തൊടുപുഴയിലെ കുരുക്കഴിക്കും
text_fieldsതൊടുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ പരിഹാരംതേടി തൊടുപുഴ നഗരസഭയിൽ ചെയർമാൻ സനീഷ് ജോർജിെൻറ അധ്യക്ഷതയിൽ ഉപദേശകസമിതി യോഗം ചേർന്നു.
നഗരസഭ കൗൺസിലർമാർ, പി.ഡബ്ല്യു.ഡി, പ്രൈവറ്റ് ബസ് അസോസിയേഷൻ, മർച്ചന്റ്സ് അസോ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മോട്ടോർ വാഹന വകുപ്പ്, പൊലീസ് തുടങ്ങിയവരുടെ യോഗമാണ് ചേർന്നത്.
ബസുകൾ തിരിച്ചുവിടുന്നതും ബസ് സ്റ്റോപ്പുകൾ ക്രമീകരിക്കുന്നതടക്കവുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. ഈ യോഗത്തിെൻറ തീരുമാനങ്ങൾ ഗതാഗത ഉപദേശക സമിതി യോഗത്തിലും നഗരസഭ കൗൺസിലിലും ചർച്ചചെയ്ത ശേഷം നടപ്പിൽവരുത്തുമെന്ന് ചെയർമാൻ പറഞ്ഞു. നഗരത്തിൽ നടപ്പാക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമെങ്കിലും അത് നടപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഇതിന് മുമ്പും യോഗം ചേർന്ന് കുരുക്ക് ഒഴിവാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും പലതും നടപ്പായില്ല. നഗരത്തിലെ മിക്കയിടങ്ങളിലും അനധികൃത പാർക്കിങ്ങും കുരുക്കിന് കാരണമാക്കുന്നുണ്ട്.
പ്രധാന തീരുമാനങ്ങൾ
പാലാ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ ആശിർവാദ് തിയറ്റർ ജങ്ഷനിൽനിന്ന് തിരിഞ്ഞ് കോതായിക്കുന്ന് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകാൻ യോഗം തീരുമാനിച്ചു.
തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിൽ സമീപമുള്ള ബസ് സ്റ്റോപ്പിന്റെ ഷെയ്ഡ് നീക്കാനും ആർച്ചിന്റെ പില്ലറുകൾ നീക്കാൻ പൊൻകുന്നം കെ.എസ്.ടി.പി ഓഫിസിലേക്ക് കത്ത് നൽകാനും യോഗം തീരുമാനമെടുത്തു. ഇടുക്കി ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങൾ (പാലാ, കോട്ടയം, മൂവാറ്റുപുഴ, മണക്കാട്) മാരിക്കലുങ്ക് വഴി തിരിച്ചുവിടാൻ ബോർഡ് സ്ഥാപിക്കും.
മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഷാപ്പുംപടിയിൽനിന്ന് ഫോർ ലൈൻ, മങ്ങാട്ടുകവല വഴി പ്രൈവറ്റ് സ്റ്റാൻഡിൽ എത്തണം. പുളിമൂട്ടിൽ കവല ഭാഗത്ത് ഉടുമ്പന്നൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വലത്തേക്ക് തിരിയുന്നത് നിരോധിക്കണം. വെങ്ങല്ലൂർ ബസ് സ്റ്റോപ്- മൂവാറ്റുപുഴ ഭാഗത്തുനിന്നും വരുന്ന ബസുകൾ മുന്നോട്ട് കയറ്റി നിർത്തുകയും ഇതിന് ബസ് സ്റ്റോപ് ക്രമീകരിക്കുകയും വേണം.
വെങ്ങല്ലൂർ ബസ് സ്റ്റോപ് - തൊടുപുഴ ഭാഗത്തുനിന്ന് വരുന്ന ബസുകൾ നീരാളി മാർക്കറ്റിന് മുന്നിലുള്ള ഭാഗത്ത് നിർത്തുകയും ബസ് സ്റ്റോപ് ക്രമീകരിക്കുകയും വേണം. ബോയ്സ് ഹൈസ്കൂൾ മുതൽ കെ.കെ.ആർ ജങ്ഷൻ വരെ സെക്കൻഡ് ഹാൻഡ് ബൈക്ക് കച്ചവടത്തിന് റോഡിലേക്ക് ഇറക്കിവെച്ചിട്ടുള്ളത് നിയന്ത്രിക്കണം. പാലാ ഭാഗത്തുനിന്ന് വരുന്ന ബസുകൾ പ്രൈവറ്റ് സ്റ്റാൻഡിൽ എത്തുംമുമ്പ് കല്ലേൽ ബിൽഡിങ് ഭാഗത്ത് നിർത്തി (ഹൈറേഞ്ച് ജങ്ഷൻ) യാത്രക്കാരെ ഇറക്കണം. ഇവിടത്തെ ബസ് സ്റ്റോപ്പും ക്രമീകരിക്കണം.
ദീർഘദൂര ബസുകൾ തെനംകുന്ന് ബൈപാസ് മുല്ലക്കൽ ജങ്ഷൻ വഴി വെങ്ങല്ലൂർ ഭാഗത്തേക്ക് പോകണം. തൊടുപുഴ നഗരത്തിൽ പാർക്കിങ്ങിന് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ കണ്ടെത്തി നഗരസഭയെ അറിയിക്കാൻ ട്രാക്കിനോട് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.