വന്യമൃഗ ശല്യത്തിൽ വലഞ്ഞ് വേളൂർ; കാട്ടാനകൾ കൂട്ടത്തോടെ കൃഷി നശിപ്പിച്ചു
text_fieldsതൊടുപുഴ: ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ വേളൂരില്‍ കര്‍ഷകര്‍ക്ക് ഭീഷണിയായി കാട്ടാനകൾ. കഴിഞ്ഞ ദിവസം മേഖലയില്‍ കൂട്ടത്തോടെയിറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. വേളൂര്‍ പൊങ്ങംപാറ ഭാഗത്ത് വാഴയില്‍ ജോര്‍ജ്, ജോണി, സണ്ണി എന്നിവരുടെ പൂരയിടത്തിലെ വാഴ, തെങ്ങ്, കമുക് എന്നിവയാണ് നശിപ്പിച്ചത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.
ഞായറാഴ്ച രാത്രിയാണ് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മേഖലയില്‍ കാട്ടാനയിറങ്ങിയത്. തേക്ക് പ്ലാന്റേഷനില്‍ ചുറ്റപ്പെട്ട പ്രദേശമാണ് വേളൂര്‍. കഴിഞ്ഞ മഴക്കാലത്തും ഇവിടെ കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. പ്രതിരോധിക്കാന്‍ കര്‍ഷകര്‍ തീര്‍ത്ത വേലി മാത്രമാണുള്ളത്. എന്നാല്‍ ആനകള്‍ ഇവ തകര്‍ത്താണ് കൃഷിയിടത്തിലേക്ക് കടക്കുന്നത്. വൈദ്യുതി വേലി സ്ഥാപിക്കാന്‍ കര്‍ഷകര്‍ വനംവകുപ്പിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.
അമ്പതിനു മേല്‍ വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരുന്നവരാണ് കാട്ടാന ഭീതിയില്‍ കഴിയുന്നത്. എന്നാല്‍ വന്യജീവി ആക്രമണത്തില്‍ വനംവകുപ്പിനോട് പരാതി പറഞ്ഞാലും നടപടിയുണ്ടാകാറില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കി ഒഴിപ്പിക്കുന്ന പദ്ധതി നഗരസഭ ആവിഷ്‌കരിച്ചിട്ടുണ്ട്. പുരയിടത്തില്‍ നിന്നും ഒഴിഞ്ഞു പോകുന്നവര്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇതു വാങ്ങി ഒഴിഞ്ഞു പോകാനാണ് വനംവകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.
എന്നാല്‍ അരയേക്കര്‍ മുതല്‍ ഏക്കറു കണക്കിന് സ്ഥലമുള്ളവര്‍ വരെയുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം നഷ്ടപരിഹാരമായി ലഭിക്കുക 15 ലക്ഷം രൂപ മാത്രമാണ്. ഇതില്‍ ആദ്യ ഗഡുവായി ഏഴു ലക്ഷം ലഭിക്കും. ബാക്കി തവണകളായാണ് നല്‍കുന്നത്. ഫലത്തില്‍ കര്‍ഷകര്‍ക്ക് ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്നു മാത്രമല്ല വര്‍ഷങ്ങളായി കൃഷി ചെയ്തു പോരുന്ന ഭൂമി നഷ്ടമാകുകയും ചെയ്യും.അടിയന്തരമായി സർക്കാർ പ്രശ്നത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.