വാഹനങ്ങള്‍ കട്ടപ്പുറത്ത്; ഓടിത്തളർന്ന് ആരോഗ്യ മേഖല
text_fieldsതൊടുപുഴ: ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഭൂരിഭാഗം വാഹനങ്ങളും കട്ടപ്പുറത്തായതിനെ തുടര്‍ന്ന് ജില്ലയിൽ ഓടിത്തളർന്ന് പ്രവർത്തനങ്ങൾ. പകര്‍ച്ചവ്യാധി പ്രതിരോധം ഉള്‍പ്പെടെ അവശ്യസേവനത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാ മേഖലയിലേക്കും ഓടിയെത്താനുള്ള വാഹനങ്ങളാണ് കാലപ്പഴക്കം മൂലം കട്ടപ്പുറത്തായത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ലെന്ന നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ കൂടുതല്‍ വാഹനങ്ങളും കട്ടപ്പുറത്തായത്.
പഴയ വാഹനങ്ങള്‍ മാറ്റി പുതിയവ വാങ്ങാന്‍ ആരോഗ്യവകുപ്പും തയാറായിട്ടില്ല. സർക്കാർ തലത്തിലാണ് ഇതിനുള്ള നടപടി ഉണ്ടാകേണ്ടതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇടുക്കിയില്‍ ആരോഗ്യ വകുപ്പിന് 70 വാഹനങ്ങളാണുള്ളത്. ഇതില്‍ 32 എണ്ണമാണ് കട്ടപ്പുറത്തുള്ളത്. വാഹനങ്ങൾ ഇല്ലാതായതോടെ ആരോഗ്യ വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളും പ്രതിസന്ധി നേരിടുകയാണ്.
ഗ്രാമീണ മേഖലകളിലേത് ഉൾപ്പെടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്കടക്കം എത്തിച്ച മരുന്നുകൾ വാഹനങ്ങളുടെ കുറവ് മൂലം യഥാസമയം കിട്ടാത്ത സ്ഥിതിയുണ്ട്. മരുന്നുകൾ വിദൂര മേഖലകളിലെ ആശുപത്രികളിൽ എത്തിച്ച് വിതരണം ചെയ്യുന്നതിലും താമസം നേരിടുന്നുണ്ട്. ആശുപത്രികളിൽനിന്ന് വണ്ടി കൊണ്ടുപോയി മരുന്ന് എടുത്തുകൊണ്ട് പോകാൻ പലരും വിസമ്മതിക്കുന്നുണ്ട്. ചില പഞ്ചായത്തുകൾ അവരുടെ വണ്ടികളിൽ വന്ന് മരുന്ന് എടുക്കുന്നുണ്ട്.
വാഹനങ്ങള്‍ ഇല്ലാതായതോടെ ജില്ലയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള വെക്ടര്‍ കണ്ട്രോള് യൂനിറ്റിന്റെ പ്രവര്‍ത്തനവും അവതാളത്തിലായി. മഴക്കാലത്തും മറ്റും വാഹനങ്ങള്‍ ഏറ്റവുമധികം ആവശ്യമായി വരുന്ന വകുപ്പാണ് ആരോഗ്യവകുപ്പ്. രോഗ പ്രതിരോധ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പലയിടത്തും ഓടിയെത്തേണ്ടി വരും.
ദുരന്തങ്ങളുണ്ടായാലും ഇവരുടെ സേവനം അടിയന്തരമായി അവിടെ ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍, വാഹനങ്ങളുടെ കുറവ് ഇതിനെല്ലാം തടസ്സമായി മാറുകയാണ്. സ്വകാര്യ, ടാക്സി വാഹനങ്ങള്‍ വന്‍തുക വാടക നല്കി കരാർ അടിസ്ഥാനത്തില്‍ എടുത്താണ് ആരോഗ്യ വകുപ്പ് പലയിടത്തും ഉപയോഗിച്ചു വരുന്നത്. പരിമിതികളിൽനിന്ന് കൊണ്ടുതന്നെ ആശുപത്രികളിലേക്ക് മരുന്നുകൾ പരമാവധി എത്തിച്ച് നൽകുന്നുണ്ടെന്നും സർക്കാർ തലത്തിൽ വളരെ വേഗം പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.