നാട്ടിൽ വിലസി ആനകൾ, വിറച്ച് ജനം
text_fieldsജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ പുഴയിലൂടെ നീങ്ങുന്നു
തൊടുപുഴ: തൊടുപുഴക്കടുത്ത പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയെന്ന് ഇപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് ആളുകൾ അധിവസിക്കുന്ന ഈസ്റ്റ് കലൂരിലാണ് കാട്ടാനകൾ ജനങ്ങളെ മുൾമുനയിൽ നിർത്തിയത്. തൊടുപുഴ നഗരത്തിൽനിന്ന് ഏറിയാൽ പത്ത് കിലോ മീറ്റർ മാത്രം ദൂരമുള്ളിടത്താണ് ആനകളുടെ ഈ വിലസൽ.
പരിസരങ്ങളിലെങ്ങും വനം പോലുമില്ലാതെ കുമാരമംഗലം, കോടിക്കുളം പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ കാട്ടാനകൾ വന്നത് ജനത്തെ ഭീതിയിലാഴ്ത്തി. കോടിക്കുളം പഞ്ചായത്തിനടുത്തുള്ള വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാടും എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റത്തും ആനശല്യം ഉള്ളതായി പ്രദേശവാസികൾക്കറിയാം.
എന്നാല്‍, ഇവ തങ്ങളുടെ പ്രദേശത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളരിങ്ങാട് നിന്ന് വന്ന ആന പൈങ്ങാട്ടൂര് പഞ്ചായത്തിലെ ചാത്തമറ്റം, പുന്നമറ്റം വഴി കുമാരമംഗലം പഞ്ചായത്തിലെ പൈയാവ് എത്തുകയും അവിടെനിന്ന് കാളിയാര്‍പുഴ കടന്ന് പാറപ്പുഴ പടിക്കപ്പാടത്ത് എത്തുകയുമായിരുന്നു.
പലരുടെയും വീടുകൾക്ക് മുന്നിലൂടെയായിരുന്നു കാട്ടാനയുടെ ഓട്ടം. പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി. പടിക്കപ്പാടത്തെത്തിയ ആനകള്‍ പരിതപ്പുഴ ചപ്പാത്ത് കടന്ന് വീണ്ടും കടവൂർ ചാത്തമറ്റം ഭാഗത്തേക്ക് നീങ്ങി. ഇവയെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.