ഓഡിറ്റര്‍മാര്‍ക്ക് അമിത ജോലിഭാരം; സഹകരണ വകുപ്പ് ‘ടീം ഓഡിറ്റ്’ കിതക്കുന്നു
text_fieldsതൊടുപുഴ: സഹകരണ മേഖലയിലെ ക്രമക്കേട് കണ്ടെത്താന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ടീം ഓഡിറ്റ് സംവിധാനം കിതപ്പിൽ. ഓഡിറ്റര്‍മാരുടെ അമിത ജോലിഭാരവും ഇതുസംബന്ധിച്ച ഗവണ്മെന്റ് സ്കീം നിലവില്‍ വരാത്തതുമാണ് പ്രതിസന്ധി. സഹകരണ നിയമപ്രകാരം ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ കണക്ക് മെയ് 16 ന് മുമ്പ് സമര്‍പ്പിച്ചാല്‍ മതി. ഭൂരിഭാഗം സംഘങ്ങളും അവസാന സമയമാണ് കണക്ക് സമര്‍പ്പിക്കുന്നത്. എന്നാല്‍, മേയ് 31ന് മുമ്പ് കണക്ക് പരിശോധിച്ച് നോട്ട് വെക്കണമെന്നാണ് ഓഡിറ്റര്‍മാര്‍ക്ക് ഡയറക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതായത് 14 ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇങ്ങനെ നടത്തുന്ന ‘വഴിപാട് പരിശോധന’യില്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയില്ല. ഓഡിറ്റര്‍മാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മറ്റ് സംവിധാനങ്ങളുമില്ല. എന്‍ട്രി മീറ്റിങ്, എക്സിറ്റ് മീറ്റിങ്, ഓഡിറ്റ് മട്രിക്സ് തുടങ്ങിയവയെല്ലാം ഓഡിറ്റര്‍മാര്‍ക്ക് കുരുക്കാവുകയാണ്. മൂന്നംഗ ഓഡിറ്റ് ടീമിന് 105 സംഘങ്ങള്‍ വരെ പരിശോധിക്കേണ്ട അവസ്ഥയാണ് നിലവില്‍. ഇത് പ്രായോഗികമല്ലെന്ന് മാത്രമല്ല കൂടുതല്‍ ക്രക്കേടുകള്ക്കും വഴിവെക്കും.
ടീം ഓഡിറ്റ് സംവിധാനത്തിലെ അപാകതകള്‍ പരിഹരിച്ച് സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റിവ് ഇന്‍സ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷന് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
1981 ലെ ഉദ്യോഗസ്ഥ പാറ്റേണാണ് നിലവില്‍ സഹകരണ വകുപ്പിലുള്ളത്. 23080 സഹകരണ സ്ഥാപനങ്ങളുടെ 12600 ശാഖകളും നാല് ലക്ഷത്തിലധികം ഫയലുകളും രണ്ടു ലക്ഷം കോടി നിക്ഷേപവും പരിശോധിക്കാനുള്ള ചുമതല 272 യൂനിറ്റ് ഇന്‍സ്പെക്ടര്‍മാര്‍ക്കും 437 യൂനിറ്റ് ഓഡിറ്റര്മാര്ക്കുമാണ്. 5000 സഹകരണ സ്ഥാപനങ്ങളും 800 ശാഖകളും അയ്യായിരത്തോളം ഫയലുകളും 10,000 കോടിയുടെ നിക്ഷേപവുമുള്ള സമയത്തെ ഉദ്യോഗസ്ഥ പാറ്റേണാണ് നിലവിലുള്ളത്. 16 ക്രെഡിറ്റ് സംഘങ്ങള്‍ക്ക് ഒരു യൂനിറ്റ് ഇന്‍സ്പെക്ടര്‍ എന്നതായിരുന്നു ആദ്യകാലത്തെ കണക്ക്. സഹകരണ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 400 ശതമാനത്തിന്റേയും ബിസിനസില്‍ 800 ശതമാനത്തിന്റേയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രവര്‍ത്തന മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ഓഡിറ്റര്‍മാരെ നിയമിച്ചാല്‍ മാത്രമേ സുതാര്യമായ ഓഡിറ്റിങ് സാധ്യമാകൂ. ഓഡിറ്റ് കഴിഞ്ഞതിനു ശേഷവും തിരുത്താവുന്ന സോഫ്റ്റ്വെയറാണ് മിക്ക സംഘങ്ങളിലും നിലവിലുള്ളത്. ഇതും വന്‍ ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ഏകീകൃത സോഫ്റ്റ്വെയര് സംവിധാനം ഇതുവരെ നിലവില്‍ വന്നിട്ടില്ല. പദ്ധതി നിര്‍വഹണത്തിനുള്ള ഏജന്‍സിയായി ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ തീരുമാനിച്ചെങ്കിലും ഇതുവരെ കരാര്‍ ഒപ്പിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.