തോട്ടം ലയം നവീകരണം; ജില്ല വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു
text_fieldsകഴിഞ്ഞ മഴക്കാലത്ത് പീരുമേട്ടിലെ ലയങ്ങൾ ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)
തൊടുപുഴ: ജില്ലയിലെ തോട്ടങ്ങളിലെ ലയങ്ങൾ നവീകരിക്കുന്നതിനും പുതിയത് നിർമിക്കുന്നതിനുമായി തോട്ടം ലയം നവീകരണ പദ്ധതി പ്രകാരം ജില്ല വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു.തോട്ടം രജിസ്ട്രേഷനും സ്വന്തമായി ലയങ്ങളുമുള്ള എല്ലാ തോട്ടം ഉടമകൾക്കും ലയങ്ങൾ നവീകരിക്കുന്നതിനും പുതുതായി നിർമിക്കുന്നതിനുമായി അപേക്ഷിക്കാം. ലയങ്ങളുടെ മേൽക്കൂര മാറ്റി നിർമിക്കുക, തറയുടെ പണികൾ, പുനർവൈദ്യുതീകരണം, ഭിത്തി സിമന്റ് പ്ലാസ്റ്ററിങ് നടത്തുക, കൂടുതലായി മുറികൾ പണിയുക, ശൗചാലയ സൗകര്യം മെച്ചമാക്കുക, ജലസംഭരണം എന്നീ പ്രവർത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
അറ്റകുറ്റപ്പണിയുടെ 30 ശതമാനം അഥവാ പരമാവധി 50,000 രൂപ സബ്സിഡിയായി മടക്കി നൽകും. കൂടാതെ പുതുതായി നിർമിക്കുന്ന ഓരോ ലയത്തിനും ചെലവിന്റെ 30 ശതമാനം അഥവാ പരമാവധി രണ്ട് ലക്ഷം സബ്സിഡി ആയി ലഭിക്കും. ആനുകൂല്യത്തിനായി വിശദ പദ്ധതി രേഖ തയാറാക്കി ചെറുതോണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടുക്കി ജില്ല വ്യവസായ കേന്ദ്രത്തിൽ നൽകണം. തോട്ടം രജിസ്ട്രേഷന്റെ പകർപ്പ് സഹിതം തോട്ടം ഉടമയാണ് അപേക്ഷ നൽകേണ്ടത്. സംസ്ഥാന ബജറ്റിൽ 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൂടുതൽ തോട്ടങ്ങളും ഇടുക്കിയിലായതിനാൽ ബജറ്റ് വിഹിതത്തിന്റെ നല്ലൊരു പങ്കും ലഭിക്കാൻ സാധ്യതയുണ്ട്.
ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ അധ്യക്ഷനായും, ഡെപ്യൂട്ടി രജിസ്ട്രാർ കൺവീനറും കെട്ടിട നിർമാണ അസിസ്റ്റന്റ് എൻജിനീയർ, പ്ലാന്റേഷൻ ഇൻസ്പെക്ടർ, ലീഡ് ഡിസ്ട്രിക് മാനേജർ എന്നിവർ അംഗങ്ങളായ കമ്മിറ്റി പ്രോജക്ട് റിപ്പോർട്ട് പരിശോധിച്ച് അംഗീകാരം നൽകും. തുടർന്ന് തോട്ടം ഉടമകൾക്ക് നവീകരണ പ്രവർത്തി ആരംഭിക്കാം.പൂർത്തീകരിച്ചശേഷം വിവരം ജില്ല വ്യവസായ കേന്ദ്രത്തെ രേഖാമൂലം അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ - 8590741115 ഉടുമ്പൻചോല - 9495471074, ദേവികുളം - 9400632569 തൊടുപുഴ - 8547744486, പീരുമേട് - 9744303626.
ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങളിൽ ദുരിതം തുടരും
തൊടുപുഴ: തോട്ടങ്ങളിലെ ലയങ്ങളുടെ ദുരിതം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ബജറ്റിൽ 10 കോടി അനുവദിക്കുകയും ജില്ല വ്യവസായം കേന്ദ്രം അപേക്ഷ ക്ഷണിക്കുകയും ചെയ്തെങ്കിലും ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങളിൽ ദുരിതം തുടരും. ലയം നവീകരണ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടത് തോട്ടം ഉടമകളാണ്. ജില്ലയിൽ ഏറ്റവും ദയനീയ അവസ്ഥയിലുള്ളത് ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങളിലെ ലയങ്ങളാണ്. ഇത്തരം തോട്ടങ്ങളിലെ ഇടിഞ്ഞു വീഴാറായ ലയങ്ങൾക്കുള്ളിൽ ജീവനും മരണത്തിനുമിടയിൽ കഴിയുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. ഉടമകളുപേക്ഷിച്ച തോട്ടങ്ങളിലെ പല ലയങ്ങളും 60 വർഷത്തിലധികം പഴക്കം ഉള്ളവയാണ്. ഈ ലയങ്ങളുടെ നവീകരണത്തിനായി അപേക്ഷിക്കേണ്ടത് ഉടമയാണ്. ഉപേക്ഷിച്ചുപോയതിനാൽ ഉടമ അപേക്ഷിക്കാൻ സാധ്യതയില്ലാത്തതിനാൽ ഈ ലയങ്ങളിൽ ദുരിതം തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.