വന്യമൃഗ ശല്യം: ഇടുക്കിയിൽ അഞ്ച് വർഷത്തിനിടെ അരക്കോടിയുടെ കൃഷി നാശം
text_fieldsതൊടുപുഴ: അഞ്ച് വർഷത്തിനിടെ വന്യമൃഗ ശല്യം മൂലം ജില്ലയിൽ 47.24 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. 2019 മുതൽ 2023 വരെ 28 ഹെക്ടറിലായി 4724226 കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. വാഴ, കരിമ്പ്, കുരുമുളക്, റബർ, തെങ്ങ്, ഏലം എന്നിങ്ങനെയാണ് കൃഷി നാശം കുടുതലും. കാന്തല്ലൂർ, മാങ്കുളം, മന്നാം കണ്ടം, മറയൂർ, ചക്കുപള്ളം, ഉപ്പുതറ, വണ്ടൻമേട്, അണക്കര, കാഞ്ചിയാർ എന്നീ മേഖലകളിലാണ് കൂടുതലും കൃഷി നാശം. റിപ്പോർട്ട് ചെയ്യാത്തതുൾപ്പെടെ 50 ലക്ഷം രൂപക്ക് മുകളിൽ കൃഷി നാശമാണ് ഉണ്ടായതെന്നാണ് കൃഷി വകുപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും മറ്റുമാണ് ഹൈറേഞ്ച് മേഖലയിൽ പല കർഷകരും കൃഷി ചെയ്യുന്നത്. വന്യ മൃഗങ്ങളുടെ ശല്യമില്ലാതിരുന്നുവെങ്കിൽ കൃഷി ആദായകരമാകുമെന്നാണ് കൃഷിക്കാർ പറയുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൃഷിയിടത്തിലിറങ്ങുന്ന വന്യ മൃഗങ്ങൾ ഇവരുടെ അധ്വാനത്തെ ഇല്ലാതാക്കുകയാണ്. അടിമാലിക്ക് സമീപം മന്നാംകണ്ടത്ത് ഒമ്പത് ലക്ഷം രൂപയുടെ കൃഷി നാശമാണ് ഇക്കാലയളവിൽ ഉണ്ടായത്. വാഴ കൃഷിയാണ് ഇവിടെ കാട്ടാനകളടക്കം എത്തി നിലം പരിശാക്കിയത്. കാന്തല്ലൂർ, മറയൂർ മേഖലയിൽ കരിമ്പ്, ഏത്ത വാഴ തുടങ്ങിയവയും വന്യ മൃഗങ്ങൾ ഇറങ്ങി നശിപ്പിച്ചു. കാന്തല്ലൂർ കൃഷി ഭവന് കീഴിൽ 87,500 രൂപയുടെയും മറയൂരിൽ 4,38,600 രൂപയുടെയും കൃഷി നാശവും ഉണ്ടാക്കി. മാങ്കുളം മേഖലയിലാണ് അടിക്കടി വന്യ മൃഗങ്ങൾ ഇറങ്ങുന്നത്. 6,59,456 രൂപയുടെ കൃഷി നാശം സംഭവിച്ചു. കപ്പ, ഏത്ത വാഴ തുടങ്ങിയ വിളകളാണ് നശിപ്പിച്ചവയിൽ ഏറെയും. കാഞ്ചിയാർ മേഖലയിൽ 12 ലക്ഷം രൂപയുടെ കൃഷി നാശം ഇക്കാലയളവിൽ റിപേപാർട്ട് ചെയ്തു. ഏത്തവാഴ കൃഷിയാണ് ഇവിടെ നശിപ്പിച്ചത്. ഉപ്പുതറ മേഖലയിൽ ഏലം, കുരുമുളക്, ഏത്തവാഴ ഉൾപ്പെടെ 5,362,50 രൂപയുടെ കൃഷി നാശമുണ്ടായി. വണ്ടൻമേട്- 7,38,250, പെരുവന്താനം- 11,54,000 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കൃഷി നാശം.
കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യം
ഓരോ ദിവസവും വന്യജീവി ആക്രമണം മൂലമുള്ള നാശനഷ്ടം കൂടിവരുന്ന സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് കർഷകർ. കാട്ടാന, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ആക്രമണം മൂലമാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. വിളനാശത്തിന് പുറമെ വന്യജീവി ആക്രമണത്തിൽ മരണം, പരിക്ക്, വീട് നാശം, കന്നുകാലി നാശം, മറ്റ് സ്വത്തുക്കളുടെ നാശം എന്നിവയും സംഭവിച്ചിട്ടുണ്ട്. വന്യ മൃഗങ്ങളുടെ ശല്യം മൂലം കൃഷി ഉപേക്ഷിച്ച് പോകുന്നവരും കുറവല്ല. ഒരാഴ്ചയായി ജില്ലയിൽ കാട്ടാന ശല്യം വർധിച്ചു വരുന്ന സാഹചര്യമാണ്. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ നാടു കടത്തിയെങ്കിലും ചക്കക്കൊമ്പൻ എന്ന കാട്ടാന പ്രദേശത്ത് ഭീതി വിതക്കുകയാണ്. കഴിഞ്ഞ ദിവസം ഭാഗ്യം കൊണ്ടാണ് ചിന്നക്കനാൽ സ്വദേശികളായ തോമസും ഭാര്യ വിജയമ്മയും കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ കുടിൽ ആന തകർത്തു. മൂന്നാർ മാട്ടുപെട്ടി കുണ്ടള സാൻഡോസ് കോളനിയിൽ മേയാൻ വിട്ടിരുന്ന പോത്തിനെ കടുവ കൊന്നു തിന്നതാണ് മറ്റൊരു സംഭവം.
മൂന്ന്മാസത്തിനിടെ തകർത്തത് എട്ട് കടകൾ; 20 ലേറെ വീടുകൾ
അടിമാലി: ഹൈറേഞ്ചില്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കടന്നുവരുന്നത് ഭീഷണിയാകുന്നു. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലാണ് ഇവയുടെ ശല്യം രൂക്ഷമെങ്കിലും മറ്റ് താലൂക്കുകളിലും വന്യ മൃഗങ്ങളുടെ ശല്യമുണ്ട്. വന്യമൃഗങ്ങൾ മൂന്ന് മാസത്തിനിടെ എട്ട് കടകള്‍ നശിപ്പിക്കുകയും 20 ലേറെ വീടുകള്‍ ഭാഗികമായി തകര്‍ക്കുകയും ചെയ്തു. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ പട്ടണത്തില്‍ പലയിടങ്ങളിലും പകല്‍പോലും കാട്ടാനയുടെ ശല്യമുണ്ട്. ദേവികുളത്ത് രാത്രി കാട്ടാന വരാത്ത ദിവസങ്ങളില്ല. ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ വനംവകുപ്പ് ഓഫിസുകള്‍ ഉപരോധിക്കൽ പതിവായി. ജനങ്ങള്‍ സംഘടിച്ച് പ്രത്യേക സേന രൂപവത്കരിച്ച് ശ്രമിച്ചിട്ടും ആനകള്‍ കാട്ടിലേക്ക് മടങ്ങുന്നില്ല. മാട്ടുപ്പെട്ടിയിലും മറയൂരിലും വനാതിര്‍ത്തിക്ക് സമീപം കാട്ടുപോത്ത് സ്ഥിരമായി ഇറങ്ങുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
ദേവികുളം മാട്ടുപ്പെട്ടിയിൽ കഴിഞ്ഞ ദിവസം പടയപ്പ എന്ന കാട്ടാന നാല് കടകൾ തകർത്തു. കാട്ടാനയുടെ മുന്നിലകപ്പെട്ട യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചിന്നക്കനാല്‍ പഞ്ചായത്തില്‍ 301 ആദിവാസി കോളനിയില്‍ ഒരുമാസമായി കാട്ടാന ഇറങ്ങാത്ത ദിവസങ്ങളില്ല. കാട്ടാനയില്‍ നിന്ന് രക്ഷനേടാന്‍ പലരും ഇവിടെ വീടുകള്‍ ഉപേക്ഷിച്ച് പാലായനം ചെയ്യുകയാണ്. സൗരോര്‍ജ്ജ വേലി പലയിടങ്ങളിലും സ്ഥാപിച്ചെങ്കിലും ഇവ പ്രവര്‍ത്തിക്കുന്നില്ല. കാട്ടാനയെ അകറ്റാന്‍ കിടങ്ങുകള്‍ക്കും കഴിയാതായതോടെ കൃഷിയെ സംരക്ഷിക്കാനാകുന്നില്ല. ഇതോടെ ചെറുകിട കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്മാറുകയാണ്.
