ട്രാവലർ മറിഞ്ഞ് പിഞ്ചുകുഞ്ഞിന് ഗുരുതര പരിക്ക്; അവസരോചിത ഇടപെടലുമായി രക്ഷക്കെത്തി ഡോക്ടർമാർ
text_fieldsമുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയില്‍ മുണ്ടക്കയം, മരുതുംമൂട് ജങ്ഷനില്‍ ഉണ്ടായ ടെമ്പോ ട്രാവലര്‍ അപകടത്തില്‍ പരിക്കേറ്റ പിഞ്ചുകുഞ്ഞിന് രക്ഷയായത് ആശുപത്രി അധികൃതരുടെ അവസരോചിത ഇടപെടൽ. എറണാകുളം ഹൈകോടതി ജങ്ഷനില്‍ താമസിക്കുന്ന ഷിബു-റിസ്വാന ദമ്പതികളുടെ ഏക മകള്‍ ഏഴുമാസം പ്രായമുള്ള ഇനായ സഫ്രിനാണ് കഴിഞ്ഞ ദിവസം രാത്രി അപകടത്തില്‍ പരിക്കേറ്റത്.
ഷിബുവും ബന്ധുക്കളും വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോയി മടങ്ങുംവഴി നിയന്ത്രണം വിട്ട ടെമ്പോട്രാവലര്‍ ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. കുഞ്ഞടക്കം 21 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉടന്‍തന്നെ സമീപത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയെത്തിക്കുകയായിരുന്നു.
കുഞ്ഞിെൻറ നില ഗുരുതരമെന്നു തോന്നിയ ഡോ. എ.ജെ. നെല്‍സണ്‍, ഡോ. ഡിറ്റിന് ജോസഫ് എന്നിവര്‍ വിശദ പരിശോധന നടത്തി. ആരോഗ്യ നില തൃപ്തികരമല്ലാതിരുന്നതോടെ വെൻറിലേറ്റര്‍ സൗകര്യങ്ങളോടുകൂടിയ ആല്‍ഫ ഐ.സി.യു ആംബുലന്‍സില്‍ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ തീരുമാനമെടുക്കുകയായിരുന്നു.
ഏഴു മാസം പ്രായമായ കുഞ്ഞ് ആയതിനാലും കുട്ടിക്ക് വെൻറിലേറ്റര്‍ ഉള്‍പ്പെടെ ജീവന് രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ വേണ്ടതിനാലും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ക്ലിനിക്കിലെ പീഡിയാട്രീഷന്‍ ഡോ. ഡിറ്റിന് ജോസഫും രാത്രി കുട്ടിയോടൊപ്പം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കുളള യാത്രയില്‍ പങ്കു ചേര്‍ന്നു.
മുണ്ടക്കയത്തു നിന്ന് കോട്ടയം വരെ ഏകദേശം ഒരു മണിക്കൂറോളം ആംബുലന്‍സില്‍ കുട്ടിക്ക് പരിചരണം നല്കാന് ഡോക്ടറിനും ആംബുലന്‍സ് ജീവനക്കാര്‍ക്കും കഴിഞ്ഞത് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോട്ടയം തെള്ളകത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇനായ സഫ്രിനെ ഞായറാഴ്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെക്ക് മാറ്റി. ആരോഗ്യ നില സാധാരണ നിലയിലെത്തിയതോടെ തിങ്കളാഴ്ച കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.