എട്ട് മാസം; 800 അപകടം, 66 ജീവൻ
text_fieldsതൊടുപുഴ: അശ്രദ്ധയും അമിത വേഗവും കൂടുമ്പോൾ നിരത്തുകളില് അപകടങ്ങളും ആവർത്തിക്കുന്നു. ജില്ലയിൽ എട്ട് മാസത്തിനിടെ 800 അപകടങ്ങളിലായി പൊലിഞ്ഞത് 66 പേരുടെ ജീവൻ. പരിക്കേറ്റവർ 1186 പേർ.
കഴിഞ്ഞ വർഷം ഈ കാലയളവിൽ 797 അപകടം ഉണ്ടായി. മരിച്ചവർ 71. പരിക്കേവരുടെ എണ്ണം 972 ആണ്. അതേസമയം, എ.ഐ കാമറകൾ നിരീക്ഷണം ശക്തമാക്കിയതോടെ വലിയ അപകടങ്ങൾ കുറഞ്ഞതായാണ് മോട്ടോർ വാഹന വകുപ്പ് അവകാശപ്പെടുന്നത്. ജീവഹാനി സംഭവിക്കുന്ന സംഭവങ്ങളുടെ കാര്യത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. ജൂൺ മുതൽ ജൂലൈ വരെ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ രണ്ടേകാൽ കോടിയുടെ പിഴയാണ് എ.ഐ കാമറ വഴി ഈടാക്കിയത്. ജൂണിൽ ഒന്നേകാൽ കോടിയും ജൂലൈയിൽ ഒരുകോടിയുമാണ് പിഴ ചുമത്തിയത്.
ചെറിയ അശ്രദ്ധപോലും ജീവൻ അപഹരിച്ച കാഴ്ചയാണ് റോഡപകടങ്ങളുടെ കാര്യത്തിൽ കാണുന്നത്. മിക്കതും ഡ്രൈവർമാരുടെ വളരെ ചെറിയ അശ്രദ്ധയിൽ നിന്നുമുണ്ടായതുമാണ്. 2021ൽ ജില്ലയിൽ 967 വാഹനാപകടമാണ് റിപ്പോർട്ട് ചെയ്തത്. വിവിധ അപകടങ്ങളിലായി 41 പേർ മരിക്കുകയും ചെയ്തു. ശരാശരി ഒരുമാസം ചെറുതും വലുതുമായ അമ്പതോളം റോഡ് അപകടങ്ങൾ ജില്ലയിൽ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. വാഹനമോടിക്കുന്നവരും യാത്രക്കാരും മാത്രമല്ല, കാൽനടക്കാരും അപകടത്തിൽ മരിച്ചിട്ടുണ്ട്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണം.
മദ്യപിച്ചും ഉറക്കമൊഴിച്ചും ഡ്രൈവിങ്, രാത്രിയിൽ ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തത്, വാഹനം ഓടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, മത്സരയോട്ടം എന്നീ കേസിലും വർധനയുണ്ട്. റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങൾക്ക് പ്രധാന പങ്കുവഹിക്കുന്നു. ഇരുചക്ര വാഹനയാത്രികർക്കാണ് പലപ്പോഴും അപകടങ്ങളിൽ ഗുരുതര പരിക്കേറ്റത്. അതേസമയം, കാമറ പ്രവർത്തനം തുടങ്ങിയതിന് ശേഷം അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ കുറവ് സംഭവിച്ചതായും റോഡിലെ അപകട മരണങ്ങളുടെ കാര്യത്തിൽ കുറവ് സംഭവിച്ചതായും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.