കൈയടിക്കാം, തോമസിന്റെ മിടുക്കിന്
text_fieldsഅടിമാലി: ബുദ്ധിപരമായ വൈകല്യത്തെ ഇച്ഛാശക്തിയും അർപ്പണ മനോഭാവവും കൊണ്ട് അതിജീവിക്കുകയാണ് എ.ടി. തോമസ്. അടിമാലി മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്പെഷൽ സ്കൂൾ വളപ്പിലെത്തിയാൽ തോമസിന്റെ ഈ മിടുക്ക് കാണാം. സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിലൂടെ സർക്കാറും തോമസിന്റെ നേട്ടങ്ങൾക്ക് കൈയ്യടി നൽകി.
കാർമ്മൽ ജ്യോതി സ്പെഷൽ സ്കൂളിലെ ജീവനക്കാരനാണ് എ.ടി. തോമസ്. സ്കൂളിലെ പച്ചക്കറി തോട്ടത്തിലെ ജോലിക്കൊപ്പം ഭിന്നശേഷി കുട്ടികളെ കൃഷിയിലും മറ്റ് തൊഴിലുകളിലും പ്രാപ്തരാക്കുക എന്ന വെല്ലുവിളിയും ഇദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് കൃഷിയിൽ പൊന്നു വിളയിക്കുന്ന തോമസിനെ തേടിയെത്തിയത് സ്വകാര്യ മേഖലയിലെ മികച്ച തൊഴിലാളിക്ക് സാമൂഹികനീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരമാണ്.
സ്കൂൾ അധികൃതരും അവിടുത്തെ താമസക്കാരും നടത്തിവരുന്ന കൃഷികാര്യങ്ങളും മറ്റും തോമസാണ് നോക്കി നടത്തുന്നത്. ജോലിയിലെ അർപ്പണ മനോഭാവവും ഒപ്പമുള്ള ഭിന്നശേഷിക്കാരെ ജോലിക്ക് പ്രാപ്തരാക്കുന്ന നേതൃപാടവവുമാണ് തോമസിനെ അവാർഡിന് അർഹനാക്കിയത്. 2009ൽ രാജാക്കാട്ട് നിന്നാണ് തോമസും മാതാവ് ത്രേസ്യാമ്മയും കാർമൽ ജ്യോതി സ്പെഷൽ സ്കൂളിൽ എത്തിയത്. മേനാവൈകല്യമുള്ള ഇരുവരെയും പ്രിൻസിപ്പൽ സിസ്റ്റർ ബിജി മുൻകൈയെടുത്ത് സംരക്ഷണം ഒരുക്കുകയും സ്വയം തൊഴിൽ പരിശീലനം നൽകുകയും ചെയ്തു. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അടിമാലി പഞ്ചായത്തിന്റെ സഹകരണത്തോടെ ഒമ്പത് വർഷം മുമ്പ് സ്ഥലം കണ്ടെത്തി വീടും നിർമിച്ച് നൽകി.
തുടർന്ന് തോമസിന് അവിടെതന്നെ ജോലിയും ഒരുക്കി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പുനരധിവാസം എന്നിവ ലക്ഷ്യമിട്ട് 1993ൽ എട്ട് കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് 180 പേർ പരിശീലനം നേടുന്നു. വനിത, ശിശുവികസന വകുപ്പ് സംസ്ഥാനതലത്തിൽ നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്കാരം അടുത്തിടെ സ്കൂളിലെ യോവാൻ കണ്ണൻ എന്ന കുട്ടിക്ക് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.