ഫണ്ടില്ല; വി.എഫ്.പി.സി.കെ പ്രവർത്തനം പ്രതിസന്ധിയിൽ; കർഷകർക്ക് ലഭിക്കാനുള്ളത് കോടികൾ
text_fieldsതൊടുപുഴ: പദ്ധതികളുടെ നടത്തിപ്പിനും സബ്സിഡിക്കുമുള്ള പണം സംസ്ഥാന സർക്കാർ അനുവദിക്കാത്തതിനെ തുടർന്ന് കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളം (വി.എഫ്.പി.സി.കെ.) പ്രതിസന്ധിയിൽ.
2023-’24 സാമ്പത്തിക വർഷത്തേത് ഉൾപ്പെടെ അഞ്ച് കോടിയോളം രൂപ സംസ്ഥാനത്തെ കർഷകർക്ക് ലഭിക്കാനുണ്ടെന്ന് വി.എഫ്.പി.സി.കെ കൺസോർഷ്യം ഭാരവാഹികൾ ആരോപിച്ചു.
ജില്ലയിൽ 15 ലക്ഷത്തോളം രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. കുടിശ്ശിക വരുത്തിയ തുക കർഷകർക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വി.എഫ്.പി.സി.കെ കർഷകരുടെ കൂട്ടായ്മയായ വി.എഫ്.പി.സി.കെ കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ 26ന് കർഷക സമിതി ഭാരവാഹികൾ അടിമാലിയിലെ ജില്ല ഓഫിസ് ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങുകയാണ്. ര
ണ്ടാം ഘട്ടമായി ഡിസംബർ 10ന് കാക്കനാട്ടുള്ള വി.എഫ്.പി.സി.കെ ഹെഡ് ഓഫിസും ഉപരോധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
50 ശതമാനം വരെ സബ്സിഡിയുള്ള പദ്ധതികളുടെ പിൻബലത്തിൽ ആയിരക്കണക്കിന് കർഷകരാണ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്ത് വന്നിരുന്നത്. വി.എഫ്.പി.സി.കെ.യുടെ വിപണികളിലൂടെ ഇടനിലക്കാരില്ലാതെ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ മികച്ച വിലക്ക് വിൽക്കാനും സാധിച്ചിരുന്നുവെന്ന് കർഷകർ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് യൂറോപ്യൻ യൂനിയൻ നൽകിയ 100 കോടി രൂപ പ്രവർത്തന മൂലധനമാക്കിയാണ് വി.എഫ്.പി.സി.കെ പ്രവർത്തനം തുടങ്ങിയത്. ഇതിൽ 20 കോടി രൂപ സർക്കാർ വക മാറ്റി കേരള അഗ്രി ബിസിനസ് കമ്പനിക്ക് നൽകി. കേരളത്തെ പഴം-പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തതയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വി.എഫ്.പി.സി.കെ പ്രവർത്തിച്ചിരുന്നത്.വേണ്ടത്ര ജീവനക്കാരെ നിയമിക്കാത്തതും നിലവിലുള്ളവർക്ക് കൃത്യമായി ശമ്പളം നൽകാത്തതും ഫണ്ട് കൃത്യമായി കിട്ടാത്തതും സ്ഥാപനത്തെ തകർക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി വെല്ലുവിളി
സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. 2023 മുതൽ സർക്കാർ ഫണ്ടുകൾ അനുവദിക്കാത്തതിനാൽ വി.എഫ്.പി.സി.കെ.യുടെ പ്രവർത്തനം താളംതെറ്റിയതായും കർഷകർ ആരോപിക്കുന്നു.
വേണ്ടത്ര ജീവനക്കാരെ നിയമിക്കാത്തതും നിലവിലുള്ളവർക്ക് കൃത്യമായി ശമ്പളം നൽകാത്തതും ഈ സ്ഥാപനത്തെ ഉൻമൂലനം ചെയ്യുന്നതിന്റെ ഭാഗമാണെന്നും കൺസോർഷ്യം ജില്ല പ്രസിഡന്റ് ടോമി തെങ്ങുംപള്ളിൽ, ഭാരവാഹികളായ ഹരി തറയത്ത്, ചാക്കോ ജോസഫ്, സണ്ണി തോമസ്, സിബി ജോസഫ് എന്നിവർ പറഞ്ഞു. അതേ സമയം ഫണ്ടുകൾ മുൻഗണന ക്രമത്തിൽ നൽകി വരുന്നതായാണ് വി.എഫ്.പി.സി.കെ അധികൃതർ പറയുന്നത്.
ഫണ്ട് ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ 15 ലക്ഷത്തോളം രൂപ കർഷകർക്ക് നൽകാനുണ്ടെന്നാണ് അധികൃതരുടെ കണക്കുകൾ. മുൻ വർഷങ്ങളിൽ കർഷകർക്ക് കൊടുക്കാനുള്ള പണം കൊടുത്ത് തീർക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.