് തിരഞ്ഞെടുപ്പില്‍ കൂറുമാറി യു.ഡി.എഫിന് വോട്ട് ചെയ്ത സി.പി.എം കൗണ്‍സിലര്‍ മെര്‍ളി രാജു ഇക്കുറി ഹാജരായില്ല.
ചെയര്മാന് തെരഞ്ഞെടുപ്പില്‍ വിട്ടുനിന്ന എല്‍.ഡി.എഫിലെ ആര്. ഹരിയും ജോസ് മഠത്തിലും എൽ.ഡി.എഫ് അംഗങ്ങൾക്കൊപ്പം ഇക്കുറിയും വിട്ടുനിന്നു. അവിശ്വാസ പ്രമേയം അതിജീവിച്ച കേരള കോൺഗ്രസ് എമ്മിലെ പ്രഫ. ജെസി ആന്റണി 1988ലെ ആദ്യ കൗൺസിൽ മുതൽ ഇതുവരെ ഒരേവാർഡിൽ നിന്നുതന്നെ തോൽവി അറിയാതെ വിജയിച്ച് കൗൺസിലറായ വ്യക്തിയാണ്. മുന്നണി മാറി മൽസരിച്ചപ്പോഴും ജെസി ആന്റണിക്ക് തന്നെയായിരുന്നു വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.