റോഡിലിറങ്ങി കാട്ടാന; ഭയന്ന സ്കൂട്ടര്‍ യാത്രികർക്ക് വീണ് പരിക്ക്
text_fieldsതൊടുപുഴ: റോഡിലിറങ്ങിയ കാട്ടാനയെക്കണ്ട് ഭയന്ന സ്കൂട്ടര്‍ യാത്രക്കാര്‍ അപകടത്തിൽപെട്ടു. ഒരാളുടെ കൈ ഒടിയുകയും മറ്റെയാളുടെ കൈയുടെ കുഴതെറ്റുകയും ചെയ്തു. ഇരുവര്‍ക്കും ദേഹമാസകലം പരിക്കുമുണ്ട്.
ശനിയാഴ്ച രാത്രി 10.30നാണ് സംഭവം. പൈങ്ങോട്ടൂരിൽനിന്ന് മുള്ളരിങ്ങാടിന് വരുന്നവഴിക്ക് ചാത്തമറ്റത്തുവെച്ചാണ് റോഡില്‍ നില്ക്കുന്ന ആനയെ കാണുന്നത്. ഭയന്ന ഇവർ പെട്ടെന്ന് വാഹനം എതിർവശത്തേക്ക് വെട്ടിക്കുകയും റോഡരികില്‍ കൂട്ടിയിട്ട ജലനിധി പൈപ്പില്‍ കയറി മറിയുകയുമായിരുന്നു.
വാഹനത്തിനും വലിയതോതില്‍ കേടുപാടുണ്ട്. ഇവര്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുള്ളരിങ്ങാട് പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഇതിനെ നിയന്ത്രിക്കാന്‍ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ വനം വകുപ്പ് ഓഫിസിന് മുന്നിൽ നടത്തിയ സമരത്തെ തുടര്‍ന്ന് മൂന്ന് കിലോമീറ്റർ ഭാഗത്ത് വേലികെട്ടിയിരുന്നു.
എന്നാല്‍, ഒരുവശത്തുമാത്രം വേലികെട്ടിയതുകൊണ്ട് പ്രയോജനം ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡില്‍ സോളാര്‍ ലൈറ്റും റോഡിനിരുവശവും വേലിയും നിർമിച്ച് വനവും റോഡും തമ്മില്‍ വേര്‍തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വനംവകപ്പ് അനങ്ങാപ്പാറനയമാണ് തുടരുന്നതെന്നും നാട്ടുകാർ ആരോപിച്ചു. തെങ്ങും റബറും ഉള്‍പ്പെടെ സര്‍വത്ര കൃഷികളും കാട്ടാനയും കാട്ടുപന്നിയും കുരങ്ങുകളും നശിപ്പിച്ചിട്ടും ഇവയെ നിയന്ത്രിക്കാന്‍ തയാറാകാത്ത വനംവകുപ്പ് നടപടിയില്‍ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുകയാണ് കര്‍ഷകരെന്ന് പഞ്ചായത്ത് അംഗം ജിജോ ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.