തൊടുപുഴ നഗരസഭ ഉപസമിതി ചർച്ച പ്രഹസനം; ‘കണ്ടാലും മിണ്ടില്ല’ ലീഗും കോൺഗ്രസും
text_fieldsതൊടുപുഴ: നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തകർന്ന ലീഗ്-കോൺഗ്രസ് ബന്ധം, മുറിവുണക്കൽ ശ്രമവും ഒത്തുതീർപ്പും വരെ ഉണ്ടായതിനൊടുവിലും മുറിക്കൂടുന്നില്ല. ജില്ലയിൽ ലീഗും കോൺഗ്രസും തമ്മിലെ പ്രശ്നം പരിഹരിച്ചെന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വം ആവർത്തിക്കുമ്പോഴാണ് പ്രത്യേകിച്ച് നഗരസഭയിൽ ഭിന്നത രൂക്ഷമായി തുടരുന്നത്.
കൗൺസിലിൽ ലീഗ് ഒരു ഭാഗത്തും കോൺഗ്രസും കേരള കോൺഗ്രസും മറ്റൊരു കൂട്ടവും എന്നതാണ് നഗരസഭ തെരഞ്ഞെടുപ്പിന് ശേഷം മൂന്നു മാസമായുള്ള സ്ഥിതി. ലീഗ്-കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ കണ്ടാൽ സംസാരിക്കുക പോലുമില്ലാത്തത്ര വഷളാണ് ഇരുകക്ഷിയും തമ്മിലെ പിണക്കം.
വിജയിക്കാവുന്ന സ്ഥിതി ഉണ്ടായിരിക്കെ ആർക്ക് അധ്യക്ഷ പദവിയെന്നതിൽ ലീഗിനും കോൺഗ്രസിനും ഇടയിൽ ധാരണ ഉണ്ടാകാതിരുന്നതോടെ വെവ്വേറെ മത്സരിച്ചതാണ് ബന്ധം വഷളാകുന്നതിന്റെ തുടക്കം. സൗഹൃദ മത്സരം എന്ന നിലയിൽ തീരുമെന്ന് കരുതിയ ഭിന്നത പക്ഷേ, എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ലീഗ് അംഗങ്ങൾ വോട്ട് ചെയ്തതോടെ കടുത്ത ശത്രുതയിലാണ് കലാശിച്ചത്.
വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായ ലീഗ് തുടർന്നുള്ള വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നിരുന്നെങ്കിൽ പോലും കോൺഗ്രസിന് ചെയർമാൻ പദവിയിൽ വിജയിക്കാമായിരുന്നു. എൽ.ഡി.എഫ് കൗൺസിലർമാരിൽ ഒരാൾ മറുകണ്ടം ചാടുകയും രണ്ടുപേർ വിട്ടുനിൽക്കുകയും ചെയ്തിട്ടും ലീഗ് അംഗങ്ങളുടെ വോട്ടിൽ സി.പി.എമ്മിലെ സബീന ബിഞ്ചു വിജയിക്കുകയായിരുന്നു.
ലീഗിലെ ഗ്രൂപ്പുപോരടക്കം കാരണങ്ങളാലും കോൺഗ്രസ് നിലപാടിലെ വൈരവുമാണ് എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിൽ കലാശിച്ചതെന്നിരിക്കെയും തെരഞ്ഞെടുപ്പിന് പിന്നാലെ നിലപാടിന് വർഗീയനിറം ചാർത്തപ്പെടുന്ന സാഹചര്യം പലഭാഗത്തുനിന്നും ഉണ്ടായി. ഇതിനെ പ്രതിരോധിക്കാൻ ആരുമില്ലെന്ന സ്ഥിതിയിൽ തീർത്തും വെട്ടിലായി ലീഗ്.
യു.ഡി.എഫിന് കിട്ടുമായിരുന്ന ചെയർമാൻ പദവി തകർത്ത ലീഗിനോട് ഇനി ഒരുവിട്ടുവീഴ്ചയും വേണ്ടെന്ന കടുത്ത നിലപാടിലാണ് പ്രദേശിക കോൺഗ്രസ് നേതൃത്വം ഇപ്പോഴും. യു.ഡി.എഫ് സംസ്ഥാന നേതൃത്വം നിയോഗിച്ച ഉപസമിതി ചർച്ച നടത്തി കൈക്കൊണ്ട ഐക്യതീരുമാനം നടപ്പാകാത്തത് ഈ സാഹചര്യത്തിലാണ്. മോൻസ് ജോസഫ് എം.എൽ.എ, നേതാക്കളായ ജോസഫ് വാഴക്കൻ, അഡ്വ. മുഹമ്മദ് ഷാ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ഐക്യചർച്ച നടത്തിയത്.
പ്രശ്നം പരിഹരിച്ചെന്ന് ഇവർ അറിയിക്കുകയും പാർട്ടി ജില്ല നേതൃത്വം ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പ്രശ്നത്തിൽ മൂന്നംഗ സമിതി തങ്ങളോട് വേണ്ട രീതിയിൽ ചർച്ചചെയ്യാതെയാണ് തീരുമാനം എടുത്തതെന്ന നിലപാടാണ് നഗരസഭ ഉൾപ്പെടുന്ന രണ്ട് കോൺഗ്രസ് മണ്ഡലം നേതൃത്വവും.
ഇരുപാർട്ടികയുടെയും കൗൺസിൽ അംഗങ്ങളെ ഒരുമിച്ചിരുത്തി ധാരണ വേണമെന്ന ലീഗ് നിർദേശം പ്രദേശിക കോൺഗ്രസ് നേതാക്കളുടെ നിസ്സഹകരണത്തെ തുടർന്ന് നടപ്പായതുമില്ല. കഴിഞ്ഞ ദിവസം രാജീവ് ഭവനിൽ നടന്ന യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗത്തിൽനിന്ന് തൊടുപുഴയിലെ രണ്ട് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമാർ ഇറങ്ങിപ്പോയതും നഗരസഭയിൽ ഇടതു സ്ഥാനാർഥിയെ സഹായിച്ച ലീഗ് നിലപാടിൽ പ്രതിഷേധിച്ചാണ്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭയിൽ ലീഗില്ലാതെ മത്സരിക്കണമെന്ന വികാരം പോലും കോൺഗ്രസ് കമ്മിറ്റികളിൽ ഉയർന്നിട്ടുണ്ട്.
ലീഗിലെ ഉൾപാർട്ടി പ്രശ്നങ്ങൾ കഴിഞ്ഞ ദിവസങ്ങൾ പരിഹരിച്ച ലീഗാകട്ടെ നഗരസഭയിൽ യു.ഡി.എഫിൽനിന്ന് കൂടുതൽ സീറ്റ് ആവശ്യപ്പെടണമെന്ന വികാരത്തിലാണ്. കോൺഗ്രസുമായി തുടർ സഹകരണത്തിന് വിട്ടുവീഴ്ചാ മനോഭാവം ഉറപ്പുനൽകുന്നതിൽ ലീഗ് നേതൃത്വം പരാജയപ്പെട്ടെന്ന വിലയിരുത്തലാണ് യു.ഡി.എഫ് ഘടകകക്ഷികൾക്ക്. സഹകരിച്ചു പോകുന്നതിനുള്ള മാനസികാവസ്ഥ പ്രവർത്തകരിൽ സൃഷ്ടിക്കുന്നതിൽ ലീഗ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന വിലയിരുത്തലും കോൺഗ്രസ് പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.