പുലി ഭീതിയൊഴിയാതെ ഇല്ലിചാരി
text_fieldsതൊടുപുഴ: ‘വീടിന് പിന്നിലുള്ള ടാങ്കില്‍ വെള്ളം ഉണ്ടോന്ന് നോക്കാനാണ് മുറ്റത്തേക്കിറങ്ങിയത്. പെട്ടെന്നാണ് മുകളിലെ പാറയുടെ അടുത്ത് എന്തോ ഒരു അനക്കം. മഞ്ഞനിറമുള്ള ഒരു ജീവി. വരകളുണ്ട്. നല്ല നീളമുണ്ട്. ഭയന്ന് പോയെങ്കിലും വീട്ടുകാരെയും സമീപവാസികളെയും അറിയിച്ചു’-ഇത് പറയുമ്പോൾ കരിങ്കുന്നം ഇല്ലിചാരി മലേപ്പറമ്പിൽ സാബുവിന്റെ മകൾ അഞ്ജലിയുടെ കണ്ണുകളിൽ ഇപ്പോഴും ഭയമാണ് മിന്നിമറയുന്നത്.
കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് അജ്ഞാത ജീവി ഇല്ലിചാരി മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്നുവെന്ന വാർത്ത പ്രചരിക്കുന്നത്. അജ്ഞാതജീവി പുള്ളിപ്പുലിയാണെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും അധികൃതർ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പീന്നീടും അജ്ഞാത ജീവി ഇറങ്ങി. പകലും രാത്രിയുമായി പലയിടങ്ങളില്‍ പലവട്ടം പലരും പുലിയെ കണ്ടതോടെ പ്രദേശം പുലിപ്പേടിയിലായി.
‘രാത്രിയായിക്കാണും. ഞങ്ങൾ ഇവരുടെ വീടിന് സമീപം വർത്തമാനത്തിലായിരുന്നു. പറമ്പിലേക്ക് ടോർച്ച് അടിച്ചപ്പോഴാണ് രണ്ട് കണ്ണുകൾ കണ്ടത്. കയറിനോക്കിയെങ്കിലും ഓടുന്ന ശബ്ദമേ കേള്‍ക്കാനായുള്ളു’-സാബുവിന്റെ സമീപവാസി മംഗലത്ത് പുത്തൻപുരയിൽ ബിജു ജോൺ പറയുന്നു.
നാട്ടുകാർ തുടർച്ചയായി പുലിയുടെ ശല്യം അധികൃതരെ അറിയിച്ചതോടെയാണ് വനം വകുപ്പ് കാമറ സ്ഥാപിച്ചത്. 16ന് കാമറ പരിശോധിച്ചപ്പോൾ പുലിവർഗത്തിൽപ്പെട്ട ഒരു ജീവിയുടെ ദൃശ്യം പതിഞ്ഞു. പിന്നീട് വനം വകുപ്പ് തന്നെ അജ്ഞാതജീവി പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഇതിനിടയിലും പലയിടങ്ങളിൽ പുലിയെ കാണാനിടയായി. കൂട് സ്ഥാപിച്ച് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും പുലി വിഹാരം തുടരുകയാണ്. കൂട്ടിൽ ചത്ത കോഴിയെ ഇട്ടാണ് പുലിയെ കാത്തിരിക്കുന്നത്. എന്നാൽ ജീവനുള്ള മൃഗത്തെ കാണിച്ച് പുലിയെ ആകർഷിക്കുകയും ആ മൃഗത്തിന് അപകടമില്ലാതെ പുലിയ പിടികൂടുന്ന സംവിധാനം വേണമെന്നുമുള്ള ആവശ്യം നാട്ടുകാർക്കിടയിലുണ്ട്.
നാട്ടിലിറങ്ങിയിരിക്കുന്നത് പുലിയാണെന്ന് വ്യക്തമായതോടെ പ്രദേശവാസികൾ ജാഗ്രതയിലാണ്. പകലും വീടുകൾ പൂട്ടി അകത്തിരിക്കുകയാണവർ. അവധിക്കാലമായിട്ടും കുട്ടികളെ കളിക്കാൻ വിടുന്നില്ല. ജോലികൾക്ക് പോകുന്നവർ ഏറെയും രാത്രിക്കുമുമ്പേ വീട്ടിലെത്തും. വളർത്തുമൃഗങ്ങളെ അഴിച്ചുവിടുന്നില്ല. ആട്, പശു തുടങ്ങിയവയ്ക്കായി പുല്ല് ചെത്തിക്കൊണ്ടുവന്ന് കൊടുക്കുകയാണ്. ഇങ്ങനെ പുലിയെപ്പേടിച്ച് എത്ര നാൾ ഭയന്ന് ജീവിക്കുമെന്ന് അറിയില്ലെന്നും അധികൃതർ പറഞ്ഞു.
പാറക്കൂട്ടങ്ങളും മറ്റും നിറഞ്ഞ ഇടമായതിനാൽ ഒരു പുലി ഒളിച്ചിരുന്നാൽ പോലും ആളുകൾ അറിയാത്ത സാഹചര്യമാണ്. ഇല്ലിചാരിയിലിറങ്ങിയ പുലിയെ പിടികൂടാൻ ശ്രമങ്ങൾ തുടരുകയാണെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പുലിക്കായി സ്ഥാപിച്ച കൂടിനോട് ചേർന്ന് മറ്റൊരു കൂട് സ്ഥാപിച്ച് ജീവനുള്ള ഇരയെ ഇടാനും ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാറക്കടവ് മേഖലയിൽ കുറുക്കനെ ആക്രമിച്ചതും പുലിയാണെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.