മാലിന്യ സംസ്കരണം; നടപടി കടുപ്പിക്കുന്നു
text_fieldsതൊടുപുഴ: ശുചിത്വമാലിന്യ സംസ്കരണ മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ നടപടി കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ എണ്ണം കൂട്ടി. ഒരു എൻഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ല മുഴുവൻ പ്രവർത്തിക്കുക അസാധ്യമായതിനാലാണ് രണ്ടാമതൊന്നു കൂടി അനുവദിച്ചു.
ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ തദ്ദേശ ഭരണവകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ ചെയർമാനും ജില്ല ശുചിത്വമിഷൻ കോഓർഡിനേറ്റർ ജില്ലതല നോഡൽ ഓഫിസറായുമായിരിക്കും.
നിയമലംഘനം റിപ്പോർട്ട് ചെയ്യാം
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന ഏതൊരു വ്യക്തിക്കും തെളിവ് (ഫോട്ടോസ്, വീഡിയോസ്, സ്ഥലം, സമയം എന്നിവ) സഹിതം വാട്സ് ആപ് നമ്പർ വഴി റിപ്പോർട്ട് ചെയ്യാനും നിയമലംഘകരിൽനിന്ന് ഈടാക്കുന്ന പിഴ തുകയിൽനിന്ന് 25 ശതമാനം (പരമാവധി 2500 രൂപ വരെ) പാരിതോഷികമായി നേടാനും അവസരമുണ്ട്. സംസ്ഥാനത്ത് എവിടെയും ശുചിത്വമാലിന്യ സംസ്കരണമേഖലയിലെ നിയമലംഘനങ്ങൾ എന്ന വാട്സ് ആപ് നമ്പർ വഴി 24 മണിക്കൂറും റിപ്പോർട്ട് ചെയ്യാനാകും. ഇടുക്കിയുടെ വനമേഖലയും പ്രകൃതിഭംഗിയും ജലാശയങ്ങളും മലിനമാക്കുന്നവർക്ക് ഒരുമൊബൈൽ ക്ലിക്കിൽ നിങ്ങൾ പിടിക്കപ്പെടാം എന്ന താക്കീതുകൂടിയാകുമെന്ന തരത്തിലാണ് നടപടികൾ ശക്തമാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
1002 നിയമലംഘനങ്ങൾ; 34 ലക്ഷം പിഴ
ജില്ലയിൽ മാലിന്യ സംസ്കരണ മേഖലയിൽ 1002 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 34.17 ലക്ഷം രൂപ പിഴ ചുമത്തി. ഇതിൽ 8,20,030 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ശുചിത്വമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തൽ, അനധികൃതമായി നിക്ഷേപിച്ച മാലിന്യം പിടിച്ചെടുക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ സംഭരണം-ഉപയോഗം-വിൽപന മുതലായവക്കെതിരെ നടപടി സ്വീകരിക്കൽ, നിയമലംഘകർക്കെതിരെ തദ്ദേശസ്ഥാപനം മുഖേന സ്പോട്ട്ഫൈൻ ഈടാക്കുന്നതിനുള്ള നടപടികൾ എന്നീ ചുമതലകളാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റേത്. കൂടാതെ തദ്ദേശസ്ഥാപനതല വിജിലൻസ് സ്ക്വാഡുകളും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.