നാളെ പരിസ്ഥിതി ദിനം നാടെങ്ങും വൃക്ഷത്തൈ വിതരണത്തിന് ഒരുക്കവുമായി വനം വകുപ്പ്
text_fieldsതൊടുപുഴ: തിങ്കളാഴ്ച പരിസ്ഥിതി ദിനം. നാടിനെ ഹരിതാഭമാക്കാന്‍ വനം - വന്യജീവി വകുപ്പിന്റെ വൃക്ഷത്തൈകള്‍ തയാർ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്കരണത്തിന് വിവിധ തൈ ഇനങ്ങളാണ് ഇക്കുറിയും സജ്ജമാക്കിയിട്ടുള്ളതെന്ന് വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം മേധാവി ഇ. പ്രദീപ്കുമാര്‍ പറഞ്ഞു.
റമ്പുട്ടാന്, കറിവേപ്പ്, ഞാവല്‍, ആര്യവേപ്പ്, മാതളം, പ്ലാവ്, നെല്ലി, വാളന്‍പുളി, നാരകം, തേക്ക്, മാവ്, സപ്പോട്ട, ചെറുനാരകം, കണിക്കൊന്ന, കുടംപുളി, ചെമ്പകം, ഇലഞ്ഞി, മുരിങ്ങ, മുള, മുള്ളാത്ത, നീര്‍മരുത്, പനീര്‍ചാമ്പ, തേക്ക് സ്റ്റമ്പ്, മണിമരുത്, ബദാം, ഇരുമ്പന്‍പുളി, അമ്പഴം, അരിനെല്ലി, ഉങ്ങ്, ഈട്ടി, അശോകം, ചന്ദനം, രക്തചന്ദനം, ദന്തപ്പാല, കൂവളം, തമ്പകം, കറുവ, ഇടന, പാച്ചോറ്റി, ആഞ്ഞിലി, പതിമുഖം, മഞ്ചാടി, ചൂരക്കാലി, ചമത, കരിങ്ങാലി, താന്നി, സില്‍വര്‍ ഓക്ക്, പൂവരശ്, കുന്നിവാക, കാട്ടുങ്ങ്, വേറ്റിവേര്‍, പൂമരുത്, അകില്, കാറ്റാടി, ലയാങ്ങി, മൈല, പുന്ന, തത്തിരി, ഇലിപ്പ, തെക്കോമ, പൂവം, വേങ്ങ, കുമ്പിള്, ജക്രാന്ത, പെല്‍റ്റഫോറ എന്നിങ്ങനെ 65 ഇനം തൈകളാണ് ജൂണ്‍ അഞ്ചു മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴുവരെ വിതരണം ചെയ്യുന്നത്. വിതരണത്തിന് ആകെ 20,91,200 തൈകള്‍ തയാറായിട്ടുണ്ട്.
വൃക്ഷവത്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവക്ക് സൗജന്യമായി വൃക്ഷത്തൈ നൽകും. വരുന്ന മൂന്നു വര്‍ഷങ്ങളില്‍ വൃക്ഷത്തൈ നട്ടുപരിപാലിക്കുമെന്ന് ഉറപ്പുവരുത്തി സര്‍ക്കാറിതര സംഘടനകള്‍ക്കും ലഭ്യമാക്കും. തൈകള്‍ അതത് വനം വകുപ്പ് നഴ്സറികളില്‍നിന്ന് ജൂണ്‍ അഞ്ചു മുതല്‍ ജൂലൈ ഏഴു വരെ നേരിട്ട് കൈപ്പറ്റാം. വൃക്ഷത്തൈ വിതരണത്തിനായി ഓരോ ജില്ലയിലും രണ്ടോ മൂന്നോ സബ് ഔട്ട്ലെറ്റുകളും ആരംഭിച്ചിട്ടുണ്ട്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ്, എൻ.ജി.ഒകള്‍ മുതലായവയുമായി സഹകരിച്ച് സ്ഥാപന വനവത്കരണ പ്രവര്‍ത്തനങ്ങളും വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്.
നാട്ടുമാവും തണലും
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാട്ടുമാവുകളും നാട്ടുമാവുകളും സംരക്ഷിക്കുന്നതിന് സാമൂഹിക വനവത്കരണ വിഭാഗം നാട്ടുമാവും തണലും എന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ വന്യജനുസുകള്‍ കണ്ടെത്തി വിത്തു ശേഖരിച്ച് മുളപ്പിച്ച് കൂടുതൈകളാക്കി സ്ഥലലഭ്യതയുള്ള പാതയോരങ്ങളില്‍ നട്ടുവളര്‍ത്തുന്നതാണ് പദ്ധതി.
സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് രാവിലെ 10ന് കാക്കൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. റോഡ് വികസനവുമായി ബന്ധപ്പെട്ട് മാവുകള്‍ മാറ്റപ്പെട്ടയിടങ്ങളില്‍ സഞ്ചാരികള്‍ക്ക് തണലേകുന്ന വിധത്തില്‍ പകരം മാവിന് തൈകള്‍ നട്ടുവളര്‍ത്താനും പദ്ധതിവഴി ഉദ്ദേശിക്കുന്നു. സംസ്ഥാനത്തെ 14 സാമൂഹിക വനവത്കരണ ഡിവിഷനുകളിലും മാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രീഗാര്‍ഡുകളും ഇതിനായി സ്ഥാപിക്കും. ജനപ്രതിനിധികള്‍, തദ്ദേശ വകുപ്പ്, ഇതര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കി പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി സംസ്ഥാനത്താകമാനം ഇതിനകം ആകെ 17,070 മാവിന്‍തൈകള്‍ തയാറാക്കി കഴിഞ്ഞു.
കണ്ടല്‍വന സംരക്ഷണ പദ്ധതി
ജൂണ്‍ അഞ്ചിന് രാവിലെ ഒമ്പതരക്ക് ഓണ്‍ലൈനായി കേന്ദ്ര സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്ന കേന്ദ്ര പദ്ധതിയായ മിഷ്ടി (മാന്‍ഗ്രോവ് ഇനിഷ്യേറ്റിവ് ഫോര്‍ ഷോര്‍ലൈന്‍ ഹാബിറ്റാറ്റ്സ് ആൻഡ് ടാന്‍ജിബിള്‍ ഇന്‍കംസ്) കണ്ടല്‍വന സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം ഇതിനകം 16,350 കണ്ടല്‍ തൈകള്‍ തയാറാക്കിയിട്ടുണ്ട്. 10 തീരദേശ ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്.
ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ ചടങ്ങിനോടനുബന്ധിച്ച് രാവിലെ പത്തര മുതല്‍ 11വരെ വൃക്ഷത്തൈ നടീല്‍, പരിസ്ഥിതി അവബോധ ബോധവത്കരണം മുതലായ പരിപാടികള്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.