പുലിഭീതി: വാഴവരയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു
text_fieldsകട്ടപ്പന: പുലി പശുവിനെ അക്രമിച്ച വാഴവരയിൽ വനംവകുപ്പ് മൂന്ന് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. ഹൈറേഞ്ചിലെ പലഭാഗത്തും പുലിയെകണ്ട വാർത്ത വന്നതോടെ ഹൈറേഞ്ചിലെ ആളുകൾ ഭീതിയിലാണ്. അതിനിടെ പുലി ആക്രമണത്തിൽ പരിക്കേറ്റ പശുക്കിടാവ് ചത്തു. വനംവകുപ്പ് ഫോറൻസിക് വിദഗ്ധർ പശുക്കിടാവിന്റെ ജഡം പോസ്റ്റ്മോർട്ടം നടത്തി മറവുചെയ്തു.
തോപ്രാംകുടി, പെരിഞ്ചാംകുട്ടി മേഖലയിൽ കടുവ ഇറങ്ങിയെന്നും കാട്ടുപന്നിയെ പിടികൂടിയെന്നും കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയെന്നുമുള്ള വാർത്തകൾ വന്നതിനുപിന്നാലെ വെള്ളിയാഴ്ച രാവിലെ വാഴവരയിൽ പുലി പശുവിനെ കടിച്ചുകൊന്നിരുന്നു.
ഇതിനുപിന്നാലെ ശനിയാഴ്ച രാവിലെ വാഴവരക്ക് സമീപം നാലുമുക്കിലും പരിസരത്തും പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടതും ഭീതിപടർത്തി.നാലുമുക്കിന് സമീപം വീട്ടിലെ കുട്ടികൾ പുലിയാണെന്ന് സംശയിക്കുന്ന ജീവിയെ കണ്ടു. മരത്തിൽനിന്ന് ചാടിയിറങ്ങി ഓടിമറയുകയായിരുന്നുവത്രെ. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ പറമ്പിൽ പലസ്ഥലത്തും കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.