കരാറുകാരുടെ സമരം; അറ്റകുറ്റപ്പണിക്ക് ആളില്ല; ജലവിതരണം താളംതെറ്റി
text_fieldsതൊടുപുഴ: കുടിശ്ശിക ആവശ്യപ്പെട്ട് രണ്ടുമാസത്തിലേറെയായി തുടരുന്ന ജല അതോറിറ്റി മെയിന്റനന്‍സ് കരാറുകാരുടെ സമരം മൂലം ജില്ലയിലെ ജലവിതരണം ഭാഗികമായി നിലച്ചു. പൊട്ടിയ പൈപ്പുകള്‍ നന്നാക്കാത്തതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ആഴ്ചകളായി ജലവിതരണം മുടങ്ങിയിരിക്കുകയാണ്. സമരം തുടര്‍ന്നാല്‍ താഴ്ന്ന മേഖലയിലും വെള്ളം എത്താതാകും. സംസ്ഥാനത്തെ 600ല്‍പരം മെയിന്റനന്‍സ് കരാറുകാരാണ് സമരത്തിലുള്ളത്. ജില്ലയില്‍ 50ഓളം പേരും. 14 മാസത്തെ അറ്റകുറ്റപ്പണി നടത്തിയ വകയില്‍ 121 കോടിയാണ് സംസ്ഥാനതലത്തില്‍ കിട്ടാനുള്ളത്. ജല അതോറിറ്റി ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിച്ചിരിക്കുന്ന ബ്ലൂ ബ്രിഗേഡ് തൊഴിലാളികളെ ഉപയോഗിച്ചാണ് ഇപ്പോള്‍ പേരിനെങ്കിലും അറ്റകുറ്റപ്പണി നടത്തുന്നത്. നഗരസഭയും ഏഴ് പഞ്ചായത്തും അടങ്ങുന്ന തൊടുപുഴ ഒന്നാം ഡിവിഷനുകീഴില്‍ നാല് ബ്ലു ബ്രിഗേഡ് അംഗങ്ങള്‍ മാത്രമാണുള്ളത്.
ഇടവെട്ടി, വണ്ണപ്പുറം, കരിമണ്ണൂര്‍ മേഖലകളില്‍ ജലവിതരണം തീര്‍ത്തും അവതാളത്തിലാണ്. വണ്ണപ്പുറം പഞ്ചായത്തിലെ ഒരു മേഖലയില്‍ കുടിവെള്ളം ലഭിക്കുന്നേയില്ല. ഇടവെട്ടി-10, വണ്ണപ്പുറം-4, കരിമണ്ണൂര്‍-5, ഉടുമ്പന്നൂര്‍-2, തൊടുപുഴ നഗരസഭ -മൂന്ന് എന്നിങ്ങനെയാണ് ജലവിതരണ പൈപ്പുകളില്‍ കണ്ടെത്തിയ തകരാറുകളുടെ എണ്ണം. അതോറിറ്റി ഓഫിസിലേക്ക് നിരന്തരം എത്തുന്ന പരാതികള്‍ക്ക് മറുപടി പറയാനാവാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥര്‍. ഇടവെട്ടി ഡിപ്പോ, ഇടവെട്ടിച്ചിറ, നടയം, ശാസ്താംപാറ, ശാരദക്കവല, തൊണ്ടിക്കുഴ, കൊതകുത്തി, മേനോന് പറമ്പ് തുടങ്ങിയ മേഖലകളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടങ്ങളില്‍ പലയിടത്തും അഞ്ചുദിവസത്തിലധികമായി വെള്ളമെത്തിയിട്ട്. മഴക്കാലമായിട്ടും കുടിവെള്ളം വലിയ വില നല്കി വാഹനങ്ങളിലെത്തിക്കുകയാണ് നാട്ടുകാര്‍. 1000 ലിറ്റര്‍ വെള്ളത്തിന് 600 രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.