ഇനി ഞങ്ങളും സ്മാര്‍ട്ടാ
text_fieldsഇടുക്കി: സര്‍ക്കാറിെൻറ നൂറുദിന കർമ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതി വാഴത്തോപ്പ് പഞ്ചായത്തില്‍ ശ്രദ്ധേയമാകുന്നു. സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതിയുടെ ലക്ഷ്യം.
കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ബിരുദ വിദ്യാർഥികള്‍, ആശാ പ്രവര്‍ത്തകര്‍, അംഗൻവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്കി 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്നു. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതിയില്‍ 14 ജില്ലകളില്‍നിന്ന് തെരഞ്ഞെടുത്ത ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിനെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. കേരള സംസ്ഥാന സാക്ഷരത മിഷന് അതോറിറ്റിയും കൈറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതി പൂര്‍ത്തിയാക്കും.
ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിൽനിന്നായി 1102 പഠിതാക്കൾ പരിപാടിയുടെ ഭാഗമായി. കുറഞ്ഞത് 10 മണിക്കൂർ ക്ലാസുകള്‍ ഇവർക്ക് നൽകും. പഠിതാക്കളുടെ താൽപര്യം അനുസരിച്ചാണ് ക്ലാസുകള്‍ ക്രമീകരിക്കുക. കൂടുതൽപേരും തൊഴിലുറപ്പ് തൊഴിലാളികളും കര്‍ഷകരും ആയതിനാല്‍ വീടുകള്‍ക്ക് പുറമെ കൃഷിയിടങ്ങളും പൊതുഇടങ്ങളും ഡിജിറ്റല്‍ പഠനകളരിയായി മാറുകയാണ്. തൊഴിലുറപ്പ് ജോലിയുടെ ഇടവേളകളിലാണ് ക്ലാസുകള്‍ നടക്കുന്നത്.
പഞ്ചായത്തിലെ എല്ലാവര്ക്കും സ്മാര്‍ട്ട് ഫോണുകള്‍ ഇല്ല എന്നുള്ളത് പദ്ധതിക്ക് വെല്ലുവിളിയാണെങ്കിലും ഇന്‍സ്ട്രക്ടര്‍മാരുടെ ഫോണുകളില്‍ പരിശീലനം നേടാൻ അവസരമുണ്ട്. സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്തവരിലും ഡിജിറ്റല്‍ പഠനത്തിന്റെ പ്രാഥമിക അവബോധം സൃഷ്ടിക്കാന്‍ സാധിച്ചതായി സാക്ഷരത മിഷന് ജില്ല കോഓഡിനേറ്റര്‍ പി.എം. അബ്ദുൽ കരീം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.