ഒമ്പത് സ്കൂളുകളിൽ കാലാവസ്ഥ സ്റ്റേഷൻ
text_fieldsതൊടുപുഴ: മഴയുടെ അളവ്, കാറ്റിന്റെ വേഗത, അന്തരീക്ഷ മർദം, താപനില എന്നിവയുടെ കൃത്യമായ വിവരങ്ങളും മാറ്റങ്ങളും സ്കൂളിലിരുന്ന് ഇനി കുട്ടികൾക്കറിയാം. സ്കൂളുകളിൽ സമഗ്രശിക്ഷ കേരളയുടെ പിന്തുണയോടെയാണ് ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ (വെതർ സ്റ്റേഷൻ) സ്ഥാപിക്കാനൊരുങ്ങുന്നത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ജിയോഗ്രഫി വിഷയം പഠിപ്പിക്കുന്ന ഇടുക്കി ജില്ലയിലെ ഒമ്പത് ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുക. കുട്ടികൾ നടത്തുന്ന നിരീക്ഷണങ്ങൾ വിദ്യാലയങ്ങളിൽ തയറാക്കിയിരിക്കുന്ന ചാർട്ടുകളിൽ രേഖപ്പെടുത്തും.
ഓരോ സമയത്തും കാലാവസ്ഥയിൽ പ്രദേശികമായി സംഭവിക്കുന്ന മാറ്റം നിർണയിച്ച് ജനങ്ങൾക്ക് കൈമാറാൻ കഴിയും. സൂക്ഷ്മതല കാലാവസ്ഥ നിരീക്ഷണത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ വിദ്യാർഥികൾക്കും സമൂഹത്തിനും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
ശേഖരിച്ച പ്രാഥമിക വിവരങ്ങൾ സ്കൂൾ വിക്കിയിലും വിശദമായ വിവരങ്ങൾ സമഗ്രശിക്ഷ കേരളയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. 13 ഉപകരണങ്ങൾ സ്കൂളിൽ സജ്ജീകരിക്കും
ജില്ലയിൽ ജി.എച്ച്.എസ്.എസ് ദേവികുളം, ജി.എച്ച്.എസ്.എസ് കല്ലാർ, ജി.എച്ച്.എസ്.എസ് കുമളി, ജി.എച്ച്.എസ്.എസ് മുരിക്കാട്ടുകുടി, സി.പി.എം ജി.എച്ച്.എസ്.എസ് പീരുമേട്, ജി.എച്ച്.എസ്.എസ് പൂമാല, ജി.എച്ച്.എസ്.എസ് രാജാക്കാട്, ജി.എച്ച്.എസ്.എസ് തൊടുപുഴ, ജി.എച്ച്.എസ്.എസ് വെള്ളത്തൂവൽ എന്നീ സ്കൂളുകളാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിനായി വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഓരോ വിദ്യാലയത്തിനും എസ്.എസ്.കെ 13,300/ രൂപ വീതം അനുവദിക്കും.
തെർമോ മീറ്റർ, വെറ്റ് ഡ്രൈബൾബ് തെർമോമീറ്റർ, ഡിജിറ്റൽ ഹ്യുമിഡിറ്റി, ഹൈഗ്രോമീറ്റർ, ഡിജിറ്റൽ ആൾട്ടിമീറ്റർ വിത്ത് ഡിജിറ്റൽ കോമ്പസ്, ബാരോ മീറ്റർ, വെതർ ഫോർകാസ്റ്റർ, മഴമാപിനി, വിൻഡ് വേവ്, മിനിമം മാക്സിമം തെർമോമീറ്റർ, വെതർ ഡാറ്റാ ബുക്ക്, വെതർ ഡാറ്റാ ഡിസ്പ്ലേ ബോർഡ് തുടങ്ങിയ 13 ഉപകരണങ്ങൾ ഇതിന്റെ ഭാഗമായി സ്കൂളുകളിൽ സജ്ജീകരിക്കും. ഇവ ഉപയോഗിച്ച് ഓരോ ദിവസത്തെയും ദിനാവസ്ഥയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.