സഞ്ചാരികൾ വർധിച്ചു; മാലിന്യം നിറഞ്ഞ് മൂന്നാർ
text_fieldsഇടുക്കി: വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ മൂന്നാറിൽ മാലിന്യം വലിച്ചെറിയുന്നതും ഇതുവഴി നിരത്തുകളിൽ മാലിന്യം നിറയുന്നതും വ്യാപകമായി.
പഴയമൂന്നാർ, മാട്ടുപ്പട്ടി, ഫോട്ടോ പോയൻറ്, കുണ്ടള, എക്കോ പോയൻറ് എന്നിവിടങ്ങളിലാണ് ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യവും കൂടിക്കിടക്കുന്നത്. മൂന്നാർ സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ ഭൂരിഭാഗവും വീടുകളിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവരുന്നവരാണ്. ചിലർ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കും.
ഈ രണ്ടു കൂട്ടരുമാണ് ഭക്ഷണം കഴിച്ചശേഷം പേപ്പർ പ്ലേറ്റുകളും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടവും അതത് ഇടങ്ങളിൽ വലിച്ചെറിയുന്നത്. പ്രധാന റോഡുകളിൽനിന്ന് ദൂരെയുള്ള സ്ഥലങ്ങളിൽ വലിച്ചെറിയുന്ന ഇത്തരം മാലിന്യം വൃത്തിയാക്കാത്തതുമൂലം കിടന്ന് ചീഞ്ഞ് ദുർഗന്ധമുണ്ടാകുന്നതും പതിവാണ്.
കടകളിൽനിന്ന് വാങ്ങുന്ന സാധനങ്ങളുടെ പ്ലാസ്റ്റിക് കവർ അശ്രദ്ധമായി ഉപേക്ഷിക്കുന്നതും വർധിച്ചിട്ടുണ്ട്. വരുന്നു, ഹരിത ടൂറിസം പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കൊണ്ടുവരുന്നതും വലിച്ചെറിയുന്നതും തടയുന്നതിന് മൂന്നാർ, ദേവികുളം പഞ്ചായത്ത് അതിർത്തികളിലെ പ്രധാന പാതകളിൽ ഹരിത ചെക്പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് തീരുമാനമുണ്ട്. കഴിഞ്ഞദിവസം കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗത്തിലാണ് ചെക്പോസ്റ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഏതൊക്കെ സ്ഥലങ്ങളിലാണ് ചെക്പോസ്റ്റുകൾ സ്ഥാപിക്കേണ്ടതെന്ന് രണ്ടാഴ്ചക്കകം അറിയിക്കാൻ ജില്ല ഹരിതകേരളം മിഷന് കലക്ടർ നിർദേശംനൽകി.
മാലിന്യം കൊണ്ടുവരുന്നതും വലിച്ചെറിയുന്നതും തടയുന്നതിന് പ്രത്യേക ഹരിതകർമസേനയെ മൂന്നാറിൽ നിയമിക്കും. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, വിവിധ കച്ചവടസ്ഥാപനങ്ങൾ എന്നിവക്ക് ശാസ്ത്രീയ മാലിന്യപരിപാലനം സംബന്ധിച്ച് പ്രത്യേക ബോധവത്കരണം നടത്താനും മൂന്നാർ പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങൾക്കും വീടുകൾക്കും ഉറവിടമാലിന്യ സംസ്കരണ സംവിധാനം ഒരുക്കാനും നിശ്ചയിച്ചിട്ടുണ്ട്. പ്രധാന പാതകളിൽ ഹരിത ചെക്പോസ്റ്റുകൾ സ്ഥാപിച്ച്, വാഹനങ്ങൾ ഹരിതകർമ സേനാംഗങ്ങൾ പരിശോധിക്കും. പ്ലാസ്റ്റിക് വസ്തുക്കൾ വാങ്ങിയശേഷം പ്രകൃതിക്കിണങ്ങുന്ന കാരിബാഗുകൾ ഉൾെപ്പടെ നൽകുകയും മാലിന്യം വലിച്ചെറിയുന്നതിനെതരെ ബോധവത്കരണം നടത്തുകയും ചെയ്യുന്നതോടെ മാലിന്യപ്രശ്നം പരിഹരിക്കാനായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.