ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു
text_fieldsതൊടുപുഴ: വേനൽ കടുത്തതോടെ ജില്ലയിലെ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് ഗണ്യമായി താഴുന്നു. ജില്ലയിലെ ഭൂരിഭാഗം അണക്കെട്ടുകളിലും കഴിഞ്ഞവർഷം ഇതേസമയത്തെ അപേക്ഷിച്ച് ജലനിരപ്പ് വളരെ താഴെയാണ്. മഴ കുറഞ്ഞതും ചൂട് വർധിച്ചതിനും ആനുപാതികമായി ഉപഭോഗം കൂടിയതും വൈദ്യുതി ഉൽപാദനം ഉയർന്നതുമാണ് അണക്കെട്ടുകളിൽ ജലനിരപ്പ് താഴാൻ പ്രധാന കാരണം.
ഏതാനും ദിവസങ്ങളായി ജില്ലയുടെ പലഭാഗങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ശരാശരി ഉയർന്ന താപനില 32 ഡിഗ്രിയാണ്. വരും ദിവസങ്ങളിൽ ചൂട് കൂടാനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നത്. വേനൽ കടുത്തതോടെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങുകയും ഇത് പതിവിലും നേരത്തേ കുടിവെള്ളക്ഷാമം അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
കാർഷികോൽപാദനത്തിനും ചൂട് തിരിച്ചടിയായതായി കർഷകർ പറയുന്നു. ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ബുധനാഴ്ച ജലനിരപ്പ് 2357.16 അടിയാണ്. സംഭരണശേഷിയുടെ 52 ശതമാനം ജലമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞവർഷം ഇതേസമയം ജലനിരപ്പ് 2379.08 അടിയായിരുന്നു. മൂലമറ്റത്ത് വൈദ്യുതോൽപാദനം പരമാവധി ഉയർത്തിയത് ഇടുക്കിയിലെ ജലനിരപ്പ് താഴാൻ കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.