ആനയാണ് കാര്യം...
text_fieldsതൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണം നേരിടാത്ത ഒരൊറ്റ ദിവസം പോലും ജില്ലയിലെ ജനങ്ങൾക്കില്ല. കാടിറങ്ങുന്ന കാട്ടാനകളും കാട്ടുപോത്തും പുലിയും കരടിയുമൊക്കെ ഹൈറേഞ്ച് മേഖലകളിൽ ഉറക്കം കൊടുത്തുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കുന്നതുകൊണ്ട് മാത്രമാണ് പലപ്പോഴും ജീവൻ രക്ഷപ്പെടുന്നത്. ഇതുവരെ വന്യമൃഗങ്ങൾ ഇറങ്ങാത്ത നഗരമേഖലകളിൽ പോലും അടുത്തിടെ വന്യമൃഗങ്ങൾ എത്തുന്ന സാഹചര്യം.
രാത്രി സമയങ്ങളിൽ പ്രധാന റോഡുകളിലൂടെപോലും വന്യമൃഗങ്ങളെ ഭയക്കാതെ പോകാനാവാത്ത സ്ഥിതിയായി. നടപടിയെടുക്കേണ്ട വനം വകുപ്പ് അധികൃതരാകട്ടെ നിരീക്ഷിച്ച് വരുന്നു എന്ന് പറയുന്നതല്ലാതെ ഇവയെ കാടുകയറ്റാനോ ജനങ്ങളുടെ ഭീതി കുറക്കാൻ വേണ്ട നടപടികൾ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ വന്യമൃഗ ശല്യം നേരിടുന്ന പ്രദേശങ്ങളിലുള്ളവർ പ്രതികരിക്കുന്നു...
ഒഴിയാതെ കാട്ടാനകൾ; കുടിവെള്ളമെടുക്കുന്നത് ജീവൻ കൈയിൽ പിടിച്ച്
അടിമാലി: കൊഴിപ്പനക്കുടി ആദിവാസി കുടുംബങ്ങൾ വെള്ളം എടുക്കുന്നത് ജീവൻ പണയംവെച്ച്. കാട്ടാനകളുടെയടക്കം കണ്ണുവെട്ടിച്ച് വേണം വെള്ളം എടുക്കാൻ.
ശാന്തൻപാറ പഞ്ചായത്തിലെ കൊഴിപ്പനക്കുടിയിലെ ഇരുപതിലധികം ആദിവാസി കുടുംബങ്ങൾ ശുദ്ധജലത്തിനായി അനുഭവിക്കുന്നത് സമാനതകളില്ലാത്ത ബുദ്ധിമുട്ടാണ്. കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള വഴിയിലൂടെ ഒരു കിലോമീറ്ററിലധികം നടന്ന് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തിൽനിന്നാണ് തലച്ചുമടായി വെള്ളം കുടിയിലെത്തിക്കുന്നത്.
കാട്ടാനയെ ഭയന്ന് കുടിയിലെ വീട്ടമ്മമാർ കൂട്ടമായാണ് വെള്ളം കൊണ്ടുവരാൻ പോകാറുള്ളത്. വന്യമൃഗങ്ങളും ഈ കുളത്തിൽനിന്നു തന്നെയാണ് വെള്ളം കുടിക്കുന്നത്. വെള്ളമെടുക്കാൻ പോയവരെ കാട്ടാന ഓടിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 2014-15ൽ ഒമ്പതുലക്ഷം രൂപ മുടക്കി ഇവിടെ ശുദ്ധജല പദ്ധതി പൂർത്തിയാക്കിയെങ്കിലും വെള്ളം ലഭിച്ചത് കുറച്ചു മാസങ്ങൾ മാത്രം.
അതിന് ശേഷം ജനപ്രതിനിധികളാരും ഇവിടേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. 2023 ജനുവരി 25ന് കൊഴിപ്പനക്കുടി സ്വദേശിയായ വനം വകുപ്പ് വാച്ചർ ശക്തിവേൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അതിനുശേഷം കുടിയിലെത്തിയ ജനപ്രതിനിധികൾ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വാക്ക് നൽകിയതാണ്. എന്നാൽ, 14 മാസം കഴിഞ്ഞിട്ടും പഴയ അവസ്ഥ തുടരുന്നു.
കോളനിക്ക് കാവലായി അനുശ്രീയും സംഘവും
പീരുമേട്: പ്ലാക്കത്തടം ഗ്രാമനിവാസികൾക്ക് കഴിഞ്ഞ 11 വർഷമായി രാത്രിയിൽ ഉറക്കമില്ല. ട്രൈബൽ സെറ്റിൽമെൻറ് കോളനിയായ കോളനിയിൽ ആനയുടെ തേർവാഴ്ചയാണ്. ഗ്രാമനിവാസിയായ അനുശ്രീയുടെ നേതൃത്വത്തിൽ ഒരുകൂട്ടം ചെറുപ്പക്കാർ ഉറക്കമിളച്ച് പ്ലാക്കത്തടം കോളനിക്ക് രാത്രിയിൽ കാവലിരിക്കുന്നു.
രാത്രിയിൽ ഏതുനിമിഷവും ആനകൾ വീടിന് സമീപം വരെ എത്താം ചെറിയ ശബ്ദം കേട്ടാലുടൻ ടോർച്ചുകളും കാർബൈഡ് ഉപയോഗിച്ച് ശബ്ദം പുറപ്പെടുവിക്കുന്ന പി.വി.സി സന്നാഹവുമായി പുരയിടത്തിൽ ഇറങ്ങുകയാണ്. രാത്രിയിൽ ആനകളെ തുരത്തൽ ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒരുദിവസം അശ്രദ്ധ ഉണ്ടായാൽ വീടുവരെ ആനകൾ ഇടിച്ചു നിരത്തും.
