ശിശുദിനത്തിൽ മാലിന്യമുക്തം കാമ്പയിന്; പഞ്ചായത്തുകൾ തോറും കുട്ടികളുടെ ഹരിതസഭ
text_fieldsതൊടുപുഴ: മാലിന്യപരിപാലനത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ശിശുദിനത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയില്‍ ജില്ലയിലെ എല്ലാ സ്കൂളിലെയും കുട്ടികള്‍ പങ്കെടുക്കും.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യാനുപാതത്തില്‍ ഹരിതസഭയുടെ ഭാഗമാകും. 200 കുട്ടികളെ പങ്കെടുപ്പിച്ചാകും ഒരു ഗ്രാമസഭ നടക്കുക. വിദ്യാലയങ്ങളിലെ ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള നോഡല്‍ ഓഫിസര്‍മാരായ അധ്യാപകരും ഹരിതസഭയുടെ ഭാഗമാകും. കുട്ടികളുടെ ഹരിതസഭ പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് സംഘടിപ്പിക്കുന്നത്.
മാലിന്യപ്രശ്നങ്ങൾ ഹരിതസഭയില്‍
വിദ്യാലയങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ അതത് തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കി ഹരിതസഭയില്‍ അവതരിപ്പിക്കും. സ്കൂളിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം, മാലിന്യം കൈകാര്യം ചെയ്യുന്ന രീതി, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതുമായ പ്രശ്നങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം, നിലവിലെ വെല്ലുവിളികള്‍, ദ്രവമാലിന്യ സംസ്കരണ രംഗത്തെ പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും.
കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളായ എന്‍.എസ്.എസ് വളന്റിയര്‍മാരാണ്. ഹരിതസഭയില്‍ ഹരിതകേരളം മിഷന്, ശുചിത്വമിഷന്, കില, ആര്.ജി.എസ്.എ തുടങ്ങിയവയിലെ റിസോഴ്സ്പേഴ്സൻമാരുടെ സേവനം പ്രയോജനപ്പെടുത്തും.
റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി
ഹരിതസഭയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കണ്ടെത്തിയതും ശേഖരിച്ചതുമായ നിർദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീട്ടിലെ മാലിന്യസംസ്കരണ പ്രവര്‍ത്തനം വിലയിരുത്താനും പോരായ്മ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കാനും ഹരിതസഭ പ്രയോജനപ്പെടുത്താം.
ജില്ലതല ഉദ്ഘാടനം ഉടുമ്പന്നൂരില്‍
കുട്ടികളുടെ ഹരിതസഭ ജില്ലതല ഉദ്ഘാടനം ഉടുമ്പന്നൂര്‍ പാറേക്കവല സെന്റ് ജോസഫ്സ് എല്‍.പി സ്കൂളില്‍ നടക്കും. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ സ്കൂളുകളെയും ഹരിതവിദ്യാലയമാക്കി ഉടുമ്പന്നൂര്‍ മികവുകാട്ടിയിരുന്നു. ജില്ല അഡീഷനല്‍ മജിസ്ട്രേറ്റ് ഷൈജു ജേക്കബ് ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അധ്യക്ഷത വഹിക്കും. ജില്ലതല ഉദ്ഘാടനത്തിന്റെ ഒരുക്കം പൂര്‍ത്തിയാക്കിയതായി എം. ലതീഷും ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ ഡോ. അജയ് പി. കൃഷ്ണയും അറിയിച്ചു.
കുട്ടികള്‍ക്ക് ചോദ്യം ചെയ്യാം
തദ്ദേശസ്വയംഭരണ സ്ഥാപനം മാലിന്യസംസ്കരണ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും സംബന്ധിച്ച പരാതികളും ഓരോ പരാതിയിന്മേല് തദ്ദേശസ്വയംഭരണ സ്ഥാപനം സ്വീകരിച്ച നടപടിയും സംബന്ധിച്ച് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കണം.
പങ്കെടുക്കുന്ന വിദ്യാർഥികള്‍ക്ക് ജനപ്രതിനിധികളോട് ചോദ്യം ചോദിക്കുന്നതിനുള്ള അവസരവുമുണ്ടാകും. രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയാണ് ഹരിതസഭ സംഘടിപ്പിക്കുന്നത്. സബ് ജില്ല കലോത്സവം നടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഹരിതസഭ നവംബര്‍ 18ന് ആയിരിക്കും സംഘടിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.