ആറു വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: വിധിക്ക് പിന്നാലെ വ്യാപക പ്രതിഷേധം
text_fieldsതൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച സാഹചര്യത്തിൽ വ്യാപക പ്രതിഷേധം. വണ്ടിപ്പെരിയാർ സ്വദേശി അർജുനെയാണ് കട്ടപ്പന അതിവേഗ സ്പെഷൽ കോടതി വെറുതെ വിട്ടത്.
ഇയാൾക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ വകുപ്പുകൾ ചുമത്തി സെപ്റ്റംബർ 21ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ വെറുതെ വിട്ടെന്ന വാർത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. വിധിക്കെതിരെ വിവിധ മേഖലകളിൽ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കേസിന്റെ നാൾ വഴി
- 2021 ജൂൺ 30: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറ് വയസ്സുകാരിയെ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
- ജൂലായ് 02: പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും കണ്ടെത്തി
- ജൂലായ് 05: അന്വേഷണത്തിനൊടുവിൽ വണ്ടിപ്പെരിയാർ സ്വദേശി അർജുനെ പൊലീസ് പിടികൂടി
- സെപ്തംബർ 21: കുറ്റപത്രം സമർപ്പിച്ചു
- 2022 മേയ്: വിചാരണ തുടങ്ങി
- 2023 ഡിസംബർ 14: പ്രതിയെ കട്ടപ്പന അതിവേഗ കോടതി വെറുതെവിട്ടു
ഭരണകക്ഷിയുടെ രാഷ്ട്രീയ ഇടപെടൽ -യു.ഡി.എഫ്
തൊടുപുഴ: ഡി.വൈ.എഫ്.ഐക്കാരനായ പ്രതിയെ കുറ്റവിമുകതനാക്കാനിടയായത് ഭരണകക്ഷിയുടെ രാഷ്ട്രീയ ഇടപെടൽ മൂലമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ പ്രഫ. എം.ജെ. ജേക്കബും, ചെയർമാൻ ജോയി വെട്ടിക്കുഴിയും ആരോപിച്ചു. കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കോടതിവിധി.
കുറ്റവാളികളെ ശിക്ഷിക്കാൻ ഇരയുടെ കുടുംബത്തിന് എല്ലാവിധ സഹായവും ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നയം സർക്കാർ അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു. ഇടതു സർക്കാറിന്റെ ക്രൂരവിനോദത്തിനെതിരെ ജില്ലയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
പ്രതിയെ വിട്ടയച്ചത് ഞെട്ടലുളവാക്കുന്നത് -സി.പി.ഐ
തൊടുപുഴ: വണ്ടിപ്പെരിയാറിലെ കൊലപാതക കേസ് പ്രതിയെ വിട്ടയച്ചത് ഞെട്ടലുളവാക്കുന്നതും സംശയം ജനിപ്പിക്കുന്നതുമാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ. സലീംകുമാർ പറഞ്ഞു. ഹൈകോടതി ഈ കേസിൽ തുടരന്വേഷണം നടത്തണം.
അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നോ മറ്റ് അധികാര കേന്ദ്രത്തിൽ നിന്നോ കേസിൽ ഇടപെടലുണ്ടെങ്കിൽ അത് പുറത്തു കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിധിയിൽ രാഷ്ട്രീയം കലർത്തേണ്ട -സി.പി.എം
വണ്ടിപ്പെരിയാർ കേസിലെ വിധിയിൽ രാഷ്ട്രീയം കലർത്തേണ്ടെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്. പുനരന്വേഷണം നടത്തണമെന്ന ആവശ്യത്തോട് യോജിക്കുന്നു.
സർക്കാർ വിഷയത്തിൽ കൃത്യമായി ഇടപെട്ടു. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ എല്ലാ സഹായവും സി.പി.എം ചെയ്യും. ഡീൻ കുര്യാക്കോസിന് മറുപടി നൽകേണ്ട ബാധ്യത സി.പി.എമ്മിന് ഇല്ലെന്നും സി.വി വർഗീസ് പറഞ്ഞു.
പൊലീസും പ്രോസിക്യൂഷനും ചേർന്ന ഗൂഢാലോചന - ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: വണ്ടിപ്പെരിയാറിൽ പ്രതിയെ രക്ഷപ്പെടുത്തിയത് പൊലീസും പ്രോസിക്യൂഷനും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ ഇടപെട്ടിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്. പ്രതിയുടെ കുറ്റസമ്മതവും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആധികാരിക തെളിവായിരുന്നു. അവയെല്ലാം അട്ടിമറിക്കപ്പെട്ടത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും എം.പി പറഞ്ഞു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എം.പി വ്യക്തമാക്കി.
ഒപ്പമുണ്ട് ഇവർ...
