ഭരണാനൂകൂല സംഘടനാ നേതാവിന് നിർബന്ധിത പരിശീലനം; പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ നിർദേശം നടപ്പായില്ല
text_fieldsതൊടുപുഴ: പട്ടികജാതി വികസന വകുപ്പിലെ ഭരണാനുകൂല സംഘടനാനേതാവിന് നിർബന്ധിത പരിശീലനം നൽകണമെന്ന വകുപ്പ് ഡയറക്ടറുടെ നിർദേശം നടപ്പായില്ല. വകുപ്പ് ഡയറക്ടർ ഡി. ധർമലശ്രീയുടെ നിർദേശമാണ് ഫയലിൽ ഉറങ്ങുന്നത്. ഫയലിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുളള വിവരങ്ങൾ നൽകിയെന്ന് കാണിച്ചാണ് കഴിഞ്ഞ മാർച്ച് 24 ന് ഇദ്ദേഹത്തിന് ഒരാഴ്ചത്തെ നിർബന്ധിതപരിശീലനം ഡയറക്ടർ നിർദേശിച്ച് ഫയലിൽ കുറിപ്പെഴുതിയത്.
ഫയൽ എങ്ങനെ എഴുതണം എന്ന് പരിശീലിക്കണമെന്നും കുറിച്ചിരുന്നു. വിവരാവകാശ പ്രവർത്തകൻ കാഞ്ഞിരവേലി തമ്പാന് വകുപ്പ് ആസ്ഥാനത്തുനിന്ന് ലഭിച്ച വിവരവകാശ മറുപടിയിലാണ് ഈ വിവരങ്ങളുളളത്.
ഭരണാനുകൂല സംഘടനയുടെ നേതാവെന്ന നിലയിൽ വകുപ്പിൽ ഇദ്ദേഹത്തിന്റെ സമഗ്രാധിപത്യമാണെന്നും ഇതുപയോഗിച്ചാണ് ഡയറക്ടറുടെ ഉത്തരവ് അട്ടിമറിച്ചതെന്നും ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു.
2017 ൽ സർക്കാർ എല്ലാ വകുപ്പുകളിലും പൊതുസ്ഥലംമാറ്റം ഓൺലൈൻ വഴിയാക്കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും ഇതുവരെയും പട്ടികജാതി വികസന വകുപ്പിൽ നടപ്പായിട്ടില്ല. പട്ടികജാതി വികസന വകുപ്പിൽ ഇത് കൈകാര്യം ചെയ്യുന്ന ഭരണാനുകൂല സംഘടനാ നേതാവിന്റെ താത്പര്യക്കുറവാണ് നടപ്പാക്കാത്തതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.
ഓൺലൈൻ പൊതുസ്ഥലംമാറ്റം യാഥാർഥ്യമായാൽ ജീവനക്കാരുടെ മേൽ സംഘടനകളുടെയും യൂനിയൻ നേതാക്കളുടേയും സ്വാധീനം നഷ്ടപ്പെടുമെന്ന ആശങ്കയാണ് നടപ്പാക്കാത്തതിന് പിന്നിൽ.
ഇതിനെതിരെ ഒറ്റപ്പാലം പട്ടികജാതി വികസന ഓഫിസർ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ പോയി വകുപ്പിൽ ഓൺലൈനായി പൊതുസ്ഥലംമാറ്റം നടത്തണമെന്ന് ഉത്തരവ് വാങ്ങി ഒരു വർഷം പിന്നിടുമ്പോഴും നടപ്പാക്കാൻ ചുമതലക്കാർ തയാറായിട്ടില്ല. ഇതോടെ വകുപ്പിലെ ജീവനക്കാർക്ക് അർഹിച്ച സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കാത്ത സാഹചര്യമാണെന്നും പരാതിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.