മരണപ്പാച്ചിലിന് തടയിടും...
text_fieldsതൊടുപുഴ: റോഡിൽ മനുഷ്യജീവനും വാഹനങ്ങൾക്കും ഭീഷണിയുയർത്തി ചീറിപ്പായുന്ന ടോറസ്, ടിപ്പർ ലോറികളുടെ അമിതവേഗം നിയന്ത്രിക്കാൻ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിൽ രണ്ടു ദിവസങ്ങളിലായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 21 ടിപ്പുറുകൾക്കെതിരെ നടപടിയെടുത്തു. അമിതഭാരം കയറ്റിയത്, നിരോധിത സമയത്ത് ഓടിയത്, സാധന സാമഗ്രികൾ മൂടാതെയുള്ള ഓട്ടം, അനധികൃത പാർക്കിങ്, രൂപമാറ്റം വരുത്തുകയും ലൈറ്റുകൾ ഘടിപ്പിക്കുകയും ചെയ്യൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ ടിപ്പർ, ടോറസ് ലോറികൾക്കെതിരെയാണ് നടപടിയെടുത്തത്. ആകെ 64,000 രൂപ പിഴയീടാക്കി. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. രാജീവ് പറഞ്ഞു.
തിരുവനന്തപുരത്തടക്കം ഉണ്ടായ അപകടങ്ങളുടെ സാഹചര്യത്തിൽ സുരക്ഷിതമല്ലാത്തവിധം കരിങ്കല്ലും മെറ്റലും മണ്ണും കൊണ്ടുപോകുന്ന ടിപ്പർ, ടോറസ് ലോറികൾക്കെതിരേ നടപടി വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് പരിശോധനകളും നടപടികളുമായി രംഗത്തിറങ്ങിയത്. തിരക്കേറിയ റോഡാണെങ്കിൽപോലും യാതൊരു കരുതലും കൂടാതെയാണ് പല ഡ്രൈവർമാരും പായുന്നത്.
ടിപ്പർ, ടോറസ് ലോറികളിൽ ലോഡ് കയറ്റിപ്പോകുന്നതിന് നിഷ്കർഷിച്ച മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇവയുടെ സഞ്ചാരം. ശരിയായ രീതിയിൽ മൂടാതെയും വലിയ പാറക്കഷണങ്ങൾ ഏതുനിമിഷവും പുറത്തേക്കു തെറിച്ചുവീഴത്തക്ക നിലയിലുമാണ് പല ടിപ്പറുകളും പായുന്നത്. മണലും മെറ്റലുമായി പോകുന്ന ലോറികളുടെ മുകൾ ഭാഗം പിന്നാലെ വരുന്ന വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാകാതെ പൂർണമായി മൂടണമെന്നാണ് നിയമം. എന്നാൽ, ഇതു കൃത്യമായി പാലിക്കാറില്ല. പലപ്പോഴും പിന്നാലെ വരുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തേക്ക് മെറ്റലും പൊടിയുമൊക്കെ വീഴുന്ന സ്ഥിതിയാണ്. അമിത വേഗത്തിൽ വളവുകൾ തിരിമ്പോൾ ലോറിയിൽനിന്ന് മെറ്റലും പാറക്കല്ലുകളും റോഡിലേക്കു വീഴുന്നതും അപകടഭീഷണി ഉയർത്തുന്നുണ്ട്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയായി നിരോധിത സമയത്തും ടിപ്പറുകൾ ചീറിപ്പായുകയാണ്. രാവിലെ 8.30 മുതൽ പത്തുവരെയും വൈകുന്നേരം നാലു മുതൽ അഞ്ചുവരെയും ടിപ്പർ, ടോറസ് ലോറികൾ തിരക്കേറിയ റോഡുകളിൽ ഓടുന്നതിനു ജില്ലയിൽ നിരോധനമുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ ഇതു ലംഘിച്ചാണ് ടിപ്പറുകളുടെ സഞ്ചാരം.
പലപ്പോഴും പോലീസ്, റവന്യു വകുപ്പുകൾ ഇത്തരം അമിത ലോഡ് കയറ്റുന്ന വാഹനങ്ങൾ പിടികൂടാറുണ്ടെങ്കിലും പിന്നെയും നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുകയാണ്. പലപ്പോഴും വാഹനങ്ങൾ പരിശോധിക്കാനോ നടപടി എടുക്കാനോ അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ അമിത അളവിൽ മണ്ണും മണലും കയറ്റിപ്പോകുന്ന വാഹനങ്ങളിൽനിന്ന് പാറപ്പൊടിയും മണ്ണും പുറത്തേക്കു വരുന്നത് ഇരുചക്രവാഹന യാത്രക്കാർക്കും ബുദ്ധിമുട്ടാവുകയാണ്. പാറമടകളിൽനിന്നും മറ്റും ലോഡുമായി പോകുന്ന പല ടിപ്പറുകളും അമിത വേഗത്തിലാണു പായുന്നത്.
അമിത ഭാരം കയറ്റിയുള്ള ടോറസ് ലോറികളുടെ പതിവു സഞ്ചാരം റോഡിന്റെ തകർച്ചക്കും കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. തിരുവനന്തപുരത്തെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ടിപ്പറുകളെ പ്രത്യേകം നിരീക്ഷിക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.