വ്യാപക പരാതി; ഉപഭോക്താക്കളെ വട്ടം കറക്കി ബി.എസ്.എൻ.എൽ
text_fieldsതൊടുപുഴ: ബി.എസ്.എൻ.എൽ നമ്പറുകളിലേക്ക് ഔട്ട് ഗോയിങ് കോളുകൾ കിട്ടാത്തത് ഉപഭോക്താക്കളെ വട്ടം കറക്കുന്നു. തൊടുപുഴ നഗരത്തിൽ അടക്കം ഒരു മാസത്തിലേറെയായി പ്രശ്നം നിലനിൽക്കുന്നതായി ഉപഭോക്താക്കൾ പറയുന്നു. വിളിക്കുന്ന ആളുകൾക്ക് ഫുൾ റിങ് കേൾക്കുമെങ്കിലും നമ്പർ ഉപയോഗിക്കുന്ന വ്യക്തിക്ക് കോൾ വരില്ല. നാലോ അഞ്ചോ തവണ വിളിക്കുമ്പോൾ ചിലപ്പോൾ കണക്ട് ആയാലായി. കൂടാതെ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾ മറ്റു നമ്പറുകളിലേക്ക് വിളിക്കുമ്പോൾ കോൾ കണക്ടാവുന്നില്ല.
ഇതുമൂലം അവശ്യഘട്ടങ്ങളിൽ ഉപഭോക്താക്കൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. തിരിച്ച് വിളിക്കാത്തതെന്താണെന്ന് വിളിക്കുന്നവർ ചോദിക്കുമ്പോഴാണ് പലരും വിവരം അറിയുന്നത് തന്നെ. ചിലപ്പോഴൊക്കെ ഫോൺ ഓഫ് അല്ലെങ്കിലും സ്വിച് ഓഫ് എന്ന മറുപടി ലഭിക്കുന്നുവെന്നും ഉപഭോക്താക്കൾ പറയുന്നു. കസ്റ്റമർ കെയറിലടക്കം ആളുകൾ വിളിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. ഹൈറേഞ്ച് മേഖലയിലും ബി.എസ്.എൻ.എൽ മൊബൈൽ ഫോണിന്റെ നെറ്റ് വർക്ക് തകരാർ വർധിച്ചതോടെ ഉപഭോക്താക്കൾ ദുരിതത്തിലാണ്.
കോളുകൾ കണക്ട് ആയാലും അപ്രതീക്ഷിതമായി കട്ടായി പോകുന്ന സ്ഥിതി. സംസാരം മുറിഞ്ഞുപോകുന്നത് മൂലം ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയുന്നില്ല. പലരും ഇതിനോടകം സ്വകാര്യ സേവന ദാതാക്കളിലേക്ക് ചേക്കേറുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചാലും വലിയ പ്രതീക്ഷ വേണ്ട. ഏറെ നേരത്തെ ശ്രമഫലമായി കോൾ കണക്ട് ആയാൽ തന്നെ ‘ഞങ്ങൾ ബന്ധപ്പെട്ട വിഭാഗത്തിൽ ഉടൻ അറിയിക്കാം, ഇപ്പോ ശരിയാക്കാം’ എന്നതാണ് പതിവുപല്ലവി.
എന്നാൽ ഫോൺ റീചാർജ്ജ് ചെയ്യേണ്ട ദിവസമടുക്കും മുമ്പ് തന്നെ ‘വാലിഡിറ്റി അവസാനിക്കാറായിരിക്കുന്നു, തടസ്സമില്ലാത്ത സേവനങ്ങൾക്ക് ഉടൻ റീചാർജ്ജ് ചെയ്യുക’ എന്ന ടെക്സ്റ്റ് മെസേജ് മൂന്ന് നേരം അയക്കുന്നതിൽ മാത്രം കൃത്യത നിലനിർത്തുന്നുമുണ്ട്. ജില്ലയിൽ ഓരോ മുക്കിലും മൂലയിലും വരെ ഒരുകാലത്ത് ടെലി കമ്യൂണിക്കേഷൻ സേവനം എത്തിച്ചുനൽകിയിരുന്ന ലാൻഡ് ഫോണുകളിൽ ഒട്ടുമിക്കവയും ഇന്ന് അപ്രത്യക്ഷമായി കഴിഞ്ഞു. തകരാറുകൾ പതിവായതോടെ മനസ്സുമടുത്ത് വലിയൊരു വിഭാഗം തങ്ങളുടെ പ്രിയപ്പെട്ട ലാൻഡ്ഫോൺ കണക്ഷനുകൾ ഉപേക്ഷിച്ചിട്ടുണ്ട്.
പലപ്പോഴും പ്രവർത്തനരഹിതമാണെങ്കിലും ലാൻഡ് ഫോണിനോടും തങ്ങൾ മോഹിച്ചുവാങ്ങിയ നമ്പറിനോടുമുള്ള സ്നേഹം മുന്നിൽ കണ്ട് മുടങ്ങാതെ വെറുതെ മാസം മാസം ബിൽ തുക അടക്കുന്നവരുമുണ്ട്. പരാതി അറിയിച്ച് ഒട്ടേറെപ്പേർ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് വിളിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ല. ടവറുകളുടെ ശേഷി കൂട്ടുന്നതടക്കമുള്ള ജോലികൾ നടക്കുന്നതാണ് തടസ്സത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.