മോതിരത്തിലുണ്ട്, മുണ്ടക്കൈയുടെ സ്നേഹം
text_fieldsതൊടുപുഴ: സ്നേഹവും കരുതലും ഏറെയുള്ളവരായിരുന്നു അവർ... പൊട്ടിയൊലിച്ച് വന്ന ഉരുൾ ഉറ്റ രാത്രി കൊണ്ട് വയനാട്ടിലെ മുണ്ടക്കൈ ഗ്രാമത്തെ ഇല്ലാതാക്കിയത് ഉൾക്കൊള്ളാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി വണ്ടിപ്പെരിയാറിലെ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരൻ ജാഫർ അലി പറയുന്നു.
വയനാട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്കിടയിലും മുണ്ടക്കൈ വാസികൾ നൽകിയ ഒരു സ്നേഹ സമ്മാനം ജാഫറിന്റെ ഓർമകളെ പിന്നോട്ട് കൊണ്ടുപോകുകയാണ്. 2018 വരെ ആറ് വർഷം ഹാരിസൺ മലയാളം പ്ലാന്റേഷന്റെ മുണ്ടക്കൈ ഡിവിഷനിൽ ഫീൽഡ് ഓഫിസറായിരുന്നു ജാഫർ അലി.
2018ലാണ് അവിടെ ജോലിയിൽ നിന്ന് ഇറങ്ങുന്നത്. അന്ന് എല്ലാവരും ചേർന്ന് ഗംഭീര യാത്രയപ്പാണ് നൽകിയത്. അതിനിടെയാണ് സ്നേഹോപകാരമായി മുണ്ടക്കൈ എന്നെഴുതിയ മോതിരം സമ്മാനിക്കുന്നത്. സത്യത്തിൽ ഞെട്ടിപ്പോയി. അവർക്കിടയിൽ ഒരിക്കൽ പോലും ഒരു ഉദ്യോഗസ്ഥനായി പെരുമാറിയിട്ടില്ലെന്ന് ജാഫർ പറയുന്നു. അവരുടെ കരുതലും സ്നേഹവും ഒരിക്കലും മറക്കാനാകില്ല- ജാഫർ പറയുന്നു.
അവിടുത്തെ ജോലി അവസാനിപ്പിച്ച് സ്വന്തം നാടായ തൃശൂരിലേക്ക് മടങ്ങുമ്പോഴാണ് തൊഴിലാളികൾ സമ്മാനം കൈമാറുന്നത്. ‘മുണ്ടക്കൈ’ എന്ന് സ്നേഹത്തിൽ ചാലിച്ചെഴുതിയൊരു പൊൻ മോതിരമായിരുന്നു അത്. മുണ്ടക്കൈയുടെ സ്നേഹമാണിതെന്നും ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും അവർ ഓർമപ്പെടുത്തിയിരുന്നു. ഒറ്റ രാത്രി കൊണ്ട് മുണ്ടക്കൈ ഗ്രാമം ഇല്ലാതായതിന്റെ വേദനയിലാണ് ജാഫറും കുടുംബവും ഇപ്പോൾ. താനേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു നാടും നാട്ടുകാരും ഇല്ലാതായെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ജാഫറിനായിട്ടില്ല.
എങ്കിലും മുണ്ടക്കൈക്കാർ നൽകിയ മോതിരം ജാഫറും ഭാര്യ ഉമൈബയും നിധി പോലെ സൂക്ഷിക്കുകയാണ്. സ്നേഹം നിറഞ്ഞ നാടിന്റെ ശേഷിപ്പായി ഇനി ഇതുമാത്രമാണ് ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.