രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsതൊടുപുഴ: നിരോധിത ലഹരി ഉൽപന്നങ്ങളുടെ വിതരണ സംഘത്തിൽപെട്ട രണ്ടുപേരെ പിറ്റ് എൻ.ഡി.പി.എസ് നിയമപ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചു. തൊടുപുഴ തെക്കുംഭാഗം പാറയാനിക്കൽ അനൂപ് കേശവൻ (39), കുമാരമംഗലം വില്ലേജ് പള്ളക്കുറ്റി പഴേരിയിൽ സനൂപ് സൊബാസ്റ്റ്യൻ (39) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇടുക്കി ജില്ലയിൽ ആദ്യമായാണ് ഈ നിയമപ്രകാരം അറസ്റ്റ് നടക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വലിയ തോതിൽ മയക്കുമരുന്ന് കടത്തുകയും വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിപണനം നടത്തുകയും ചെയ്തതിന് ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിറ്റ് എൻ.ഡി.പി.എസ് (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർകോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് 1988) പ്രകാരം കേസെടുക്കാൻ ജില്ല പൊലീസിന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വെള്ളിയാഴ്ചയാണ് ലഭിച്ചത്. തൊടുപുഴ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ഒരു വർഷത്തേക്കാണ് പ്രതികളെ തടവിൽ പാർപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.