കുരുക്കിൽ കുടുങ്ങി മോർ ജങ്ഷൻ
text_fieldsതൊടുപുഴ: നഗരത്തിൽ മോര് ജങ്ഷനിലെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി വാഹന യാത്രികർ. ഇടുക്കി റോഡ്, മൂപ്പില്‍കടവ് പാലം, കാഞ്ഞിരമറ്റം ബൈപാസ്, തൊടുപുഴ ടൗണ്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ഈ ജങ്ഷൻ. നാലിടത്തുനിന്നും വാഹനങ്ങള്‍ ഒരുമിച്ചെത്തുന്നതോടെ ഇവിടം കുരുക്കില്‍ വീര്‍പ്പുമുട്ടും.
ജങ്ഷനു സമീപമാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്. ബസുകള്‍ സ്റ്റാൻഡിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതോടെ ജങ്ഷനിൽ കുരുക്ക് രൂക്ഷമാകും. ഇവിടെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഇടപെട്ടാണ് വാഹനങ്ങള്‍ ഓരോ ഭാഗത്തേക്കും കടത്തിവിടുന്നത്.
ഇവർക്കും വാഹന നിയന്ത്രണം പിടിപ്പത് പണിയാണ്. ഇടുക്കി റോഡിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ മറ്റു മൂന്നിടങ്ങളില്‍ നിന്നുമുള്ള വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടും. ഇതുമൂലം സമീപത്തെ ആശുപത്രിയിലേക്കും കോട്ടയം, കോലഞ്ചേരി മെഡിക്കല്‍ കോളജുകള്‍, എറണാകുളത്തെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കുള്ള രോഗികളുമായെത്തുന്ന ആംബുലന്‍സുകൾപോലും നിരത്തിൽ കിടക്കേണ്ടിവരുന്നതു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
രാവിലെയും വൈകീട്ടും സ്കൂൾ, കോളജ് വിദ്യാര്‍ഥികൾ ഉള്‍പ്പെടെയുള്ളവരും കുരുക്കിൽപെട്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഗതാഗതകുരുക്കിന് പരിഹാരം കാണാൻ ഒട്ടേറെ നിര്‍ദേശങ്ങൾ ഉയര്‍ന്നെങ്കിലും ഇവയൊന്നും പ്രശ്നം പരിഹരിക്കാൻ ഉതകുന്നവയായില്ല.
അതേസമയം, മേൽപാലം നിര്‍മിച്ചാൽ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാനാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, വീതികുറവും റോഡിന് ഇരുവശവും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമെല്ലാം ഇതിനു തടസ്സമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഒട്ടേറെ ബൈപാസുകളുള്ള തൊടുപുഴ നഗരത്തിൽ ശാസ്ത്രീയമായ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തിയിൽ പ്രധാന ജങ്ഷനുകളിലെ കുരുക്ക് ഇല്ലാതാക്കാം. എന്നാൽ, നടപടിയെടുക്കേണ്ട അധികൃതർ വിഷയം കണ്ടില്ലെന്ന് നടിക്കുന്നതോടെ കുരുക്കിൽ കിടക്കാനാണ് യാത്രക്കാരുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.