തൊടുപുഴ തപാൽ സോർട്ടിങ് ഓഫിസ് ഓർമയിലേക്ക്
text_fieldsതൊടുപുഴ: മലയോര ജില്ലക്കാരുടെ ആശയവിനിമയ രംഗത്ത് ഒരുകാലത്ത് നിർണായക സ്വാധീനമായിരുന്ന തപാൽ സോർട്ടിങ് അടച്ചുപൂട്ടലിന്റെ വക്കിൽ. രാജ്യത്ത് നടപ്പാക്കുന്ന രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ് ഓഫിസുകളുടെ ലയനത്തെ തുടർന്നാണ് തൊടുപുഴ സോർട്ടിങ് ഓഫിസും ഇല്ലാതാവുന്നത്. ലയന നടപടികൾ പൂർത്തിയാകുമ്പോൾ ജില്ലയിലെ ഏക സോർട്ടിങ് ഓഫിസും ഓർമയാകും. ഒപ്പം മറ്റ് 11 ആർ.എം.എസ് ഓഫിസുകളും ഇല്ലാതാകും.
സ്പീഡ് പോസ്റ്റ്, പാർസൽ ഉരുപ്പടികളുടെ തരംതിരിക്കൽ നേരത്തേ തന്നെ തൊടുപുഴയിൽനിന്ന് കൊച്ചിയിലേക്ക് മാറ്റിയിരുന്നു. ഇതുമൂലം ഇപ്പോൾത്തന്നെ ജില്ലയിൽ സ്പീഡ് പോസ്റ്റ്, പാർസൽ ഉരുപ്പടികളുടെ വിതരണത്തിൽ കാലതാമസം നേരിടുന്നുണ്ട്. സധാരണ തപാലും രജിസ്ട്രേഡ് തപാലും തരംതിരിക്കുന്നതുകൂടി മാറ്റി ഓഫിസ് പൂർണമായി അടച്ചുപൂട്ടുന്നതോടെ മൂവാറ്റുപുഴ, തൊടുപുഴ, കുമളി, കട്ടപ്പന, മൂന്നാർ തുടങ്ങി ഇടുക്കി-എറണാകുളം ജില്ലകളിലെ വിവിധ മേഖലകളിൽ തപാൽ വിതരണത്തിന്റെ കാര്യക്ഷമത കുറയും.
ഈ മേഖലകളിൽനിന്നും പുറത്തേക്ക് അയക്കുന്ന തപാലുകളുടെ വിതരണത്തിൽപോലും കാലതാമസമണ്ടാകുമെന്നാണ് തപാൽ വകുപ്പിലുള്ളവർ തന്നെ പറയുന്നത്.
ഡിസംബർ ഏഴോടെ ഉത്തരവ് നടപ്പാക്കാനാണ് തീരുമാനം. ഇതോടെ രാജ്യത്ത് ഇല്ലാതാവുന്ന 216 ആർ.എം.എസ് ഓഫിസുകളോടൊപ്പം തൊടുപുഴ സോർട്ടിങ് ഓഫിസും ഓർമയാകും. 30 വർഷമായി തൊടുപുഴയിൽ പ്രവർത്തിച്ചുവരുന്ന ഓഫിസ് ഇല്ലാതാവുന്നതോടെ രാത്രിയിൽ ഉൾപ്പെടെ ലഭ്യമായിരുന്ന ബുക്കിങ് കൗണ്ടർ സേവനങ്ങളും ജില്ലക്ക് നഷ്ടമാവും.
സ്പീഡ് പോസ്റ്റ് പ്രോസസിങ് സെന്റർ (ഐ.സി.എച്ച്) തൊടുപുഴക്ക് അനുവദിക്കണമെന്നും ഓഫിസ് അടച്ചുപൂട്ടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ജില്ലക്ക് മികച്ച തപാൽ സേവനം ഉറപ്പാക്കാൻ അതാണ് ഏറ്റവും നല്ല മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.