ജലാശയത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് അപകടത്തിൽപ്പെടുന്നത്
text_fieldsതൊടുപുഴ: ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ച മലങ്കര ജലാശയത്തിൽ ജീവൻ പൊലിഞ്ഞവർ നിരവധിയാണ്. കാഴ്ചക്കാരുടെ മനംകവരുന്ന മൂലമറ്റം മുതൽ മുട്ടംവരെ 12 കിലോമീറ്ററോളം നീളത്തിൽ പരന്നുകിടക്കുന്ന ജലാശയമാണ് മലങ്കര. ജലാശയത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ഇറങ്ങുന്നവരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. മരണം സംഭവിച്ചവരിൽ കൂടുതലും യുവാക്കളാണ്. നീന്തൽ അറിയാവുന്നവർക്കടക്കം ഇവിടെ രക്ഷപ്പെടാൻ പ്രയാസമാണെന്ന് നാട്ടുകാർ പറഞ്ഞു.
അനിൽ കുളിക്കാനിറങ്ങിയ സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. കാണുമ്പോൾ ശാന്തമായിക്കിടക്കുന്നെങ്കിലും ഈ പ്രദേശങ്ങളിൽ അടിയൊഴുക്കും താഴ്ചയുമുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ജലാശയത്തെക്കുറിച്ച് അറിയാതെ കുളിക്കാനിറങ്ങുന്നു. ഇവിടങ്ങളിൽ സുരക്ഷ ജീവനക്കാരുടെ അഭാവവും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മലങ്കര ജലാശയത്തിൽ ഉൾപ്പെട്ട കുടയത്തൂർ, കാഞ്ഞാർ എന്നിവിടങ്ങളിലും അപകടങ്ങൾ പതിവാണ്.
വിനോദസഞ്ചാരികളിൽ പലരും വിശ്രമിച്ചശേഷം പരന്നുകിടക്കുന്ന ജലാശയത്തിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്. കാഴ്ചയിൽ ജലാശയത്തിന് ആഴവും ഒഴുക്കും തോന്നില്ല എന്നതാണ് അപകടം ഉണ്ടാവാൻ കാരണം. രണ്ട് തട്ടുകളായാണ് ഇവിടെ പുഴ ഒഴുകുന്നത്. ഇതിെൻറ മധ്യഭാഗത്ത് ശക്തമായ ഒഴുക്കും ആഴവും ഉണ്ട്. ഇത് അറിയാതെ കുളിക്കാനും നീന്താനുമായി ഇറങ്ങുന്നവരാണ് അപകടത്തിൽ പെടുന്നത്.
മലങ്കര ടൂറിസ്റ്റ് ഹബ് തുറന്നതോടെ ദിനേന നൂറുകണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്നത്. ഒറ്റക്കും കൂട്ടായും വിസ്തൃതമായി കിടക്കുന്ന ജലാശയത്തിെൻറ കാഴ്ചകൾ കണ്ടാണ് ഇവർ പോകുന്നത്. മറ്റ് ജില്ലകളിൽനിന്നെത്തുന്നവർക്ക് ഒരിക്കലും ജലാശയത്തിെൻറ ആഴത്തെക്കുറിച്ച് ധാരണയുണ്ടാകാറില്ല. അതുകൊണ്ടുതന്നെ പലരും കുളിക്കാൻ ഇറങ്ങുകയും ചെയ്യും. ഇതാണ് അപകടത്തിലേക്ക് നയിക്കുന്നത്.
മലങ്കര ടൂറിസ്റ്റ് ഹബിൽ കൂടുതൽ സുരക്ഷ മുൻകരുതലുകളും ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യവും ഇതോടനുബന്ധിച്ച് ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.