ജലം കൊണ്ട് മുറിവേറ്റവർ
text_fieldsമലങ്കര ജലാശയവും സമീപത്തെ വീടുകളും
മുട്ടം: വർഷം മുഴുവൻ നിറഞ്ഞ് ഒഴുകുന്ന അപൂർവം ജലാശയങ്ങളിൽ ഒന്നാണ് മലങ്കര. ഇതിന് ചുറ്റുമായി ആയിരക്കണക്കിനുപേർ സമാധാനത്തോടെ ജീവിച്ചുപോന്നിരുന്നു. കുടിവെള്ളത്തിനോ അലക്കി കുളിക്കുന്നതിനോ ബുദ്ധിമുട്ടും ഇല്ല. ഏക്കറുകണക്കിന് സ്ഥലം ഇല്ലെങ്കിലും വീടിന് മുന്നിൽ വറ്റാത്ത ജലാശയം ഉള്ളതിനാൽ കടുത്ത വേനലിൽ പോലും ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. സമീപ പഞ്ചായത്തുകളിലെ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ ശുദ്ധജലമായി ഉപയോഗിക്കുന്നു. എന്നാൽ, 2024 ഡിസംബർ 26ന് സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം വലിയ ആശങ്കയിലാണ് ഇവർ.
തങ്ങൾ കരം അടച്ച് വർഷങ്ങളായി ഉപയോഗിച്ച് പോരുന്ന ഭൂമിയിൽ വീട് നിർമിക്കാനോ നിർമാണപ്രവർത്തനങ്ങൾ നടത്താനോ ജലവിഭവ വകുപ്പിന്റെ കൂടി അനുമതി ആവശ്യമാണ്. ജലാശയത്തിന്റെ പരമാവധി സംഭരണശേഷി മുതൽ 20 മീറ്റർ പരിധിയിലാണ് ഭൂമിയെങ്കിൽ ഒരു നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി ലഭിക്കില്ല. 100 മീറ്ററിന് ഉള്ളിൽ കർശന വ്യവസ്ഥകളോടെ ആയിരിക്കും അനുമതി ലഭിക്കുക. ഇത്തരം നിയന്ത്രണങ്ങൾ കാരണം വീട് വിൽക്കാൻ ശ്രമിച്ചാലോ വായ്പ എടുക്കാൻ ശ്രമിച്ചാലോ ഭൂമിക്ക് ന്യായമായ വില ലഭിക്കില്ല. അതിനാൽ കടുത്ത നിരാശയിലാണ് ഇന്നാട്ടുകാർ.
സർക്കാർ സൗജന്യമായി നൽകിയ നാല് സെന്റ് ഭൂമിയിൽ വീടുവെച്ച് കഴിയുന്ന അനവധി കോളനികൾ ഈ ജലാശയ തീരത്തുണ്ട്. മുട്ടം പഞ്ചായത്തിൽ മാത്രം മൂന്ന് കോളനികൾ ഈ ജലാശയത്തിന്റെ തൊട്ട് അരികിലാണ്. 100 മീറ്റർ പരിധിയിൽ അമ്പതിലധികം വീടുകൾ ഈ കോളനികളിൽ മാത്രമുണ്ട്. കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിലെ സ്ഥിതിയും വിഭിന്നമല്ല.
മാസങ്ങൾക്ക് മുമ്പാണ് ഈ ജലാശയതീരത്തെ 130 ഏക്കർ ഭൂമി വനം വകുപ്പിന് കൈമാറി അന്തിമ ഉത്തരവ് ഇറങ്ങിയത്. ഇതോടെ ഈ പ്രദേശത്തിന് ചുറ്റും വന നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ഇവിടെയും ജനജീവിതം ബുദ്ധിമുട്ടിലായി. ജലം അനുഗ്രഹമായിരുന്നു കഴിഞ്ഞ നാളുകളിൽ എങ്കിൽ നിലവിൽ അത് ദുരിതമായി മാറിയിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.