ആലോചന യോഗം ചേര്‍ന്നു; തൊടുപുഴയിലെ കുരുക്കഴിക്കും
text_fieldsതൊടുപുഴ: നഗരത്തിലെ ഗതാഗതകുരുക്ക് അഴിക്കാൻ ഗതാഗത ഉപദേശക സമിതി കൂടുന്നതിന് മുമ്പായുള്ള ആലോചന യോഗം ചേര്‍ന്നു. നിരവധി നിർദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്.
മുന്‍ കാലഘട്ടങ്ങളിലെടുത്ത തീരുമാനങ്ങള്‍ പലതും നടപ്പാക്കിയിട്ടില്ലെന്നും അതിന് വന്ന സാങ്കേതിക തടസ്സങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ബസ് റൂട്ട് തിരിച്ച് വിടല്‍, അനധികൃത ഓട്ടോ സ്റ്റാന്‍ഡുകള്‍ നീക്കം ചെയ്യല്‍, ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കല്‍, റോഡുകള്‍ വണ്വേയാക്കല്, നഗരത്തിലെ അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങളില്‍ നിർദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.
വിവിധയിടങ്ങളില്‍ നിന്നായെത്തുന്ന ദീര്‍ഘദൂര ബസുകള്‍ ടൗണ്‍ ചുറ്റിക്കറങ്ങാതെ വേണം നഗരത്തില്‍ പ്രവേശിക്കാനും തിരികെ പോകാനും. ഇതിനായി മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പുറപ്പെടുന്ന ദീര്‍ഘദൂര ബസുകള്‍ തെനംകുന്ന് ബൈപ്പാസ് വഴി വെങ്ങല്ലൂരിലെത്തി പോകണമെന്ന നിർദേശം ഉയർന്നു. പാലാ -കോട്ടയം റൂട്ടുകളില്‍ നിന്നെത്തുന്ന ദീര്‍ഘ ദൂര ബസുകള്‍ ആശിര്‍വാദ് തീയറ്ററിന് മുന്നില്‍കൂടി കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിലെത്തി സർവിസ് അവസാനിപ്പിക്കണം. ഐ.എം.എ റോഡ് വണ്‍വേയാക്കണം.
മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ നിന്നും തിരിഞ്ഞ് മങ്ങാട്ട്കവലയിലെത്തി എവര്‍ഷൈന്‍ ജങ്ഷന് വഴി സ്റ്റാന്‍ഡുകളിലേക്ക് പോകണം. വെങ്ങല്ലൂര്‍ സിഗ്നല്‍, ഷാപ്പുംപടി എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകള്‍ മാറ്റി ക്രമീകരിക്കണം. മോര് ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകള്‍ എല്ലാം നിലവിലുള്ളിടത്ത് നിന്നും ഏതാനും മീറ്റര്‍ കൂടി ദൂരേക്ക് മാറ്റണം.
ഇതോടൊപ്പം മോര് ജങ്ഷനില്‍ ഗാതഗതത്തിന് വിഘാതം സൃഷ്ടിക്കും വിധത്തില്‍ നിലവിലുള്ള ഡിവൈഡറുകള്‍ പൊതുമരാമത്ത് വകുപ്പധികൃതരുടെ നിർദേശം ഉള്‍ക്കൊണ്ട് കലക്ടറുടെ അനുമതിയോടെ നീക്കണം. നഗരസഭാ ബസ് സ്റ്റാന്‍ഡിന് മുന്നിലെ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കണം. വിവിധ സ്ഥലങ്ങളിലേക്ക് പോകാനെത്തുന്നവരുടെ വാഹനങ്ങള്‍ ടൗണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണ്ണമായും തടയണം.
നഗരത്തില്‍ മാത്രം 2300 ഓട്ടോറിക്ഷകള്‍
2300 ഓട്ടോറിക്ഷകള്‍ തൊടുപുഴ നഗരത്തില്‍ മാത്രം ഓടുന്നുണ്ടെന്നാണ് പൊലീസിന്റെ പക്കല്‍ നിലവിലുള്ള കണക്ക്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ കണക്കിനേക്കാള്‍ അധികം ഓട്ടോകള്‍ നിലവില്‍ നഗരത്തിലുണ്ട്. ഇവയെ കര്‍ശനമായി നിയന്ത്രിക്കണം.
ഇതിനായി അനധികൃത ഓട്ടോസ്റ്റാന്‍ഡുകള്‍ നീക്കം ചെയ്യല്‍, മുനിസിപ്പല്‍ പെര്‍മിറ്റില്ലാത്തതും പൊലീസ് സ്റ്റേഷന് ലിസ്റ്റില്‍ ഇല്ലാത്തതുമായ ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കല്‍ എന്നീ നിർദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു.
നിലവിലുയര്‍ന്ന നിർദേശങ്ങള്‍ ആദ്യ ഘട്ടമായി ട്രാഫിക് അഡൈ്വസറി കമ്മിറ്റി ചേര്‍ന്ന് പാസാക്കണം. തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക ബോര്‍ഡിന് കൈമാറും. ഇതിന് ശേഷം നിയമമാക്കിയാല്‍ മാത്രമേ ഗതാഗത പരിഷ്കരണങ്ങള്‍ നടപ്പാക്കാനാകൂ. വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍നിന്ന് ബസ് റൂട്ട് തിരിച്ച് വിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശക്തമായ എതിര്‍പ്പാണ് യോഗത്തിൽ ഉയർന്നത്.
ഇക്കാര്യങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് പാസാക്കിയ ശേഷം മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കൂവെന്ന് ചെയര്മാന് അറിയിച്ചു. തൊടുപുഴ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്മാന് സനീഷ് ജോർജ് അധ്യക്ഷനായി.
നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങള്‍, വിവിധ കക്ഷി പ്രതിനിധികള്‍, തൊഴിലാളി യൂണിയന് ഭാരവാഹികള്‍, പൊതുമരാമത്ത് വകുപ്പിലേയും മോട്ടോര്‍ വാഹന വകുപ്പിലേയും ഉദ്യോഗസ്ഥര്‍, പൊലീസ്, ഓട്ടോ തൊഴിലാളി യൂണിയന് പ്രതിനിധികള്‍, പ്രൈവറ്റ് ബസ് ഓണേഴ്സ് അസ്സോസിയേഷന് പ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.