മലയോരം കാല്ക്കീഴിലാക്കി വന്യജീവികള്‍; നോക്കുകുത്തിയായി വനം വകുപ്പ്
text_fieldsതൊടുപുഴ: ജില്ലയുടെ വിവിധ മേഖലകളില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുമ്പോള്‍ നോക്കുകുത്തിയായി വനംവകുപ്പ്. മലയോരം കാല്ക്കീഴിലാക്കി വന്യജീവികള്‍ ആക്രമണം തുടരുമ്പോള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ് കര്‍ഷകര്‍ അടക്കമുള്ളവര്‍. ചിന്നക്കനാല്‍ മേഖലയില്‍ കാട്ടാനയാക്രമണം നിത്യ സംഭവമായിട്ടും പരിഹരിക്കാനായിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ 301 കോളനിയിലെ ജനവാസ മേഖലയിലെത്തിയ ചക്കക്കൊമ്പന് വയല്‍പ്പറമ്പില്‍ ഐസക്കിന്റെ വീടാക്രമിച്ചിരുന്നു. പിന്നാലെ ദുഃഖവെള്ളിയാഴ്ച സിങ്കുകണ്ടത്തെത്തിയ ഒറ്റയാന് മേഞ്ഞുകൊണ്ടിരുന്ന പശുവിനെയാണ് ആക്രമിച്ചത്. പശുവിനെ മേയ്ച്ചു കൊണ്ടിരുന്ന സരസമ്മ ഓടിരക്ഷപ്പെടുകയായിരുന്നു. അരിക്കൊമ്പനെ നാടുകടത്തിയതിന് പിന്നാലെ ചക്കക്കൊമ്പന് എന്ന ഒറ്റയാന് മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇതുകൂടാതെ മുറിവാലന് കൊമ്പനും മറ്റ് കാട്ടാനകളും പ്രദേശത്ത് ചുറ്റിത്തിരിയുന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സിങ്കുകണ്ടം, 301 കോളനി, ആനയിറങ്കല്‍, ബിഎല്‍റാം, ശങ്കരപാണ്ഡ്യന്‍മെട്ട്, തലക്കുളം, കോരംപാറ തുടങ്ങിയ പ്രദേശങ്ങളാണ് കൂടുതലായും കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടുന്നത്.
ഈ പ്രദേശങ്ങളിലെ ജനവാസ മേഖലകള്‍ എല്ലാം മാസങ്ങളായി കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്.ചക്കക്കൊമ്പനാണ് കൂടുതലും ആക്രമണം നടത്തുന്നത്. വീടുകള്‍ തകര്‍ക്കുക, കൃഷി നശിപ്പിക്കുക, ജനങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുക തുടങ്ങിയവയാണ് ഈ കാട്ടുക്കൊമ്പന്റെ രീതി. വനത്തിനുള്ളില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്തതാണ് കൊമ്പന്മാര് ജനവാസ മേഖലയിലെത്തുന്നതിന്റെ പ്രധാന കാരണമെന്നും അനുഭവസ്ഥര്‍ പറയുന്നു. കുമളിക്ക് സമീപം സ്പ്രിങ്വാലിയിലാണ് കാട്ടുപോത്താക്രമണത്തില്‍ യുവാവിന് പരിക്കേറ്റത്.
പ്രദേശവാസി മുല്ലമല രാജീവി(49) നെയണ് കാട്ടുപോത്ത് കൊമ്പില്‍ കുത്തിയെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രാജീവ് പാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്പ്രിംഗ് വാലി, വിശ്വനാഥപുരം പ്രദേശങ്ങളില്‍ പകല്‍ പോലും കാട്ടുപോത്ത് കൂട്ടങ്ങള്‍ കൃഷിയിടങ്ങളില്‍ അടക്കം കറങ്ങി നടക്കുന്നത് പതിവാണ്. വനാതിര്‍ത്തി പ്രദേശങ്ങളായ ഇവിടെ ട്രഞ്ചോ വൈദ്യുതി വേലിയോ ഇല്ല. 25 ഓളം കാട്ടുപോത്തുകള്‍ ഇവിടെ വിഹരിക്കുന്നുണ്ട്. ഇവയെ തുരത്താന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.