പീരുമേട് ഗ്രാമപഞ്ചായത്തിലെ കല്ലാർ, അഴുതയാർ, കല്ലാർ പുതുവയൽ, പീരുമേട് തോട്ടാപ്പുര, കരണ്ടകപ്പാറ, കച്ചേരിക്കുന്ന്, ട്രഷറി ഓഫിസ്, സർക്കാർ അതിഥി മന്ദിരം, എൽ.പി സ്കൂൾ, അഗ്നിരക്ഷാസേന ഓഫിസ് തുടങ്ങിയ മേഖലകളിലെല്ലാം ആനശല്യം രൂക്ഷമാണ്. മേഖലയിലെ 120ൽപരം കുടുംബങ്ങൾക്ക് നാശനഷ്ടം നേരിട്ടു. കൃഷിഭൂമിയിലിറങ്ങിയ ആനകളെ വനംവകുപ്പ് അധികൃതർ പടക്കം പൊട്ടിച്ച് തുരത്തിയാലും വീണ്ടും എത്തി നാശം വിതക്കുകയാണെനന് പ്രദേശവാസികൾ പറയുന്നു.
വന്യമൃഗ ഭീതിയിൽ കോഴിമല മരുതുംകവല നിവാസികൾ
കട്ടപ്പന: വന്യമൃഗ ഭീതിയിൽ വലയുകയാണ് കോഴിമല മരുതുംകവല നിവാസികൾ. കാട്ടാനയെയും കാട്ടുമൃഗങ്ങളെയും ഭയന്നാണ് പ്രദേശത്തെ നിരവധി കുടുംബങ്ങൾ കഴിയുന്നത്. പ്രദേശത്തെ ഉപകാരപ്രദമല്ലാത്ത ഫെൻസിങ് ലൈനുകൾക്ക് പകരം ട്രഞ്ച് നിർമിക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.
കാഞ്ചിയാർ പഞ്ചായത്തിലെ ഒന്നാം വാർഡ് കോഴിമലയിൽ വനാർത്തിയോട് ചേർന്നുള്ള മരുതുംകവല നിവാസികളാണ് ദുരിതത്തിൽ കഴിയുന്നത്. 150ഓളം ആദിവാസികൾ ഉൾപ്പെടെ 300 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പ് സ്ഥാപിച്ച ഫെൻസിങ് ലൈനുകൾ ഇതു വരെയായി പ്രവർത്തന സജ്ജമാക്കുകയോ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുകയോ ചെയ്തിട്ടില്ല.
വന്യമൃഗ ശല്യത്തിന്റെ ഏറ്റവും രൂക്ഷത അനുഭവിക്കുന്നത് തന്നാണ്ട് കർഷകരാണ്. കപ്പ, ചേന, ചേമ്പ് പോലുള്ള കൃഷികൾ വന്യമൃഗ ശല്യത്താൽ കർഷകർ പൂർണമായും ഉപേക്ഷിച്ചു. ഏലം, കാപ്പി, കുരുമുളക് ഉൾപ്പെടെയുള്ള കൃഷിവിളകളും വന്യമ്യഗങ്ങൾ നശിപ്പിക്കുന്നത് വ്യാപകമാണ്. അതിൽതന്നെ ഏലമാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. കാട്ടാന ശല്യവും കൂട്ടമായെത്തുന്ന കുരങ്ങുകളും ഏലം കർഷകർക്ക് വൻ നാശമാണ് സൃഷ്ടിക്കുന്നത്.
കാട്ടാനയും കാട്ടുപ്പന്നി, മ്ലാവ്, കുരങ്ങുകൾ എന്നിവയെല്ലാം കൃഷിയിടത്തിലിറങ്ങുന്നുണ്ട്. ജനവാസ മേഖലയിലെ അഞ്ച് കിലോമീറ്റർ വരുന്ന വനാതിർത്തിയിൽ വർഷങ്ങൾക്ക് മുമ്പാണ് വനം വകുപ്പ് ഫെൻസിങ് സ്ഥാപിച്ചത്.
എന്നാൽ, ഇതിലേക്ക് ആവശ്യമായ വൈദ്യുതി നൽകുകയോ പ്രവർത്തനക്ഷമമാക്കുകയോ നാളിതു വരെ ചെയ്തിട്ടില്ല. പകരം വനാതിർത്തിയിൽ ട്രഞ്ച് കുഴി തീർക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാൽ, ഇത്തരം ട്രഞ്ച് കുഴികൾ തീർക്കുന്നത് ജണ്ടക്കുള്ളിൽ വനം വകുപ്പിന്റെ സ്ഥലത്ത് കുഴിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
മുമ്പ് പ്രദേശവാസികളുടെ സ്ഥലത്ത് ട്രഞ്ച് നിർമിക്കണമെന്ന നിർദേശവുമായി അധികൃതർ വന്നിരുന്നു. കൈവശം വെച്ചിരിക്കുന്ന സ്ഥലം പിടിച്ചെടുത്ത് ജണ്ട ഇട്ട ശേഷം വീണ്ടും ജനങ്ങളുടെ ആകെയുള്ള സ്ഥലത്തുകൂടി ട്രഞ്ച് നിർമിക്കണമെന്ന നിർദേശം അംഗികരിക്കില്ലെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.