കച്ചവടം കടക്കെണിയില്‍; ദേവികുളം താലൂക്കില്‍ പൂട്ടുവീണത് 300 കടകൾക്ക്
text_fieldsകോവിഡ് പ്രതിസന്ധിയിൽ ദേവികുളം താലൂക്കില്‍ പൂട്ടുവീണത് 300 വ്യാപാര സ്ഥാപനങ്ങൾക്ക്. ചെറുകിട സ്ഥാപനങ്ങളും ഹോട്ടലുകളും വസ്ത്രക്കടകളും ആണ് പൂട്ടിയവയില്‍ കൂടുതലുമെന്ന് വ്യാപാരി സംഘടനകളുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
മറ്റ് കടകളെ അപേക്ഷിച്ച് കൂടിയ വാടകയാണ് ഹോട്ടലുകളെ പ്രതിസന്ധിയിലാക്കുന്നത്. 17 തൊഴിലാളികള്‍ വരെയുണ്ടായിരുന്ന ഹോട്ടലുകളില്‍ ഉടമയടക്കം മൂന്നുപേരാണ് ഇപ്പോള്‍ ജോലിനോക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി അടിമാലി ബസ്സ്റ്റാൻഡിൽ തുടങ്ങിയ വസ്ത്ര വ്യാപാരസ്ഥാപനം ഒരുവര്‍ഷത്തിനകം പൂട്ടി. വാടക കുടിശ്ശികയും ബസുകളില്‍ യാത്രക്കാരില്ലാതെ വന്നത് മൂലം വ്യാപാരം കുറഞ്ഞതുമാണ് കാരണം. 2018ലെ മഹാപ്രളയം മുതല്‍ സ്വകാര്യ ബസ് സർവിസുകള്‍ നഷ്ടത്തിലാണ്. യാത്രക്കാർ കുറഞ്ഞ് ബസ്സ്റ്റാൻഡിൽ വ്യാപാരം തീരെ ഇല്ലാതായപ്പോൾ സ്വകാര്യ വ്യക്തികളുടെയും പഞ്ചായത്തിെൻറയും ഉള്‍പ്പെടെ വാടക കെട്ടിടങ്ങളില്‍ ഇരിക്കുന്നവര്‍ പ്രതിസന്ധിയിലായി.
2020ല്‍ കോവിഡ് കാലത്ത് നാല് മാസം വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു. പ്രാദേശിക നിയന്ത്രണങ്ങള്‍ കൂടിവന്നതോടെ ഡിസംബര്‍ വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനായില്ല. എന്നാല്‍, രണ്ടുമാസത്തെ വാടക ഇളവ് മാത്രമാണ് പഞ്ചായത്തുകള്‍ നല്‍കിയത്. നിലവിൽ മൂന്നുമാസമായി അടിമാലിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഒരു വാടക ഇളവും ഇവർക്ക് ലഭിക്കുന്നില്ല. മാത്രമല്ല, മാസാദ്യം തന്നെ വാടക അടക്കണമെന്ന് കെട്ടിട ഉടമകൾ നിർബന്ധിക്കുകയും ചെയ്യുന്നു. ഗൃഹോപകരണ സ്ഥാപനങ്ങള്‍, മൊബൈല്‍ കടകള്‍, ഫാന്‍സി കടകൾ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ തുറക്കാനാവാത്ത അവസ്ഥയിലായതോടെ പ്രതിസന്ധി മുറുകിയെന്ന് കച്ചവടക്കാര്‍ പറയുന്നു. ആദ്യ ലോക്ഡൗണിനുശേഷം കരകയറിത്തുടങ്ങിയ സ്ഥാപനങ്ങളെ രണ്ടാം ലോക്ഡൗണാണ് ശരിക്കും തകർത്തത്. വില്പനക്കുവെച്ച സാധനങ്ങള്‍ ഇതോടെ നശിക്കാന്‍ തുടങ്ങി.
തുറക്കുന്ന ദിവസങ്ങളിലെ വരുമാനം തൊഴിലാളികള്‍ക്ക് കൂലി നല്‍കാനോ കടവാടക നല്‍കാനോ പോലും തികയാറില്ല. ഇതിനിടയില്‍ വൈദ്യുതി ബില്ലിനുംമറ്റും തുക കണ്ടെത്തുകയും വേണം. കൃത്യമായി വാടക നല്കാന് കഴിയാതിരിക്കുകയും പ്രതീക്ഷിച്ച വരുമാനം ലഭിക്കാതിരിക്കുകയും ചെയ്തതോടെ മിക്കവരും കച്ചവടം ഉപേക്ഷിച്ചു. കോവിഡ് കാരണം മടങ്ങിയെത്തിയ ചില പ്രവാസികളും കച്ചവടത്തില്‍ ഭാഗ്യം പരീക്ഷിച്ചിരുന്നു. പലരും വായ്പയെടുത്തും കടംവാങ്ങിയുമാണ് കച്ചവടം തുടങ്ങിയത്. പതിറ്റാണ്ടുകളായി കച്ചവടംചെയ്യുന്ന പല സ്ഥാപനങ്ങളും തുറക്കുന്നുണ്ടെങ്കിലും പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കുമാത്രം. മാളുകളിലും സ്ഥാപനങ്ങളിലും മുറി വാടകക്കെടുത്ത് കച്ചവടം ചെയ്യുന്നവര്‍ അധികം വൈകാതെ ഉപേക്ഷിച്ചുപോവുകയണ്.
