ഓണത്തിന് ‘ഉണരുമോ’ ടൂറിസം കേന്ദ്രങ്ങൾ?
text_fieldsഇടുക്കി: സൂചികുത്താൻ ഇടമില്ലാത്ത തിരക്കിന് ബ്രേക്കാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ. ഒരുമാസത്തിലേറെയായി തുടരുകയാണ് മാന്ദ്യം. സ്വാതന്ത്ര്യദിനം ഉൾപ്പെടെ രണ്ട് പൊതുഅവധികൾ ഈ മാസം ഉണ്ടായിരുന്നെങ്കിലും സഞ്ചാരികൾ കാര്യമായി എത്തിയില്ല. ഓണം, പൂജ, ക്രിസ്മസ് വേളകളെന്നല്ല, രണ്ടാം ശനി ഉൾപ്പെട്ട ഞായറുകൾ പോലും തിരക്കിന്റെ ദിനങ്ങളായിരുന്നിടത്താണിത്.
അവധി ഞായർ മാത്രമായാലും മൂന്നാർ നിറയുന്ന പതിവുണ്ട്. എന്നിരിക്കെയാണ് കാലാവസ്ഥ മുന്നറിയിപ്പുകളുടെയും മറ്റും പശ്ചാത്തലത്തിൽ സഞ്ചാരികളുടെ കുറവ്. ജില്ലയിലെ ടൂറിസം മേഖല നേരിടുന്ന തളർച്ചക്ക് ഓണക്കാലത്തോടെ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. മഴക്കാല സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ല ഭരണകൂടം ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരോധനവുമാണ് സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയത്. മുന്നറിയിപ്പ് നിലവിലില്ലെങ്കിലും മനംമാറി വരുന്നേയുള്ളു സഞ്ചാരികളുടെ.
ഓണം അവധിക്കാലത്ത് സഞ്ചാരികളുടെ വരവ് മുന്നിൽക്കണ്ട് ടൂറിസം കേന്ദ്രങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട് ഡി.ടി.പി.സി അധികൃതർ.
നാലുദിവസം 22,984 സഞ്ചാരികൾ
അവധിയുടെ മൂഡിലാകേണ്ടിരുന്ന സ്വാതന്ത്രദിനം മുതൽ ഞായർ വരെ (ആഗസ്റ്റ് 15 മുതൽ 18 വരെ) സഞ്ചാരികളെത്തിയത് നാമമാത്രമെന്നാണ് ഡി.ടി.പി.സിയുടെ കണക്ക്. മാട്ടുപ്പെട്ടി: 970, രാമക്കൽമേട്: 1567, വാഗമൺ മൊട്ടക്കുന്ന്: 8485, വാഗമൺ അഡ്വഞ്ചർ പാർക്ക്: 4227, പാഞ്ചാലിമേട്: 1866, ഇടുക്കി ഹിൽവ്യൂ പാർക്ക്: 1354, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ: 1965, അരുവിക്കുഴി: 422, ശ്രീനാരായണപുരം: 2128 എന്നിങ്ങനെ ആകെ: 22,984 പേർ.
തേക്കടിയിലേക്കും സഞ്ചാരികൾ കുറവ്
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറച്ചു. മിക്ക ഹോട്ടലുകളിലെയും അഡ്വാൻസ് ബുക്കിങ് പലതും റദ്ദാക്കപ്പെട്ടു. ഓണാവധിയോടനുബന്ധിച്ചുള്ള ബുക്കിങ് നടക്കേണ്ട സമയമാണിപ്പോൾ. അതില്ല. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികൾ എത്തുന്നതു മാത്രമാണ് ആശ്വാസം. ഇടക്കിടെ വരുന്ന മഴമുന്നറിയിപ്പുകളും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളുമാണ് പ്രതിസന്ധി.
മൂന്നാറിലും ബുക്കിങ് കുറവ്
മൺസൂൺ ടൂറിസം സീസണിൽ തിരിച്ചടി നേരിട്ട മൂന്നാറിലെ വിനോദസഞ്ചാര മേഖലക്ക് ഇനിയുള്ള പ്രതീക്ഷ ഓണക്കാല തിരക്കാണ്. എന്നാൽ ഇത്തവണ ഓണക്കാലത്തേക്കുള്ള മുൻകൂർ ബുക്കിങ്ങുകൾ കാര്യമായി ലഭിച്ചിട്ടില്ല. മിക്ക റിസോർട്ടുകളിലും 40 ശതമാനം ബുക്കിങ്ങ് മാത്രമാണ് ഓണം സീസണിലേക്ക് വന്നിട്ടുള്ളത്. വയനാട് ദുരന്തവും മോശം കാലാവസ്ഥയുമാണ് ബുക്കിങ്ങിൽ കുറവ് വരുത്തിയതെന്നാണ് റിസോർട്ട് ഉടമകൾ പറയുന്നത്. ഇത്തവണ പൂജ, ദീപാവലി അവധിക്കാലമായ ഒക്ടോബർ മാസത്തേക്ക് പ്രധാന റിസോർട്ടുകളിലെല്ലാം ഉത്തരേന്ത്യൻ സഞ്ചാരികളുടെ ബുക്കിങ് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 10 മുതലാണ് ഉത്തരേന്ത്യൻ സഞ്ചാരികളുടെ തിരക്ക് തുടങ്ങുന്നത്.
ഓണം വന്നാൽ വാഗമണ്ണിലേക്ക് ഒഴുക്ക്
വാഗമൺ, പരുന്തുംപാറ, കുട്ടിക്കാനം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ ബുക്കിങ് മന്ദഗതിയിലാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യമാണ് ടൂറിസം രംഗത്തിന് തിരിച്ചടി. വാഗമണ്ണിലെ കണ്ണാടിപ്പാലത്തിലേക്കുള്ള പ്രവേശനം നിർത്തിവെച്ചിരിക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞതുമുതൽ കണ്ണാടിപ്പാലത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്നും സഞ്ചാരികൾ ഓണാവധി ചെലവഴിക്കാൻ മലയോര ടൂറിസം കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുമെന്നുമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.