തൊടുപുഴ നഗരസഭ; ചെയർമാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; സംഘർഷം
text_fieldsതൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസി. എൻജിനീയറും ഇടനിലക്കാരനും അറസ്റ്റിലായ സംഭവത്തിൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും നടത്തിയ പ്രതിഷേധം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രണ്ടാം പ്രതിയാണ്. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഇതിനിടെ ചെയര്‍മാന്റെ അഭാവത്തില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് പിരിച്ചുവിട്ടു. പ്രതിഷേധം മുന്നില്‍ക്കണ്ട് രാവിലെ ഒമ്പതോടെ തന്നെ പൊലീസ് നഗരസഭ ഓഫിസിന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ചു. കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധം നടത്തിയത്.
ബാരിക്കേഡിന്റെ ഇരുഭാഗത്തുമായി നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗവും മുദ്രാവാക്യം വിളിയുമായി നിലകൊണ്ടു. ഇതുമൂലം ജീവനക്കാർക്ക് ഉള്ളില്‍ കടക്കാനായില്ല. ഒരു മണിക്കൂറിലേറെ സമയം റോഡില്‍ നിന്ന ശേഷമാണ് ജീവനക്കാര്‍ക്ക് അകത്ത് പ്രവേശിക്കാനായത്.
യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കളെത്തിയതോടെ പ്രതിഷേധം ശക്തമായി.
ബാരിക്കേഡിന് ഇരുഭാഗത്ത് കൂടിയും ബലം പ്രയോഗിച്ച് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ ഉന്തുംതള്ളും നടന്നു. ഈ സമയം ബി.ജെ.പി പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. തുടര്‍ന്ന് യു.ഡി.എഫിന്റേയും ബി.ജെ.പിയുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം നടത്തി. പൊലീസ് ഏറെ പണിപ്പെട്ട് ഇത് തടയുകയായിരുന്നു.
ഇതിനിടെ നഗരസഭ ഓഫിസില്‍ നടക്കുന്ന കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കൗൺസിലർമാർ എത്തിയപ്പോൾ അവരെയും പൊലീസ് തടഞ്ഞു.
ഇത് വലിയ വാക്കേറ്റത്തിനിടയാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതിന് ശേഷമാണ് കൗൺസിലർമാർക്ക് നഗരസഭ ഓഫിസിലേക്ക് പ്രവേശിക്കാനായത്.
കൗൺസിൽ യോഗം കൂടാനായില്ല
11 മണിക്ക് ആരംഭിച്ച കൗൺസിൽ യോഗത്തിൽ വൈസ് ചെയർപേഴ്സൻ ജെസി ജോണി അധ്യക്ഷതവഹിച്ചു. യോഗം തുടങ്ങിയപ്പോൾ തന്നെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ചെയർമാൻ്റെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളികളോടെ അദ്ധ്യക്ഷയുടെ ചേംബറിന് ചുറ്റും നിലയുറപ്പിച്ചു. അവരവരുടെ സീറ്റുകളിൽ നിലയുറപ്പിച്ച പ്രതിപക്ഷ കൗൺസിലർമാർ നിശ്ശബ്ദത പാലിച്ചതും ശ്രദ്ധേയമായി. . യോഗം അര മണിക്കൂർ പിന്നിട്ടിട്ടും നടപടികളിലേക്ക് കടക്കാനാകാതെ വന്നതോടെ യോഗം പിരിച്ച് വിട്ടു. ഇതിന് ശേഷം പ്രതിപക്ഷ സംഘടനകൾ യു.ഡി.എഫിന്റെയും ബി.ജെ.പിയുടേയും നേതൃത്വത്തിൽ പ്രകടനമായാണ് നഗരസഭ കൗൺസിൽ ഹാളിന് പുറത്തേക്ക് വന്നത്. തുടർന്ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ചെയർമാന്റെ കോലം കത്തിച്ചു. ഇതേ സമയം യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് നഗരത്തിൽ പ്രകടനം നടത്തി.
