വാഹന പരിശോധന: ഒരാഴ്ചക്കിടെ 13 ലക്ഷം പിഴ ഈടാക്കി
text_fieldsതൊടുപുഴ: റോഡപകടങ്ങൾ ഒഴിവാക്കാൻ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പും പൊലീസും നിരത്തിലിറങ്ങിയപ്പോൾ ഒരാഴ്ചക്കിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 831 കേസുകൾ. വിവിധ കേസുകളിൽനിന്നായി 13,30,500 രൂപ പിഴയീടാക്കി.
ജില്ലയിൽ വാഹനാപകടങ്ങളും ജീവഹാനിയും വർധിച്ച സാഹചര്യത്തിലാണ് പരിശോധനയുമായി രംഗത്തിറങ്ങിയത്. വാഹനം ഓടിക്കുന്നയാൾ ഹെൽമറ്റ് ധരിക്കാതിരിക്കൽ, പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തത്, ഹെൽമറ്റ് സ്ട്രാപ് ശരിയായവിധം ധരിക്കാത്തത്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങളാണ് പിടികൂടിയത്. തൊടുപുഴയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. അഞ്ചുലക്ഷത്തോളം രൂപ തൊടുപുഴയിൽ മാത്രം പിഴ ചുമത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം നെടുങ്കണ്ടം ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ 188 കേസുകളിൽനിന്നായി 2.75 ലക്ഷം രൂപ പിഴ യീടാക്കി. 125ഓളം കേസുകൾ ഹെൽമറ്റ് ധരിക്കാത്തതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുമാണ്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 18 കേസും പിടികൂടി. കേരള- തമിഴ്നാട് അതിര്‍ത്തി മേഖലയായ മറയൂരില്‍ നടത്തിയ പരിശോധനയിൽ രജിസ്റ്റര്‍ ചെയ്തത് 32 കേസാണ്.
ഓഫ് റോഡ് ജീപ്പ് സവാരി എന്ന പേരില്‍ സഞ്ചാരികളുടെ ജീവന് പണയംവെച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ജനുവരിയിൽ മാത്രം ജില്ലയിലുണ്ടായ വാഹനാപകടങ്ങളിൽ 10 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധന ഉണ്ടാകുമെന്ന് ഇടുക്കി ആർ.ടി.ഒ ആർ. രമണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.