ഇടുക്കിയിലേക്ക് തേയിലക്കൊളുന്ത് കടത്ത്
text_fieldsകട്ടപ്പന: തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നും ജില്ലയിലേക്ക് തേയില പച്ചക്കൊളുന്ത് കടത്ത് വ്യാപകമായി. ഇതോടെ ജില്ലയിൽ കർഷകരുടെ പച്ചക്കൊളുന്തിന് വിലയിടിഞ്ഞു. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഗുണനിലവാരം കുറഞ്ഞ കൊളുന്ത് ജില്ലയിലേക്ക് എത്തിച്ച് വില ഇടിക്കുന്നതിന് പിന്നിൽ ഫാക്ടറി ഉടമകളും ഏജന്റുമാരും തമ്മിലെ കള്ളക്കളിയാണെന്നാണ് ചെറുകിട തേയില കർഷകരുടെ ആരോപണം. ടീ ബോർഡ് നവംബറിൽ പച്ചക്കൊളുന്തിന് പ്രഖ്യാപിച്ചിരിക്കുന്ന തറവില കിലോക്ക് 13.36 രൂപയാണ്. എന്നാൽ, ഏജന്റുമാർ ഈ വില കർഷകർക്ക് നൽകുന്നില്ല. കിലോക്ക് 10 മുതൽ 12 രൂപവരെ മാത്രമാണ് നൽകുന്നത്. ഒക്ടോബറിൽ 12.65 രൂപയായിരുന്നു തറവില.
ടീ ബോർഡ് നിശ്ചയിക്കുന്ന വില കർഷകർക്ക് നൽകാതെ ഫാക്ടറി ഉടമകളും ഏജന്റുമാരും ചേർന്ന് കർഷകരെ പിഴിയുകയാണെന്നാണ് ആക്ഷേപം. തേയില ബോർഡ് ഓരോ മാസവും നിശ്ചയിക്കുന്ന ശരാശരി വിലയ്ക്ക് അനുസൃതമായി വേണം കർഷകർക്ക് കൊളുന്ത് വില നൽകാനെന്നാണ് ബോർസ് നിഷ്കർഷിച്ചിരിക്കുന്നത്. ഗുണനിലവാരവും ഇപ്പോഴത്തെ വിപണി വിലയും അനുസരിച്ച് കുറഞ്ഞത് കിലോക്ക് 25 രൂപ വരെ ലഭിക്കേണ്ട കൊളുന്തിനാണ് ഇത്ര തുച്ഛമായ വില നൽകുന്നത്.
കലക്ടറുടെ അധ്യക്ഷതയിൽ ഫാക്ടറി ഉടമകളും ടീ ബോർഡ് പ്രതിനിധികളും ചേർന്നാണ് ഓരോ മാസവും കൊളുന്തിന്റെ ശരാശരി തറവില നിശ്ചയിക്കുന്നത്. ടീ ബോർഡ് ഡയറക്ടറുടെ നിർദേശപ്രകാരം നടപ്പാക്കിയ തീരുമാനം ഫാക്ടറി ഉടമകളും ഏജന്റുമാരും ചേർന്ന ലോബി അട്ടിമറിക്കുകയാണെന്നാണ് കർഷകരുടെ ആരോപണം. ഇതിനെതിരെ ജില്ലയിലെ 22,000ത്തോളം ചെറുകിട തേയില കർഷകർ സമരത്തിനൊരുങ്ങുകയാണ്. ഈമാസം അവസാനം പീരുമേട് ടീ ബോർഡ് ഓഫിസിന് മുന്നിൽ സമരം നടത്താനാണ് ആലോചന.
പച്ചക്കൊളിന്തിന് ഫാക്ടറികൾ കിലോക്ക് 25 രൂപ വരെ ഏജന്റുമാർക്ക് നൽകുന്നുണ്ടെങ്കിലും ചെറുകിട തേയില കർഷകർക്ക് ഏജന്റുമാർ നൽകുന്നത് ഗുണനിലവാരം അനുസരിച്ച് 10 രൂപ മുതൽ 12 രൂപവരെ മാത്രമാണ്. ഈ കൊള്ളലാഭം പ്രതീക്ഷിച്ചു തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നും ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്ത് ജില്ലയിൽ രഹസ്യമായി എത്തിച്ച് ഇവിടുത്തെ നല്ല കൊളുന്തുമായി ഇടകലർത്തി ഇടുക്കിയിലെ കൊളുന്ത് എന്ന പേരിലാണ് ഫാക്ടറികൾക്ക് നൽകുന്നത്. ഇത് ടീ ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.