വിനോദിെൻറ മരണം: ഞെട്ടലോടെ വ്യാപാരികൾ
അടിമാലി: ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദ് കടക്കുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടൽ മാറാതെ മേഖലയിലെ വ്യാപാരികൾ. വർഷങ്ങളോളം മറ്റു സംസ്ഥാനങ്ങളിൽ ജോലി നോക്കിയ വിനോദ് ഇരുമ്പുപാലം പടിക്കപ്പ് റോഡിൽ 10 വർഷം മുമ്പാണ് ബേക്കറി തുടങ്ങുന്നത്.
സത്യസന്ധത കൊണ്ടും സൗമ്യമായ ഇടപെടൽ കൊണ്ടും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. 2018ലെ പ്രളയം മുതൽ തുടങ്ങിയ വ്യാപാര മേഖലയിലെ പ്രതിസന്ധി 2020ൽ കോവിഡ് കൂടി പടർന്നതോടെ രൂക്ഷമായി. വിനോദ് അടക്കം പലരും ദുരിതത്തിലായി. ഇതിനിടെയാണ് വിനോദ് വീട് നിർമാണം തുടങ്ങിയത്. പലരിൽനിന്ന് ലക്ഷങ്ങൾ വായ്പ വാങ്ങി വീട് നിർമാണം പൂർത്തിയാക്കി. രണ്ടാം ലോക്ഡൗൺ വ്യാപാരത്തെ സാരമായി ബാധിച്ചേതാടെ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് ഇയാൾ ജീവനൊടുക്കിയത്. സമാന അവസ്ഥയിലൂടെയാണ് മറ്റ് വ്യാപാരികളും കടന്നുപോകുന്നതെന്ന് മർച്ചൻറ്സ് അസോ. ഇരുമ്പുപാലം യൂനിറ്റ് പ്രസിഡൻറ് ടെന്നി തോമസ് പറഞ്ഞു. സർക്കാർ വ്യാപാരികൾക്കായി അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും വ്യാപാരികളുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങളുടെ പേരില്‍ വ്യാപാരികൾക്ക് പീഡനം
കോവിഡ് സുരക്ഷ നിയന്ത്രണങ്ങളുടെ പേരില്‍ വ്യാപാരികളെ മാത്രം പീഡിപ്പിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂനിറ്റ് പ്രസിഡൻറ് പി.എം. ബേബി. രോഗസ്ഥിരീകരണ നിരക്കിെൻറ (ടി.പി.ആർ) പേരില്‍ കടകള്‍ മാത്രം അടച്ചിടണമെന്ന നിബന്ധന ജില്ല ഭരണകൂടവും സര്‍ക്കാറും പുനഃപരിശോധിക്കണം. കൂടുതല്‍ ജനത്തിരക്ക് ഉണ്ടാവുന്ന മദ്യവില്പനശാലകളും പൊതുഗതാഗത സംവിധാനങ്ങളും തുറന്നുകൊടുത്ത് കടകള്‍ മാത്രം അടച്ചിടുന്നതെന്തിനാണെന്ന് അധികൃതര്‍ വ്യക്തമാക്കണം. വാടകയും വൈദ്യുതി ചാര്‍ജും കെട്ടിട നികുതിയും അടക്കാനാവാതെ വ്യാപാരികള്‍ പ്രതിസന്ധിയിലാണ്. ഒന്നര വര്‍ഷത്തിലധികമായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിച്ച വ്യാപാരി സമൂഹത്തിന് ഇനിയും നിയന്ത്രണങ്ങള്‍ താങ്ങാനാവില്ല. വ്യാപാരികളെ കൂടി പരിഗണിക്കുന്ന നയം സര്‍ക്കാര്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാഹനാപകടവും വിനോദിെൻറ ജീവിതതാളം തെറ്റിച്ചു
അടിമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് വീട്ടിൽ ഒരുമാസത്തിലേറെ കഴിയേണ്ടിവന്നതും ജീവനൊടുക്കിയ ഇരുമ്പുപാലത്തെ ബേക്കറിവ്യാപാരി വിനോദിെൻറ ജീവിതതാളം തെറ്റിച്ചതായി മകൻ അഖിൽ. സ്വന്തം വാഹനം ഓടിച്ച് പോകുേമ്പാഴായിരുന്നു അപകടം. ഒരുമാസത്തിലേറെ വീട്ടിൽ വിശ്രമിച്ചു. ഇതിനിടെ കടം പെരുകി. കടയിലെത്തിയാൽ പലരിൽനിന്നായി കടം വാങ്ങിയ പണം തിരികെ നൽകണമെന്ന സമ്മർദം താങ്ങാവുന്നതിലും അപ്പുറമായിരുെന്നന്നും അഖിൽ പറയുന്നു.
സർക്കാർ സ്പോൺസേഡ് കൊലപാതകം–കെ.വി.വി.ഇ.എസ്
തൊടുപുഴ: ഇരുമ്പുപാലത്തിന് സമീപം ബേക്കറിയും ടീ ഷോപ്പും നടത്തിവന്ന വിനോദിെൻറ ആത്മഹത്യ സർക്കാർ സ്പോൺസേഡ് കൊലപാതകമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്). ചെറിയ ബേക്കറികളിലും ചായക്കടകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കാത്തതുമൂലം ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുടെ സാമ്പത്തിക അടിത്തറ തന്നെ തകർന്നു.
ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പിന് വേണ്ടത് സർക്കാർ അടിയന്തരമായി ചെയ്യണമെന്നും വിനോദിെൻറ കുടുംബത്തിന് ധനസഹായം നൽകണമെന്നും സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയും ജില്ല പ്രസിഡൻറ് കെ.എൻ. ദിവാകരനും ആവശ്യപ്പെട്ടു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.