മലയിഞ്ചിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി; വാഴയും തെങ്ങും പച്ചക്കറിയും നശിപ്പിച്ചു
തൊടുപുഴ: ഉടുമ്പന്നൂർ പഞ്ചായത്തിലെ മലയിഞ്ചിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കാക്കരയാനിക്കൽ ചന്ദ്രന്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ്,പച്ചക്കറി കൃഷി എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത്. കുട്ടിയാനയടക്കം ആറ് ആനകൾ ശനിയാഴ്ച രാത്രിയോടെയാണ് കൃഷിയിടത്തിൽ കയറിയത്. കൃഷി നശിപ്പിച്ച ശേഷം ഞാറാഴ്ച രാവിലെയാണ് കാട്ടാനക്കൂട്ടം തൊട്ടടുത്ത കീഴാർ കുത്ത് വനത്തിലേക്ക് പിൻവാങ്ങിയത്. 70 വർഷത്തോളമായി കൃഷിയും മറ്റ് ചെയ്ത് താമസിക്കുന്നവരാണ് ഇവിടത്തുകാർ. വന്യ ജീവി ശല്യം വർധിച്ചോടെ ഇവിടെ താമസിക്കാൻ പോലും പേടിയാണെന്ന് നാട്ടുകാർ പറഞ്ഞു. കൈതപ്പാറ, മനയത്തടം എന്നിവിടങ്ങളിൽ നിന്നൊക്കെ വന്യ മൃഗ ശല്യം മൂലം ആളുകൾ ഒഴിഞ്ഞ് തുടങ്ങിയ സാഹചര്യത്തിൽ അവിടങ്ങളിലടക്കം തങ്ങിയിരുന്ന വന്യ മൃഗങ്ങൾ ഇവിടേക്ക് വരുന്ന സാഹചര്യമാണെന്ന് മലയിഞ്ചിയിലുള്ളവർ പറയുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ച് ആന കാടു കയറിയെന്ന് പറഞ്ഞ് മടങ്ങിയെങ്കിലും ഉൾക്കാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്ലാന്റേഷൻ മേഖലയായ ഇവിടെ ആന തമ്പടിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കാട്ടു പന്നി ശല്യവും രൂക്ഷമാണ്. ഏത് കൃഷി ചെയ്താലും ഒന്നും കിട്ടാത്ത സാഹചര്യം നില നിൽക്കുന്നു. കൊക്കോ, വാഴ എന്നിവയുടെ വിള മരപ്പട്ടികൾ തിന്നു നശിപ്പിക്കുകയാണ്. ആന ഇറങ്ങി വന്നു തുടങ്ങിയതോടെ കൃഷിക്കൊപ്പം ഇപ്പോൾ ജീവനും നഷ്ടമാകുമെന്ന ഭീതിയാണെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തും വനം വകുപ്പും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും കൃഷി നഷ്ടപ്പെട്ടവർക്ക് നഷ്ട പരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.