തൊടുപുഴ: കുട്ടികൾക്ക് നേരെ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പലർക്കും ഇതേക്കുറിച്ച് വലിയ ധാരണയോ അറിവോ ഇല്ല. കുട്ടികളുടെ സംരക്ഷണത്തിന് എന്തൊക്കെ സംവിധാനങ്ങൾ ജില്ലയിലുണ്ട്. അവയെ എങ്ങനെ സമീപിക്കാം എന്നതിനെക്കുറിച്ച്....
ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി)
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള നീതിന്യായ സംവിധാനം. വീടുകളിൽ കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾക്ക് എതിരെയും സി.ഡബ്ല്യു.സിയെ സമീപിക്കാം. ബാലവിവാഹം, ബാലവേല, വിദ്യാഭ്യാസം നിഷേധിക്കൽ തുടങ്ങി കുട്ടികളുടെ അവകാശങ്ങൾക്കുമേലുള്ള ഏതുതരം കടന്നുകയറ്റം സംബന്ധിച്ചും പരാതി നൽകാം. കുട്ടികൾക്കെതിരെ അതിക്രമം നടക്കുന്നതായി അറിവ് ലഭിക്കുന്ന ആർക്കും കമ്മിറ്റിയിൽ പരാതി അറിയിക്കാം. പരാതികളിൽ അന്വേഷണം നടത്തി തീർപ്പുകളുണ്ടാക്കും. പോക്സോ കേസിൽ ഇരയാകുന്ന കുട്ടികളെ 24 മണിക്കൂറിനുള്ളിൽ സി.ഡബ്ല്യു.സി.ക്ക് മുന്നിൽ ഹാജരാക്കണമെന്നാണ് നിയമം. ഇത്തരത്തിലുള്ള കുട്ടികളുടെയടക്കം പുനരധിവാസത്തിന് നടപടികളുമുണ്ടാകും. തൊടുപുഴ വെങ്ങല്ലൂരിലാണ് ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫിസ്.
വിലാസം: ചൈൽഡ് വെൽഫെയർ കമ്മിറ്റി. വെങ്ങല്ലൂർ പി.ഒ. തൊടുപുഴ. ഫോൺ: ചെയർമാൻ : 9446151417. ഇ-മെയിൽ: cwcidk@gmail.com
ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് (ഡി.സി.പി.യു)
കുട്ടികളുടെ സംരക്ഷണത്തിനായുള്ള മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്ന ജില്ല കേന്ദ്രമാണ് ഡി.സി.പി.യു.
വിലാസം: ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പൈനാവ് പി.ഒ, പൈനാവ് ഫോൺ: 8281899465, ഇ-മെയിൽ: dcpoidukki@gmail.com
ജുവനൈൽ ജസ്റ്റിസ് ബോർഡ്
നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ സംരക്ഷണത്തിനായുള്ള നീതിന്യായ സംവിധാനം. വെള്ളി, ശനി ദിവസങ്ങളിൽ വെങ്ങല്ലൂരിലാണ് സിറ്റിങ് നടക്കുന്നത്. ഫോൺ: 0486 2257110, ഇ-മെയിൽ: jjbidukki18@gmail.com
ജില്ല റിസോഴ്സ് സെന്റർ
തൊടുപുഴ വെങ്ങല്ലൂരിൽ ഫയർ സ്റ്റേഷനുസമീപം പ്രവർത്തിക്കുന്നു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനുകീഴിലുള്ള ഇവിടെ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സ്പെഷൽ എജുക്കേറ്റർ, കൗൺസിലർ എന്നിവരുടെ സേവനം സൗജന്യമായി നൽകുന്നു. ഫോൺ: 7902695901.
കൗൺസിലർമാർ
കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ കൗൺസിലിങ്ങിനായി ജില്ലതലത്തിൽ നിലവിൽ 67 കൗൺസിലർമാർ പ്രവർത്തിക്കുന്നുണ്ട്. ഐ.സി.ഡി.എസിന്റെ കീഴിൽ സ്കൂളുകളുമായി ബന്ധപ്പെട്ട് 65 സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒരു കൗൺസിലറും ചൈൽഡ് ഹെൽപ് ലൈനിൽ ഒരാളുമാണ് ഉള്ളത്. വിവിധ പ്രശ്നങ്ങളിൽ ഇവർ ഇടപെടും. കൗൺസിലിങ് അടക്കം സഹായവും നൽകും.
പുനരധിവാസ കേന്ദ്രങ്ങൾ
ജില്ലയിൽ സർക്കാർ ചിൽഡ്രൻസ് ഹോം ഇല്ല. സന്നദ്ധ സംഘടനകൾ നടത്തുന്ന 48 ചൈൽഡ് കെയർ സ്ഥാപനങ്ങൾ ജില്ലയിലുണ്ട്. പുനരധിവാസം വേണ്ട കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴി ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കും.
വിളിക്കാം 1098
കുട്ടികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ 1098 എന്ന ചൈൽഡ് ഹെൽപ്ലൈൻ നമ്പറിൽ വിളിക്കാം. 24 മണിക്കൂറും നമ്പർ സജ്ജം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.