റോഡ് കൈയേറി കച്ചവടം; ഒഴിപ്പിക്കൽ തുടങ്ങി
text_fieldsതൊടുപുഴ: നഗരസഭ പരിധിക്കുള്ളിലെ അനധികൃത കച്ചവടങ്ങളും റോഡ് ൈകയേറിയുള്ള കച്ചവടവും ഉൾപ്പെടെ ഒഴിപ്പിച്ചുതുടങ്ങി. ചൊവ്വാഴ്ച രാവിലെ വെങ്ങല്ലൂർ ജങ്ഷനിൽ നിന്നാണ് ഒഴിപ്പിക്കൽ നടപടികൾക്ക് തുടക്കം കുറിച്ചത്. വെങ്ങല്ലൂരിൽ നിന്ന് ആരംഭിച്ച് കോലാനി ബൈപാസ് വരെയുള്ള അനധികൃത കച്ചവടങ്ങളാണ് ആദ്യദിനം ഒഴിപ്പിച്ചത്. വഴിയരികിലുള്ള നാലോളം കടകൾ ഭാഗികമായി ഒഴിപ്പിച്ചു.
അനധികൃതമായും റോഡിലേക്കിറക്കിയും ഗതാഗത തടസം സൃഷ്ടിച്ചും പ്രവർത്തിക്കുന്ന മറ്റ് കടകൾ നാളെത്തന്നെ പൊളിച്ചുനീക്കണമെന്ന് അധികൃതർ കടയുടമകൾക്ക് നിർദേശം നൽകി. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ കുറക്കാനും വിദ്യാർഥികൾക്കും യാത്രക്കാർക്കും സുഗമമായ സഞ്ചാരം സാധ്യമാകുന്നതിനുമായാണ് നഗരസഭ അടിയന്തിരമായി ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയത്. വരുംദിവസങ്ങളിൽ മങ്ങാട്ടുകവല, മുതലക്കോടം, പട്ടയംകവല, കാരിക്കോട്, വെങ്ങല്ലൂർ ബൈപാസ്, പാലാ റോഡ്, ഇടുക്കി റോഡ് തുടങ്ങി നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കും. നഗരസഭ നടത്തുന്ന ഒഴിപ്പിക്കൽ അറിയിപ്പായി കണ്ട് മറ്റുള്ളവർ സ്വയം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
കാഴ്ചകൾ മറച്ചുള്ള വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ ഉൾപ്പെടെ സ്വന്തം നിലയിൽ നീക്കംചെയ്യാൻ വ്യാപാര സ്ഥാപന ഉടമകൾ തയ്യാറാകണമെന്നും നഗരസഭ അധികൃതർ ആവശ്യപ്പെട്ടു. അതേസമയം പല തവണ ഒഴിപ്പിക്കൽ നടപടികളുമായി നഗരസഭ രംഗത്തുവരുന്നുണ്ടെങ്കിലും തുടർനടപടികൾ കൈക്കൊളളാത്തതിനാൽ വീണ്ടും കച്ചവടങ്ങൾ പഴയ സ്ഥലങ്ങളിൽ നിലയുറപ്പിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
നഗരത്തിൽ പലയിടത്തും അനധികൃത കച്ചവടങ്ങൾ വ്യാപകമാണ്. ഇതുമൂലം പ്രദേശത്ത് ആളുകളുടേയും വാഹനങ്ങളുടേയും തിരക്ക് വര്ധിക്കുന്നുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.