യു.ഡി.എഫ് ഉപരോധം
തൊടുപുഴ: ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കി കിട്ടാൻ ഉദ്യോഗസ്ഥൻ ചോദിക്കുന്ന പണം കൊടുക്കാൻ പറയുന്ന ഭരണാധികാരി കേരള ചരിത്രത്തിൽ ആദ്യമാണെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ് അഭിപ്രായപ്പെട്ടു. നഗരസഭ അസി.എൻജിനീയർ അറസ്റ്റിലായപ്പോൾ രണ്ടാം പ്രതിയാക്കപ്പെട്ടയാൾ മുനിസിപ്പൽ ചെയർമാൻ ആണെന്നത് ഈ നാടിനു തന്നെ അപമാനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.യു.ഡി.എഫ് പ്രവർത്തകർ മുനിസിപ്പൽ ഓഫിസിനു മുന്നിൽ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എച്ച്. സജീവ് അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ബാബു, മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പികെ മൂസ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിലാൽ സമദ്, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം നിഷാദ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാക്കളായ ജോസഫ് ജോൺ, കെ. ദീപക്, എം.എ. കരീം, സുധീർ, നിസാമുദീൻ, റഹ്മാൻ ഷാജി, അൽത്താഫ് സുധീർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് യു.ഡി.എഫ് കൗൺസിലർമാരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ നഗരം ചുറ്റി പ്രകടനം നടത്തി ഗാന്ധി സ്ക്വയറിൽ സമാപിച്ചു.
താൻ തെറ്റുകാരനല്ല; രാജിവെക്കില്ല -ചെയർമാൻ
തൊടുപുഴ: താൻ തെറ്റുകാരനല്ലെന്നും രാജി ആവശ്യത്തോട് പ്രതികരിക്കാനില്ലെന്നും ചെയർമാൻ. പ്രതിപക്ഷം വീണുകിട്ടിയ അവസരം ഉപയോഗിക്കുകയാണ്. നാലുവർഷമായി തൊടുപുഴ നഗരസഭയിൽ ആരൊടെങ്കിലും ഞാൻ പണം ആവശ്യപ്പെട്ടു എന്നു തെളിയിച്ചാൽ നാളെ രാജിവെക്കാം. പിടിയിലായ ഉദ്യോഗസ്ഥൻ അഴിമതിക്കാരനാണെന്ന് എല്ലാവർക്കും അറിയാം. ആരോപണം ഉയർന്ന സ്കൂളിന് ഫിറ്റ്നസ് കഴിഞ്ഞ തവണ ഉപാധികളോടെയാണ് നൽകിയത്. ഇത്തവണ സ്കൂളുമായി ബന്ധപ്പെട്ടവർ എത്തിയപ്പോൾ കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ സാമ്പത്തിക ഇടപാട് ഉള്ളയാളാണെന്ന് പറഞ്ഞിരുന്നു. സാമ്പത്തികമായി പലരിൽ നിന്നും ഉദ്യോഗസ്ഥൻ പണം വാങ്ങുന്നുണ്ടെന്നും അങ്ങനെ വല്ലതും കിട്ടുമെങ്കിൽ കൊടുത്തോ ചെയ്തോ എന്ന് സാധാരണ പറയുന്നതുപോലെ പറഞ്ഞതാണ്. അതാണ് ഇതിൽ പ്രതിചേർക്കപ്പെടാൻ കാരണം. താൻ ഈ വിഷയത്തിൽ കുറ്റക്കാരനല്ലെന്നും ചെയർമാൻ പറഞ്ഞു.
നടക്കുന്നത് വൻ അഴിമതി -കേരള കോൺ. (ജേക്കബ്)
തൊടുപുഴ: ചെയർമാനും ചില ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന വൻ അഴിമതികളുടേയും സാമ്പത്തിക ഇടപാടു കളുടേയും വ്യക്തമായ തെളിവാണ് കൈക്കൂലി കേസിൽ എ.ഇ. അറസ്റ്റിലായതോടുകൂടി പുറത്തു വന്നിരിക്കുന്നതെന്ന് കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം കമ്മറ്റി ആരോപിച്ചു. പിന്നിൽ പ്രവർത്തിച്ചവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം കമ്മറ്റി ആവ ശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ഹൈപവർ കമ്മറ്റിയംഗം ഷാഹുൽ പളളത്തുപറമ്പിൽ, ബാബു വർഗ്ഗീസ്, വെങ്കിടാചലം തുടങ്ങിയവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.