ശുചിത്വ നഗരമാകാൻ തൊടുപുഴ
text_fieldsതൊടുപുഴ: പൊതുയിടങ്ങൾ വൃത്തിയാക്കി ശുചിത്വ നഗരമാകാൻ ഒരുങ്ങി തൊടുപുഴ നഗരസഭ. നഗരസഭയിലെ എല്ലാ വാർഡുകളിലെയും പൊതുയിടങ്ങൾ ഇതിന്റെ ഭാഗമായി രണ്ടാഴ്ച കൂടുമ്പോൾ വൃത്തിയാക്കും. മങ്ങാട്ടുകവലയിലെ ഷോപ്പിങ്ങ് കോംപ്ലക്സ് പരിസരം വൃത്തിയാക്കി വ്യാഴാഴ്ച നഗരസഭാതല ഉദ്ഘാടനം നടന്നു.
നഗരസഭ ചെയർമാൻ സനീഷ് ജോർജ് പൊതുശുചീകരണം ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം സംഘടിപ്പിച്ചത്. വീടും പരിസരവും മറ്റ് സ്ഥാപനങ്ങളും ശുചിയാക്കുന്നതിനോടൊപ്പം നമ്മുടെ പൊതുയിടങ്ങളും വൃത്തിയാക്കിയെങ്കിൽ മാത്രമേ മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയൂവെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.
മാലിന്യം വലിച്ചെറിയൽ, ഓടകളിലേക്ക് മലിനജലം ഒഴുക്കൽ, ഹോട്ടലുകളിലെ പഴകിയ ഭക്ഷണം വിതരണം ചെയ്യൽ തുടങ്ങിയവക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ. കരീം പറഞ്ഞു.
പൊതുശുചീകരണ യജ്ഞത്തിൽ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമസേന, നഗരസഭ ശുചീകരണ തൊഴിലാളികൾ, െറസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, പൊതുജനങ്ങൾ എന്നിവർ ശുചീകരണത്തിൽ പങ്കുചേർന്നു.
ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ. കരീം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ജെസി ജോണി, വാർഡ് കൗൺസിലർമാരായ മുഹമ്മദ് അഫ്സൽ, കെ.ദീപക് എന്നിവർ സംസാരിച്ചു. ഹെത്ത് ഇൻസ്പെക്ടർ ബിജോ മാത്യൂ നന്ദി പറഞ്ഞു.
വാർഡ് കൗൺസിലർമാരായ നിധി മനോജ്, രാജി അജേഷ്, ജിതേഷ്.സി, ടി.എസ്. രാജൻ, നീനു പ്രശാന്ത്, സാബിറ ജലീൽ, ജയലക്ഷ്മി ഗോപൻ, ബിന്ദു പത്മകുമാർ, ഷഹന ജാഫർ, െറസിയ കാസിം എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.