തൊമ്മൻകുത്ത് ചപ്പാത്ത് മുങ്ങി; ഒമ്പത് മണിക്കൂർ ഗതാഗതം മുടങ്ങി
text_fieldsതൊടുപുഴ: കനത്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തൊടുപുഴ-തൊമ്മൻകുത്ത്-വണ്ണപ്പുറം റോഡിലെ ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായി.ഇതോടെ ബുധനാഴ്ച ഇതുവഴി ഗതാഗതം ഒമ്പത് മണിക്കൂറോളം മുടങ്ങി. ചൊവ്വാഴ്ച രാത്രി മുതൽ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. രാവിലെ ആറുമണിയോടെ ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായി. ഇതോടെ നിലച്ച ഗതാഗതം വെള്ളമിറങ്ങിയതിനെത്തുടർന്ന് മൂന്ന് മണിയോടെയാണ് പുനരാരംഭിച്ചത്. കാളിയാർപുഴ കരകവിഞ്ഞതിനെത്തുടർന്ന് സമീപത്തെ വീടുകൾ ഒറ്റപ്പെട്ടു.
തൊടുപുഴയിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ തൊമ്മൻകുത്തിലേക്കുള്ള റോഡിൽ മൂന്നര പതിറ്റാണ്ട് മുമ്പ് നിർമിച്ചതാണ് ചപ്പാത്ത്.ദിവസവും നൂറുകണക്കിന് ആളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന ചപ്പാത്ത് മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുന്നതും ഗതാഗതം മുടങ്ങുന്നതും പതിവാണ്. ഇതോടെ മുളപ്പുറം, തൊമ്മൻകുത്ത് പ്രദേശങ്ങളിലുള്ളവർ അപ്പുറത്തേക്കും ഇപ്പുറത്തേക്കും കടക്കാനാവാതെ ദുരിതത്തിലാകും. 2018ലെയും 2019ലെയും പ്രളയകാലത്ത് ചപ്പാത്ത് ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു.
പുഴയുടെ മുകൾഭാഗമായ മക്കുവള്ളി, മനയത്തടം എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്താൽ അധികം വൈകാതെ തൊമ്മൻകുത്ത് പുഴയിൽ വെള്ളം പൊങ്ങുകയും ചപ്പാത്ത് മുങ്ങുകയും ചെയ്യും.തുടർന്ന് സമീപത്തെയും താഴ്ന്ന പ്രദേശങ്ങളിലെയും വീടുകളിലും വെള്ളം കയറും.
ചപ്പാത്ത് പാലവും വെള്ളം കയറാൻ സാധ്യതയുള്ള കോടിക്കുളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളും ഫയർ ഓഫിസർ എം.എച്ച്. അബ്ദുസ്സലാമിെൻറ നേതൃത്വത്തിൽ അഗ്നിരക്ഷ സംഘം സന്ദർശിച്ചു. വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും വെള്ളം കയറിയാൽ ബന്ധുവീടുകളിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു.
ചപ്പാത്ത് മുങ്ങുന്നത് ഒഴിവാക്കാൻ പുഴയുടെ ആഴംകൂട്ടുന്ന ജോലി ഒരു മാസം മുമ്പ് ആരംഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് 35 വർഷം മുമ്പ് നിർമിച്ച ചപ്പാത്തിന് പകരം പുതിയ പാലം നിർമിക്കണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
കാളിയാർപുഴ കവിഞ്ഞ് വെള്ളം കയറിയതിനെത്തുടർന്ന് കോടിക്കുളം പഞ്ചായത്തിലെ ഇല്ലിച്ചുവട് പ്രദേശത്തെ നാല് വീടുകൾ ഒറ്റപ്പെട്ടു. വട്ടോത്ത് അമ്മിണിക്കുഞ്ഞ്, ഫ്രാൻസിസ് വലരിയിൽ, ഉദയൻ വട്ടോത്ത്, സിജോ ഞാറക്കൽ എന്നിവരുടെ വീടുകളാണ് ഒറ്റപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.