കൃഷി നശിപ്പിച്ച് പടയപ്പ; ചിന്നക്കനാലിലും ആക്രമണം
text_fieldsതൊടുപുഴ: മൂന്നാർ, ചിന്നക്കനാൽ മേഖലകളിൽ മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് അറുതിയാകുന്നില്ല. കാട്ടാനശല്യം ഏറിവരുന്നതിൽ വനം വകുപ്പിന്റെ വീഴ്ച ഒന്നു മാത്രമാണെന്നാണ് പരിസരവാസികൾ പറയുന്നത്.
വ്യാഴാഴ്ച പുലർച്ചയോടെ ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ വീണ്ടും പടയപ്പ ഇറങ്ങി. കൃഷിത്തോട്ടത്തിൽ എത്തിയ ആന കൃഷി നശിപ്പിച്ചു.
വിവരമറിഞ്ഞ് ആർ.ആർ.ടി സംഘം എത്തി ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതുകൂടാതെ ചിന്നക്കനാലിലും വീണ്ടും കാട്ടാന ആക്രമണം നടത്തി. സിങ്കുകണ്ടം സെന്റ്തോമസ് പള്ളിയുടെ സംരക്ഷണവേലി ആന തകർത്തു. ഏലം കൃഷിയും നശിപ്പിച്ചു
ചക്കകൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നു. ബുധനാഴ്ച പുലർച്ച നാലിടത്താണ് ആനയിറങ്ങി ഭയപ്പെടുത്തിയത്.
തലയാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച പശുവിനെ കടുവ കൊന്ന് തിന്നു. കടുകുമുടിയിൽ മുനിയാണ്ടി മേയാൻ വിട്ട പശുവിനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തലയാറിൽ കടുവയെ ഭയന്ന് മൃഗങ്ങളെ വളർത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് ഇവിടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.
മാസങ്ങളായി വന്യമൃഗങ്ങൾ ജനവാസ മേഖലയിലും വനാതിർത്തികളിലും വിഹരിക്കുമ്പോൾ ഇവയെ കാട്ടിൽ തന്നെ നിർത്തുന്നതിനുള്ള ഒരു നടപടിയും വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
വേനൽ കടുത്തുതുടങ്ങിയതോടെ വന്യമൃഗ ശല്യം കൂടിയതെന്നും ഇവർ പറയുന്നു. വനത്തിനുള്ളിൽ ജിവികൾക്ക് ഭക്ഷണവും വെള്ളവും ഒരുക്കിയാൽ ഒരു പരിധിവരെ ഇവയുടെ ശല്യം നിയന്ത്രിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.