ഊരുവിദ്യാകേന്ദ്രങ്ങളും ഡിജിറ്റലാകുന്നു
text_fieldsതൊടുപുഴ: ജില്ലയിലെ ഗോത്ര മേഖലകളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ ഊരുവിദ്യ കേന്ദ്രങ്ങളും ഡിജിറ്റലിലേക്ക്. കുട്ടികളുടെ കമ്പ്യൂട്ടർ അനുബന്ധ പഠനങ്ങളിലടക്കം വേഗത കൈവരിക്കുക എന്ന ലക്ഷ്യമിട്ടാണ് ഇവരുടെ കുടികൾക്ക് സമീപമുള്ള വിദ്യാകേന്ദ്രങ്ങളിൽ ഡിജിറ്റൽ പഠനവും ഒരുങ്ങുന്നത്.
ഇതിനായി ജില്ലയിലെ എല്ലാ ഊരുകൂട്ടങ്ങൾക്കും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉടൻ എത്തിച്ചുനൽകും. പരീക്ഷ കഴിഞ്ഞ് കുട്ടികൾ മടങ്ങുന്ന സാഹചര്യത്തിൽ കുടികൾ കേന്ദ്രീകരിച്ച് ഇവർക്ക് പഠനം നൽകാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി വളന്റിയർമാർക്ക് പരിശീലനവും നൽകിക്കഴിഞ്ഞു. ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സമഗ്രശിക്ഷ കേരളം ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഊരുവിദ്യാകേന്ദ്രങ്ങൾ. കുട്ടികൾക്ക് സ്കൂളുമായുള്ള ബന്ധം നിലനിർത്തുക, പഠനത്തുടർച്ച ഉറപ്പാക്കുക, പഠന പ്രവർത്തനങ്ങളിൽ സഹായിക്കുക എന്നിവയെല്ലാം ഊരുവിദ്യാകേന്ദ്രങ്ങളിലൂടെയാണ് നടത്തുന്നത്.
മൂന്നാർ, അടിമാലി, തൊടുപുഴ മേഖലയിലായി ജില്ലയിൽ 13 ഊരു വിദ്യാകേന്ദ്രങ്ങളാണ് ഉള്ളത്. അടിമാലി മേഖലയിൽ കുരങ്ങാട്ടി, മഴുവടി കോളനി, ഞാവൽപറക്കുടി, താളുകണ്ടം കുടി, തേതലക്കുടി, വെങ്കായപ്പാറക്കുടി എന്നിവിടങ്ങളിലും മൂന്നാർ മേഖലയിൽ കുതുകാൽ കുടി, മേൽവലാശപ്പെട്ടിക്കുടി, തീർഥമലക്കുടി, വെള്ളക്കൽക്കുടി, പുറവയൽ, പാളപ്പെട്ടി എന്നിവിടങ്ങളിലും തൊടുപുഴ മേഖലയിൽ കരിമണ്ണൂരിൽ തടിയനാലിലുമാണ് ഊരുവിദ്യാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. സ്കൂളിൽ പഠനത്തോടൊപ്പം തന്നെയാണ് ഗോത്രവർഗ മേഖലകളിലടക്കം കേന്ദ്രങ്ങൾ നടത്തുന്നത്. അവധിക്കാലത്തും മറ്റും ഊരുവിദ്യാകേന്ദ്രങ്ങളിലൂടെ കുട്ടികളുടെ പഠന തുടർച്ച ഉറപ്പാക്കുന്നുണ്ട്.
കോവിഡ് കാലത്ത് ഇത്തരം കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് കുട്ടികളുടെ പഠനത്തിൽനിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിട്ടതെന്ന് സമഗ്രശിക്ഷ കേരള അധികൃതർ ചൂണ്ടിക്കാട്ടുന്നു. തുടർപഠനം, പഠനശേഷമുള്ള അവസരങ്ങൾ ഇവയും കേന്ദ്രങ്ങളിലൂടെ നൽകുന്നുണ്ട്. കുട്ടികളുടെ സ്കൂളുകളിലുള്ള ഹാജരടക്കം ഇവർ നിരീക്ഷിക്കുന്നുണ്ട്. വിദ്യാകേന്ദ്രങ്ങൾ ഡിജിറ്റലാകുന്നതോടെ കുട്ടികൾക്ക് ലാപ്ടോപ് അടക്കമുള്ളവയുടെ സേവനം പ്രയോജനപ്പെടുത്താൻ കഴിയും.
ഊരുവിദ്യകേന്ദ്രത്തിൽ ഭൂരിഭാഗവും ആ ഊരിലെ തന്നെ മികച്ച വിദ്യാഭ്യാസം നേടിയ ആളെയാകും വളന്റിയറായി നിയമിക്കുക. ഗോത്രമേഖലയിലെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം നൽകാനും അതുവഴി കുട്ടികളെ മുഖ്യധാരയിലേക്കെത്തിക്കാനും ഊരുവിദ്യാകേന്ദ്രങ്ങൾ വഴി കഴിഞ്ഞിട്ടുണ്ടെന്നും സമഗ്രശിക്ഷ കേരള ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡി. ബിന്ദുമോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.