സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലാബ് ജില്ലയിലേക്കും
text_fieldsതൊടുപുഴ: പദാര്‍ഥങ്ങളിലെ മായം കണ്ടുപിടിക്കാനുള്ള ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലാബ് ഇടുക്കിയിലേക്കും. ജില്ലയിൽ ഭക്ഷ്യസുരക്ഷ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ ഭക്ഷ്യസുരക്ഷ ലാബ് വരുന്നത്. വാഹനം അനുവദിച്ചിട്ടുണ്ടെന്നും നടപടി പുരോഗമിക്കുകയാണെന്നും അസി. ഫുഡ് സേഫ്റ്റി കമീഷണർ കെ.പി. രമേശ് പറഞ്ഞു. നിലവിൽ ജില്ലയിൽ നാല് ഭക്ഷ്യസുരക്ഷ ഓഫിസർമാരാണ് ഉള്ളത്. ഇവരുടെ നേതൃത്വത്തിലാണ് പരിശോധന. ജില്ലയുടെ വിശാലമായ ഭൂ പ്രകൃതിയുടെ പ്രത്യേകതകൊണ്ട് തന്നെ എല്ലായിടത്തും ഓടിയെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മൊബൈൽ ലാബ് എത്തുന്നതോടെ ജില്ലയിലെ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനകളുടെ ഫലങ്ങളും വേഗത്തിലാകും. ഹോട്ടലുകളും ബേക്കറികളുമുൾപ്പെടെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ മാത്രമല്ല വീടുകളിലെ കുടിവെള്ള സാമ്പിളുകൾ പോലും പരിശോധിക്കാൻ കഴിയും. ചെക്പോസ്റ്റുകളിലും മാർക്കറ്റുകളിലുമൊക്കെ നേരിട്ടെത്തി പരിശോധിക്കാനുള്ള സംവിധാനവും ലാബിലൂടെയുണ്ടാകും. ചെക്ക്പോസ്റ്റിലെയും താലൂക്ക് കേന്ദ്രങ്ങളിലെയും പരിശോധനകൾ കൂടാതെ ഭക്ഷ്യസുരക്ഷ വകുപ്പിനെ കൂടുതൽ ജനകീയമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഗ്രാമങ്ങളിലും നഗരങ്ങളിലും വീടുകളിലേക്ക് കടന്നുചെന്ന് കുടിവെള്ളവും എണ്ണയും പാലും ഉൾപ്പെടെ വസ്തുക്കളിലെ കൃത്രിമം കണ്ടെത്താനുള്ള ശ്രമം. ആഴ്ചതോറും ജില്ലയിലൂടെ സഞ്ചരിച്ച് പാൽ, കുടിവെള്ളം, ഭക്ഷ്യ എണ്ണ എന്നിവയുടെ സാമ്പിളുകൾ പരിശോധിക്കാനാകും.
ഇതുകൂടാതെ വിവിധ വകുപ്പുകളുമായി ചേർന്നും പരിശോധനകൾ നടക്കുന്നുണ്ട്. ഫിഷറീസ്, ഡെയറി ഡെവലപ്മെന്റ്, സ്പൈസസ് എന്നിവയുടെ സഹായത്തോടെ അതിർത്തിയിലടക്കം പരിശോധന നടത്തുന്നു. അതിർത്തി കടന്നുവരുന്ന വെളിച്ചെണ്ണ, പാൽ, പച്ചക്കറി, പഴം എന്നിവ കൃത്യമായി പരിശോധിക്കുന്നുണ്ട്. ഇടുക്കിയിൽ നിന്നെടുക്കുന്ന ഭക്ഷ്യസാമ്പിളുകൾ എറണാകുളത്തേക്കാണ് അയക്കുന്നത്. ഈ സാഹചര്യം ഒരു പരിധിവരെ ഒഴിവാക്കാൻ മൊബൈൽ ലാബിന്റെ വരവോടെ കഴിയുമെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.